
ധർമ്മസ്ഥലയിലെ വിവാദപുരുഷനായ ചിന്നയ്യ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തുന്നതിന് മുമ്പ് ആ പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നെന്ന വിവരം പുറത്തുവന്നു. ഇക്കൊല്ലം മെയ് അഞ്ചിനാണ് അയാൾ റിട്ട് ഹരജി നൽകിയത്. 1995-2014 കാലയളവിൽ ധർമ്മസ്ഥല ക്ഷേത്രപരിസരത്ത് നിരവധി സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയിട്ടുണ്ടെന്നും അതേപറ്റി അന്വേഷിക്കാൻ ഉത്തരവിടണമെന്നുമായിരുന്നു ആവശ്യം. അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ച് പരാതിക്കാരന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ജസ്റ്റിസ്സുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കൊല്ലപ്പെട്ടു എന്നുപറയുന്നവരുടെ ഒരു ബന്ധു പോലും ഇത്രകാലം കഴിഞ്ഞിട്ടും പരാതിയുമായി സമീപിക്കാത്തതിൽ ബെഞ്ച് സംശയം പ്രകടിപ്പിച്ചു. റിട്ട് ഹരജി പൊതു താല്പര്യഹരജിയായി പരിഗണിപ്പിക്കാനുള്ള ശ്രമം പരാതിക്കാരന്റെ ഭാഗത്തുനിന്നുണ്ടായി. ഇത് പൊതു താല്പര്യ ഹരജിയല്ല, പബ്ലിസിറ്റി ഇന്ററസ്റ്റ് ലിറ്റിഗേഷൻ ആണെന്ന് ബെഞ്ച് പരിഹസിച്ചു. പൈസ ഇന്ററസ്‌റ്റോ പ്രൈവറ്റ് ഇന്ററസ്‌റ്റോ പൊളിറ്റിക്കൽ ഇന്ററസ്‌റ്റോ ആവാം. നിയമപരമായ പരിരക്ഷ ദുരുപയോഗപ്പെടുത്തലാണെന്നും ഇത് പരിഗണിക്കുന്നത് വൃഥാവ്യായാമമാണെന്നും നിരീക്ഷിച്ച് ബെഞ്ച് ഹരജി തള്ളുകയായിരുന്നു. എന്നാൽ ഈ വിവരം പുറത്തറിഞ്ഞിരുന്നില്ല. രണ്ടുമാസം കഴിഞ്ഞ് ജൂലായ് മൂന്നിനാണ് ഒരു തലയോട്ടിയുമായി ബെൽത്തങ്ങടി പോലീസ് സ്റ്റേഷനിലും കോടതിയിലുമെത്തി മാസ്ക് മാൻ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തി പരിഭ്രാന്തി സൃഷ്ടിച്ചത്. ചിലരുടെ നിർദ്ദേശപ്രകാരം താൻ വെളിപ്പെടുത്തൽ നടത്തുകയായിരുന്നെന്ന് മാസ്ക് മാൻ പിന്നീട് സമ്മതിക്കുകയായിരുന്നു. എന്നാൽ സുപ്രീം കോടതി ഹരജി തള്ളിയ കാര്യം അയാൾ എസ് ഐ ടിയോട് പറഞ്ഞിരുന്നോ എന്ന് വ്യക്തമല്ല. കേസ്സിൽ പ്രതിയായി ജയിലിൽ കഴിയുന്ന അയാളെ പുതിയ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി കഴിഞ്ഞ ദിവസം ബെൽത്തങ്ങടി കോടതിയിലേക്ക് കൊണ്ടുവന്നിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്ന നാളെ അയാളെ വീണ്ടും ബെൽത്തങ്ങടി കോടതിയിൽ ഹാജരാക്കും.
Photo Courtesy - Google











