
ബംഗളുരു: അനേകായിരം ഭക്തജനങ്ങളെ ആകർഷിക്കുന്ന ധർമ്മസ്ഥല മഞ്ജുനാഥേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്ന ദുരൂഹതകളും സംശയങ്ങളും അവസാനിക്കുന്നില്ല. ലൈംഗികപീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട നൂറിലേറെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ ക്ഷേത്രപരിസരത്ത് രഹസ്യമായി മറവുചെയ്തിട്ടുണ്ടെന്ന് മുൻ ശുചീകരണ തൊഴിലാളി നടത്തിയ വെളിപ്പെടുത്തൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. അതേ തുടർന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നതതല എസ് ഐ ടി രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. 1995- 2014 കാലയളവിൽ ക്ഷേത്രത്തിൽ താത്കാലിക ശുചീകരണക്കാരനായി ജോലി ചെയ്ത ആളാണ് വെളിപ്പെടുത്തൽ നടത്തിയത്. കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മാത്രമല്ല, കേരളം ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നും വടക്കേ ഇന്ത്യയിൽ നിന്നും ധാരാളം ഭക്തജനങ്ങൾ ദർശനത്തിനായി എത്തിച്ചേരുന്ന സുപ്രധാന ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിന്റെ പരിസരത്തു നിന്ന് സ്ത്രീകളെയും പെൺകുട്ടികളെയും കാണാതായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പലതും കേസ്സായിട്ടില്ല. മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന അനന്യ ഭട്ട് കൂട്ടുകാരികളോടൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയപ്പോഴാണ് കാണാതായത്. കൊൽക്കട്ടയിലായിരുന്ന മാതാവ് സുജാത ഭട്ട് വിവരമറിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം മകളെ തെരഞ്ഞ് ധർമ്മസ്ഥലയിലേക്ക് ചെന്നപ്പോൾ അജ്ഞാതർ അവരെ ഭീഷണിപ്പെടുത്തി തിരച്ചയക്കുകയായിരുന്നു. അക്രമണത്തിനും അവർ വിധേയയായി. ലൈംഗിക പീഡനത്തിനിരയായി ആ നാട്ടുകാരിതന്നെയായ സൗജന്യ എന്ന കോളേജ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം ധർമ്മസ്ഥലയെ ഇളക്കിമറിച്ചിരുന്നു. എന്നാൽ സിബി ഐ അന്വേഷിച്ചിട്ടും ആ കേസ്സിലെ കുറ്റവാളികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ആ കാലയളവിൽ ധർമ്മസ്ഥലയിൽ പോലീസ് സ്റ്റേഷൻ പോലും ഉണ്ടായിരുന്നില്ല. എസ് ഐ ടി രൂപീകരിക്കപ്പെട്ടതോടെ ആ കേസുകൾ വീണ്ടും ഉയർന്നുവന്നിട്ടുണ്ട്. മൃതദേഹങ്ങൾ മറവുചെയ്തതായി വെളിപ്പെടുത്തൽ നടത്തിയ ആൾ ചൂണ്ടിക്കാട്ടിയ പതിമൂന്നിടങ്ങളിൽ പന്ത്രണ്ടും എസ് ഐ ടി കുഴിച്ചു പരിശോധിച്ചെങ്കിലും രണ്ടിടങ്ങളിൽ നിന്ന് ഏതാനും അസ്ഥിഭാഗങ്ങൾ മാത്രമെ കിട്ടിയുള്ളൂ. അനാഥശവങ്ങൾ പോസ്റ്റുമോർട്ടം നടത്താതെയും പോലീസ് റിപ്പോർട്ട് ഇല്ലാതെയും തൊട്ടടുത്തുള്ള വനത്തിൽ മറവുചെയ്യുന്ന പതിവ് ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയ ആൾ അടക്കമുള്ള ശുചീകരണ തൊഴിലാളികളാണ് അത് ചെയ്തിരുന്നത്. അതിനാൽ കണ്ടെടുത്ത അസ്ഥിഭാഗങ്ങൾ സ്വാഭാവികമരണം സംഭവിച്ച അനാഥരുടേതാണോ അതല്ല കൊല ചെയ്യപ്പെട്ടവരുടേതാണോ എന്ന് ഫോറൻസിക് പരിശോധന നടത്തി തിരിച്ചറിഞ്ഞാലേ തുടർ നടപടികൾ സ്വീകരിക്കാനാവൂ. 2016 ലാണ് ധർമ്മസ്ഥലയിൽ പോലീസ് സ്റ്റേഷൻ വന്നത്. അതുവരെ ബെൽത്തങ്ങടി പോലീസ് സ്റ്റേഷന്റെ അനുബന്ധമായുള്ള ഔട്ട് പോസ്റ്റാണ് ഇവിടെ ഉണ്ടായിരുന്നത്. 2016 വരെയുള്ള അസ്വഭാവിക മരണങ്ങളെ പറ്റിയുള്ള രേഖകൾ പോലീസ് നശിപ്പിച്ചുകളഞ്ഞതായാണ് പറയപ്പെടുന്നത്. അതേപ്പറ്റി അന്വേഷണം നടക്കുന്നുണ്ട്. മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് കണ്ടതായി അവകാശപ്പെട്ടുകൊണ്ട് നാട്ടുകാരായ ആറുസാക്ഷികൾ മുന്നോട്ട് വന്നിട്ടുണ്ട്. ഏതാനും വർഷം മുമ്പ് ഏതാണ്ട് പതിനാറ് വയസ്സ് തോന്നിച്ചിരുന്ന ഒരു പെൺകുട്ടിയുടെ മൃതദേഹം റോഡരികിൽ കിടന്നത് പോലീസ് എടുത്തുകൊണ്ടുപോകുന്നത് കണ്ടതായി ജയന്ത് എന്നൊരാൾ പരാതി നൽകിയത് അന്വേഷിക്കാൻ ഡിജിപി എസ് ഐ ടിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പതിമൂന്നാമത്തെ ഇടമാണ് ഇന്ന് കുഴിച്ചുപരിശോധിക്കുക. ഇവിടെ ഒന്നിലേറെ ശവങ്ങൾ അടക്കം ചെയ്തിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ നടത്തിയ ആൾ എസ് ഐ ടി യെ അറിയിച്ചിട്ടുള്ളത്. അത് ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങൾ റഡാർ ഉപയോഗിച്ച് പരിശോധിക്കാനും എസ് ഐ ടി ആലോചിക്കുന്നുണ്ട്. ചില യുട്യൂബർമാരും ചാനലുകളും ഊതിവീർപ്പിച്ച റിപ്പോർട്ടുകൾ പ്രചരിപ്പിച്ച് ധർമ്മസ്ഥലയെ കളങ്കപ്പെടുത്തുന്നതിൽ ഭക്തജനങ്ങളും ക്ഷേത്രം ജീവനക്കാരും രോഷാകുലരാണ്. അതിന്റെ പേരിൽ രണ്ടുവിഭാഗം ആളുകൾ ഇന്നലെ ക്ഷേത്ര പരിസരത്തുവെച്ച് പരസ്പരം ഏറ്റുമുട്ടിയിരുന്നു. കൂട്ടത്തല്ലിൽ നാല് യുട്യൂബർമാർക്കും ഒരു ചാനൽ റിപ്പോർട്ടർക്കും പരിക്കുപറ്റി. വൻ പോലീസ് സംഘമെത്തിയാണ് അന്തരീക്ഷം ശാന്തമാക്കിയത്. പതിമൂന്നാമിടത്തിലെ പരിശോധന അതീവ ഉൽക്കണ്ഠയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്.
Photo Courtesy - Google











