12:57am 13 November 2026
NEWS
ധർമ്മസ്ഥല വിവാദം: എസ് ഐ ടി കുറ്റപത്രം സമർപ്പിച്ചു, ആറുപ്രതികൾ
22/11/2025  11:08 AM IST
വിഷ്ണുമംഗലം കുമാർ
ധർമ്മസ്ഥല വിവാദം: എസ് ഐ ടി കുറ്റപത്രം സമർപ്പിച്ചു, ആറുപ്രതികൾ

കർണാടകം: കോളിളക്കം സൃഷ്‌ടിച്ച ധർമ്മസ്ഥലയിലെ കൂട്ട ശവസംസ്കാര ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തിയ എസ് ഐ ടി ബെൽത്തങ്ങടി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. ആഭ്യന്തര സുരക്ഷാ ചുമതലയുള്ള ഡിജിപിയായ എസ് ഐ ടി തലവൻ പ്രണവ് മൊഹന്തിയാണ് 3900 പേജുകൾ വരുന്ന കുറ്റപത്രം  കോടതിയിൽ സമർപ്പിച്ചത്. ഉയർന്ന ആരോപണങ്ങൾക്കും വിവാദങ്ങൾക്കും കടക വിരുദ്ധമായി ആന്റി ക്ലൈമാക്സിലാണ് അന്വേഷണം എത്തിനിൽക്കുന്നത്. മഹേഷ്‌ ഷെട്ടി തിമരോടി, ഗിരീഷ് മറ്റനവർ, ജയന്ത്. ടി, വിറ്റൽ ഗൗഡ എന്നീ ആക്റ്റീവിസ്റ്റുകളും മകളെ കാണാനില്ലെന്ന് വ്യാജ പരാതി നൽകിയ സുജാത ഭട്ടും തെറ്റായ വിവരങ്ങൾ നൽകി പോലീസിനെ കബളിപ്പിച്ച പരാതിക്കാരൻ ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യ എന്നിവർ പ്രതികളാണ്. അറസ്റ്റിലായ ചിന്നയ്യ ജയിലിലാണ്. ഇക്കഴിഞ്ഞ ജൂലൈയിൽ ഒരു തലയോട്ടിയുമായെത്തി ചിന്നയ്യ ധർമ്മസ്ഥല പോലീസിൽ പരാതി നൽകിയതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. വർഷങ്ങൾക്ക് മുമ്പ് താൻ നൂറുകണക്കിന് സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ ക്ഷേത്ര പരിസരത്ത് രഹസ്യമായി അടക്കം ചെയ്തിട്ടുണ്ടെന്നും അവരെല്ലാം ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്നുമായിരുന്നു ചിന്നയ്യയുടെ വെളിപ്പെടുത്തൽ. ക്ഷേത്രം അധികൃതർക്ക് അതിൽ പങ്കുണ്ടെന്ന സൂചനയും അയാൾ നൽകിയിരുന്നു. ആരോപണം ശക്തമായതിനെ തുടർന്നാണ് സിദ്ധരാമയ്യ ഗവണ്മെന്റ് ഉന്നതതല എസ് ഐ ടി രൂപീകരിച്ചത്. കോടതിയിൽ നിന്ന് സാക്ഷി പരിരക്ഷ നേടിയ ചിന്നയ്യ മുഖംമൂടിയും പ്രത്യേക വസ്ത്രവും ധരിച്ച് മാധ്യമങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടത് ഭീതിയുയർത്തിയിരുന്നു. എന്നാൽ അയാൾ ചൂണ്ടിക്കാട്ടിയ പതിനേഴിടങ്ങളിൽ കുഴിച്ചു പരിശോധിച്ചിട്ടും സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹാവശിഷ്ടങ്ങൾ കിട്ടാതിരുന്നത് സംശയമുയർത്തി. കണ്ടുകിട്ടിയ ചില മൃത ദേഹാവശിഷ്ടങ്ങളാവട്ടെ സ്വാഭാവിക മരണം സംഭവിച്ച പുരുഷന്മാരുടേതായിരുന്നു. മറ്റുവിധത്തിൽ ചോദ്യം ചെയ്തപ്പോഴാണ് പരാതി കള്ളമാണെന്നും ആക്റ്റീവ്സ്റ്റുകളുടെ നിർദ്ദേശാനുസരണം താൻ നാടകം കളിച്ചതാണെന്നും ചിന്നയ്യ സമ്മതിച്ചത്. എസ് ഐ ടി അയാളെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. ആക്റ്റീവിസ്റ്റുകളിൽ ചിലർക്ക് ധർമ്മസ്ഥല ക്ഷേത്രം അധികൃതരുമായി ഭൂമിയിടപാടിന്റെ പേരിൽ വിരോധമുണ്ടായിരുന്നു. അതിന് പകരം വീട്ടാൻ അവർ ചിന്നയ്യയെ ഉപയോഗിച്ച് നാടകം ആസൂത്രണം ചെയ്തതാണെന്നാണ് എസ് ഐ ടി യുടെ കണ്ടെത്തൽ. നിയമപരമായ ചില തടസ്സങ്ങളുള്ളതിനാൽ ആക്റ്റീവിസ്റ്റുകളെ അറസ്റ്റ് ചെയ്തിട്ടില്ല. ഏതാനും ഫോറൻസിക് പരിശോധനകളുടെ റിപ്പോർട്ടും മറ്റും കിട്ടാനുണ്ട്. അതോടൊപ്പം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ഗൂഢാലോചനയുടെ വിശദവിവരങ്ങൾ പുറത്തുവരും. ലക്ഷക്കണക്കിന് ഭക്തജനങ്ങളെ ഇരുളിലാക്കിയ അപൂർവ്വ വിവാദത്തിന് പിന്നിലെ രഹസ്യങ്ങളാണ് പുറത്തുവരുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img