
രാജ്യത്തുടനീളം നടുക്കം സൃഷ്‌ടിച്ച സംഭവമാണ് ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണം. ക്ഷേത്രപരിസരത്ത് നൂറിലേറെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതശരീരങ്ങൾ രഹസ്യമായി മറവുചെയ്തിട്ടുണ്ട് എന്നായിരുന്നു വിസിൽ ബ്ലോവറായി രംഗത്തുവന്ന ക്ഷേത്രത്തിലെ ഒരു മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. ആ സ്ത്രീജനങ്ങളെല്ലാം ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്നുള്ള അയാളുടെ പരാമർശമാണ് വിവാദമായത്. സുപ്രീം കോടതിയിലെ മുൻ ജഡ്ജി ഉൾപ്പെടെയുള്ള പ്രമുഖർ അന്വേഷണമാവശ്യപ്പെട്ടതോടെയാണ് സിദ്ധരാമയ്യ ഗവണ്മെന്റ് പ്രതിസന്ധിയിലായത്. ഭക്തജനങ്ങൾക്കിടയിൽ സംശയവും ആശങ്കയും ഉടലെടുക്കുകയും ചെയ്തിരുന്നു. ജൂലൈയിലാണ് വെളിപ്പെടുത്തൽ ഉണ്ടായത്. ആ മാസം തന്നെ ഗവണ്മെന്റ് ഉന്നതതല എസ് ഐ ടി രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ബെൽത്തങ്ങടി കോടതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് എസ് ഐ ടി അന്വേഷണമാരംഭിച്ചു. വിസിൽ ബ്ലോവർ ചൂണ്ടിക്കാട്ടിയ ഇടങ്ങളിൽ കുഴിച്ചു പരിശോധന നടത്തിയിട്ടും സ്ത്രീജനങ്ങളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടുകിട്ടിയില്ല. വിസിൽ ബ്ലോവർ ചിന്നയ്യയെ അറസ്റ്റുചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ആ വെളിപ്പെടുത്തലിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമായത്. ക്ഷേത്രം മാനേജ്മെന്റുമായി അഭിപ്രായ വ്യത്യാസമുള്ള ഏതാനും ആക്റ്റീവിസ്റ്റുകളായിരുന്നു ആ വെളിപ്പെടുത്തലിന് പിന്നിൽ. അവർക്ക് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. അതെന്താണെന്ന് എസ് ഐ ടി പുറത്തുവിട്ടിട്ടില്ല. മഹേഷ് തിമരോടി, ഗിരീഷ് മറ്റനവർ, ജയന്ത് ടി തുടങ്ങി ആറുപേരെ പ്രതികളാക്കി ഒക്ടോബർ മുപ്പതിന് എസ് ഐ ടി ബെൽത്തങ്ങടി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ നിന്ന് ഉത്തരവുണ്ടാകുമെന്ന് സൂചന വന്നിരുന്നെങ്കിലും പ്രഖ്യാപനം രണ്ടുതവണ മാറ്റി. ജനവരി മൂന്നിന് വിധി പുറത്തുവരുമെന്നാണ് കരുതുന്നത്. അപ്പോൾ മാത്രമേ ഗൂഢാലോചനയ്‌ക്ക് പിന്നിലെ യഥാർത്ഥ വസ്തുതകൾ വെളിവാകുകയുള്ളൂ.
Photo Courtesy - Google











