01:25am 30 April 2026
NEWS
ധർമ്മസ്ഥല അന്വേഷണം: ഗവണ്മെന്റ് പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം കർണാടക നിയമസഭയിൽ
13/08/2025  01:35 PM IST
വിഷ്ണുമംഗലം കുമാർ
ധർമ്മസ്ഥല അന്വേഷണം: ഗവണ്മെന്റ് പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം കർണാടക നിയമസഭയിൽ

ബംഗളുരു: "സുപ്രധാന ആരാധനാലയമായ ധർമ്മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രത്തെ കരിതേച്ചു കാണിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. അന്വേഷണത്തിന്റെ മറവിൽ അപകീർത്തിപ്പെടുത്താനുള്ള കുൽസിത നീക്കമാണുണ്ടാകുന്നത്. എന്താണ് ധർമ്മസ്ഥലയിൽ സംഭവിക്കുന്നത്? അത് വെളിപ്പെടുത്താൻ ഗവണ്മെന്റ് തയ്യാറാകണം" നിയമസഭയിലെ ശൂന്യവേളയിൽ  ആ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് മുൻ സാംസ്‌കാരികമന്ത്രിയും ബിജെപി എംഎൽഎയുമായ വി സുനിൽകുമാർ ആവശ്യപ്പെട്ടു.  

"അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ അതിന്റെ മറപിടിച്ച് സോഷ്യൽ മീഡിയയിൽ എന്തൊക്കെയാണ് പ്രചരിക്കുന്നത്? തികച്ചും അവാസ്തവമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് ഗവണ്മെന്റ് കൂട്ടുനിൽക്കുകയാണോ?. ധർമ്മസ്ഥലയെ കളങ്കപ്പെടുത്തി നശിപ്പിക്കാനാണോ ഗവണ്മെന്റ് ഒരുമ്പെടുന്നത്? ഇതുവരെ എത്രയിടങ്ങളിൽ കുഴിച്ചു? എന്തൊക്കെ കണ്ടെത്തി? ഇനിയും എത്രയിടത്ത് കുഴിക്കാനാണ് ഉദ്ദേശിക്കുന്നത്? ഹിന്ദുമത വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുന്ന വാർത്തകൾ പടച്ചുവിട്ട് പ്രചരിപ്പിക്കുന്നതിന്റെ പിന്നിലെ നിഗൂഢശക്തി ആരാണ്? അതും കൂടി അന്വേഷിക്കേണ്ടതല്ലേ? ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ആരാധിക്കുന്ന ധർമ്മസ്ഥലയെ സംരക്ഷിക്കാൻ ഗവണ്മെന്റ് ബാധ്യസ്ഥരല്ലേ?" സുനിൽകുമാർ ചോദിച്ചു.

ആഭ്യന്തരമന്ത്രി  ഡോക്ടർ ജി പരമേശ്വര പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആർ അശോക് ആവശ്യപ്പെട്ടു. "ആ മേഖലയിൽ നിന്നുള്ള ആളുകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ് ഐ ടി രൂപീകരിച്ച് അന്വേഷണം നടത്തുന്നത്. അന്വേഷണം പൂർത്തിയായി എസ് ഐ ടി യുടെ റിപ്പോർട്ട് ലഭിച്ചാലേ പ്രസ്താവന നടത്താൻ സാധിക്കുകയുള്ളൂ. അന്വേഷണം അനിശ്ചിതമായി നീളില്ല. നൂറിടത്ത് കുഴിച്ച് പരിശോധിക്കാനാവില്ലല്ലോ? വൈകാതെ റിപ്പോർട്ട് കിട്ടും. അതിന്റെ അടിസ്ഥാനത്തിൽ എല്ലാ വിവരങ്ങളും സഭയെ അറിയിക്കാം " ആഭ്യന്തരമന്ത്രി മറുപടി നൽകി. ഇതുവരെ എന്തൊക്കെ ചെയ്തു, എന്തൊക്കെ കണ്ടെത്തി എന്നതിനെ പറ്റി ഒരു ഇടക്കാല റിപ്പോർട്ട് ഉടൻ സഭയിൽ വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 

അജ്ഞാതനായി തുടരുന്ന പരാതിക്കാരൻ മാനസിക തകരാറുള്ള ആളാണെന്ന് ഗവണ്മെന്റ് പ്രഖ്യാപിക്കണമെന്നും ഇതിനകം തന്നെ ധർമ്മസ്ഥലയ്‌ക്ക് അളവില്ലാത്ത പേരുദോഷം അയാൾ ഉണ്ടാക്കിയിട്ടുണ്ടെന്നും സുനിൽകുമാർ വ്യക്തമാക്കി. പതിമൂന്നാമത്തെ ഇടത്തിൽ ഒരു കൂട്ടം മൃതദേഹങ്ങൾ അടക്കം ചെയ്തിട്ടുണ്ടെന്ന് പരാതിക്കാരൻ എസ് ഐ ടി യെ അറിയിച്ചിരുന്നു. ഡ്രോൺ, റഡാർ എന്നിവ ഉപയോഗിച്ച് വിപുലമായ തെരച്ചിൽ നടത്തിയിട്ടും പതിമൂന്നാമിടത്തിൽ നിന്നും ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് എസ് ഐ ടി വൃത്തങ്ങൾ നൽകുന്ന സൂചന. അന്വേഷണം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img