09:09am 27 August 2026
NEWS
ധർമ്മസ്ഥല സംഭവം: ബെൽത്തങ്ങടി കോടതി ഉത്തരവ് ജനവരി മൂന്നിന്
31/12/2025  12:22 PM IST
വിഷ്ണുമംഗലം കുമാർ
ധർമ്മസ്ഥല സംഭവം: ബെൽത്തങ്ങടി കോടതി ഉത്തരവ് ജനവരി മൂന്നിന്

 രാജ്യത്തുടനീളം നടുക്കം സൃഷ്‌ടിച്ച സംഭവമാണ് ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണം. ക്ഷേത്രപരിസരത്ത് നൂറിലേറെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതശരീരങ്ങൾ രഹസ്യമായി മറവുചെയ്തിട്ടുണ്ട് എന്നായിരുന്നു വിസിൽ ബ്ലോവറായി രംഗത്തുവന്ന  ക്ഷേത്രത്തിലെ ഒരു മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. ആ സ്ത്രീജനങ്ങളെല്ലാം ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്നുള്ള അയാളുടെ പരാമർശമാണ് വിവാദമായത്. സുപ്രീം കോടതിയിലെ മുൻ ജഡ്ജി ഉൾപ്പെടെയുള്ള പ്രമുഖർ അന്വേഷണമാവശ്യപ്പെട്ടതോടെയാണ് സിദ്ധരാമയ്യ ഗവണ്മെന്റ് പ്രതിസന്ധിയിലായത്. ഭക്തജനങ്ങൾക്കിടയിൽ സംശയവും ആശങ്കയും ഉടലെടുക്കുകയും ചെയ്തിരുന്നു. ജൂലൈയിലാണ് വെളിപ്പെടുത്തൽ ഉണ്ടായത്. ആ മാസം തന്നെ ഗവണ്മെന്റ് ഉന്നതതല എസ് ഐ ടി രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ബെൽത്തങ്ങടി കോടതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് എസ് ഐ ടി അന്വേഷണമാരംഭിച്ചു. വിസിൽ ബ്ലോവർ ചൂണ്ടിക്കാട്ടിയ ഇടങ്ങളിൽ കുഴിച്ചു പരിശോധന നടത്തിയിട്ടും സ്ത്രീജനങ്ങളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടുകിട്ടിയില്ല. വിസിൽ ബ്ലോവർ ചിന്നയ്യയെ അറസ്റ്റുചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ആ വെളിപ്പെടുത്തലിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമായത്. ക്ഷേത്രം മാനേജ്മെന്റുമായി അഭിപ്രായ വ്യത്യാസമുള്ള ഏതാനും ആക്റ്റീവിസ്റ്റുകളായിരുന്നു ആ വെളിപ്പെടുത്തലിന് പിന്നിൽ. അവർക്ക് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. അതെന്താണെന്ന് എസ് ഐ ടി പുറത്തുവിട്ടിട്ടില്ല. മഹേഷ്‌ തിമരോടി, ഗിരീഷ് മറ്റനവർ, ജയന്ത് ടി തുടങ്ങി ആറുപേരെ പ്രതികളാക്കി ഒക്ടോബർ മുപ്പതിന് എസ് ഐ ടി ബെൽത്തങ്ങടി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ നിന്ന് ഉത്തരവുണ്ടാകുമെന്ന് സൂചന വന്നിരുന്നെങ്കിലും പ്രഖ്യാപനം രണ്ടുതവണ മാറ്റി. ജനവരി മൂന്നിന് വിധി പുറത്തുവരുമെന്നാണ് കരുതുന്നത്. അപ്പോൾ മാത്രമേ ഗൂഢാലോചനയ്‌ക്ക് പിന്നിലെ യഥാർത്ഥ വസ്തുതകൾ വെളിവാകുകയുള്ളൂ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img