10:39pm 30 April 2026
NEWS
ധർമ്മസ്ഥല സംഭവം: പരാതിക്കാരനെ എസ് ഐടി വിശദമായി ചോദ്യം ചെയ്തു
28/07/2025  11:30 AM IST
വിഷ്ണുമംഗലം കുമാർ
ധർമ്മസ്ഥല സംഭവം: പരാതിക്കാരനെ എസ് ഐടി വിശദമായി ചോദ്യം ചെയ്തു

കർണാടകം: ധർമ്മസ്ഥലയിൽ നൂറിലേറെ മൃതദേഹങ്ങൾ രഹസ്യമായി മറവുചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി സമൂഹത്തെ ഞെട്ടിച്ച ആളെ എസ് ഐ ടി തലവൻ പ്രണബ് മൊഹന്തിയും പ്രധാനസഹായി അനുചേദും വിശദമായി ചോദ്യം ചെയ്തു. ധർമ്മസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയായ അയാൾ പറയുന്നതിൽ വാസ്തവമുണ്ടോ എന്ന് കണ്ടെത്താനാണ് എസ് ഐ ടി ആദ്യം ശ്രമിക്കുന്നത്. ഈ മാസം നാലിനാണ് അയാൾ ധർമ്മസ്ഥല പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. താൻ ക്ഷേത്രത്തിൽ ജോലിചെയ്തിരുന്ന 1995- 2014 കാലയളവിൽ, ലൈംഗികാതി ക്രമത്തിന് വിധേയമായി കൊല്ലപ്പെട്ട സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങളാണ് ഉന്നതരുടെ നിർദ്ദേശപ്രകാരം ക്ഷേത്രപരിസരത്ത് രഹസ്യമായി മറവുചെയ്തതെന്നാണ് അയാൾ പരാതിപ്പെട്ടത്. കോടതിയിലും അയാൾ രഹസ്യമൊഴി നൽകിയിട്ടുണ്ട്. മുഖവും മറ്റു ശരീരഭാഗങ്ങളും പൂർണ്ണമായി മറച്ചുകൊണ്ടാണ് വക്കീൽമാരോടൊപ്പം അയാൾ കോടതിയിലും പോലീസ് സ്റ്റേഷനിലും പ്രത്യക്ഷപ്പെട്ടത്. അതിനയാൾ കോടതിയിൽ നിന്ന് അനുവാദം വാങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അയാൾ ആരാണെന്ന് പൊതുസമൂഹത്തിന് ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. എസ് ഐ ടി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനും അയാളെത്തിയത് മുഖം മറച്ചാണ്. തെളിവിനായി, അവസാനം മറവുചെയ്ത മൃതദേഹത്തിന്റെ തലയോട്ടിയുമായാണ് അയാൾ ആദ്യം പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നത്. അത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൃതദേഹങ്ങൾ എവിടെയൊക്കെയാണ് മറവുചെയ്തത്, ആരുടെയൊക്കെ നിർദ്ദേശപ്രകാരമാണ് മറവുചെയ്തത്, മൃതദേഹങ്ങൾ കുഴിച്ചിടാൻ സഹായിച്ചത് ആരൊക്കെ, ഇത്രയും കാലം അതൊക്കെ പുറത്തുപറയാതിരുന്നത് എന്തുകൊണ്ടാണ്, ഇപ്പോൾ വെളിപ്പെടുത്താൻ കാരണമെന്ത്, ലൈംഗികാതിക്രമത്തിന് വിധേയമായവരുടെ മൃതദേഹങ്ങളാണെന്ന് എങ്ങിനെയാണ് മനസ്സിലാക്കിയത്, ലൈംഗികാതിക്രമം നടക്കുന്നതിന് സാക്ഷിയാകേണ്ടി വന്നിട്ടുണ്ടോ എന്ന് തുടങ്ങിയ നിരവധി ചോദ്യങ്ങൾക്കാണ് എസ് ഐടി പരാതിക്കാരനിൽ നിന്ന് വിശദീകരണം തേടിയത്. ചില ഉത്തരങ്ങളിൽ വൈരുധ്യമുള്ളതായി സൂചനയുണ്ട്. തന്റെ കുടുംബത്തിലെ ഒരു ബാലികയും ലൈംഗികാതിക്രമത്തിന് വിധേയമായതിനെ തുടർന്നാണ് 2014 ഡിസംബറിൽ രായ്ക്കുരാമാനം ആരുമറിയാതെ കുടുംബസമേതം ധർമ്മസ്ഥല വിട്ടതെന്ന് അയാൾ എസ്ഐടിയോട് വെളിപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം മറ്റൊരു സംസ്ഥാനത്താണ് ജീവിക്കുന്നതെന്ന് അയാൾ വ്യക്തമാക്കി. അയാളുടെ കുടുംബത്തിൽ പെട്ടവരെയും ചോദ്യംചെയ്ത ശേഷം മറ്റുകാര്യങ്ങളിലേക്ക് കടക്കാനാണ് എസ്‌ഐ ടി ആലോചിക്കുന്നത്. അക്കാലയളവിൽ ധർമ്മസ്ഥലയിൽ പോലീസ് സ്റ്റേഷൻ ഉണ്ടായിരുന്നില്ല. അനിഷ്ടസംഭവങ്ങൾ നടന്നുവെന്നുപറയുന്ന കാലയളവിൽ ധർമ്മസ്ഥല പരിസരത്തുനിന്ന് കാണാതായവരെ കുറിച്ചുള്ള പരാതികളും ബന്ധുക്കളുടെ മൊഴികളുംഎസ് ഐ ടി ശേഖരിക്കുന്നുണ്ട്. കുഴിച്ചിട്ടിട്ടുണ്ട് എന്നുറപ്പാക്കാനായാൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കാനുള്ള പ്രക്രിയയിലേക്ക് കടക്കും. എല്ലാ ഇടങ്ങളും കാണിച്ചുകൊടുക്കാമെന്ന് പരാതിക്കാരൻ ആവർത്തിച്ചു ഉറപ്പുനൽകിയിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img