04:27pm 27 July 2026
NEWS
ധർമ്മസ്ഥലവിവാദം: ചിന്നയ്യയുടെ രഹസ്യമൊഴി വീണ്ടും; എസ് ഐ ടിയുടെ അന്വേഷണറിപ്പോർട്ട് ഉടൻ
20/09/2025  11:16 AM IST
വിഷ്ണുമംഗലം കുമാർ
ധർമ്മസ്ഥലവിവാദം: ചിന്നയ്യയുടെ രഹസ്യമൊഴി വീണ്ടും; എസ് ഐ ടിയുടെ അന്വേഷണറിപ്പോർട്ട് ഉടൻ

ധർമ്മസ്ഥലയിൽ അന്വേഷണവും തെരച്ചിലും താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് എസ് ഐ ടി. ഇതുവരെ നടത്തിയ അന്വേഷണങ്ങളിലെ കണ്ടെത്തലുകളെ കുറിച്ചുള്ള റിപ്പോർട്ടും മഹസറും തയ്യാറാക്കുന്ന നടപടി ആരംഭിച്ചു. ക്ഷേത്രത്തിലെ മുൻ ശുചീകരണതൊഴിലാളി ഒരു തലയോട്ടിയുമായി ബെൽത്തങ്ങടി പോലീസ് സ്റ്റേഷനിലും കോടതിയിലുമെത്തി പരാതി നൽകിയതിനെ തുടർന്നാണ് ജൂലൈ 25ന് സിദ്ധരാമയ്യ ഗവൺമെന്റ് എസ് ഐ ടി രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട നൂറിലേറെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ ക്ഷേത്രപരിസരത്ത് രഹസ്യമായി മറവു ചെയ്തിട്ടുണ്ടെന്നായിരുന്നു അയാളുടെ വെളിപ്പെടുത്തൽ. ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്ന 1995-2014 കാലയളവിൽ ഭാരവാഹികളുടെ നിർബന്ധത്തിന് വഴങ്ങിയാണ് മൃതദേഹങ്ങൾ മറവുചെയ്തതെന്നായിരുന്നു അയാൾ വ്യക്തമാക്കിയത്. ഭയവും മനസ്സാക്ഷിക്കുത്തും കാരണം ധർമ്മസ്ഥല വിട്ടുപോയ അയാൾ പരാതി നൽകാനാണ് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയത്. ബെൽത്തങ്ങടി കോടതിയിൽ രഹസ്യമൊഴി നൽകിയ അയാൾക്ക് വിസിൽ ബ്ലോവർ പരിരക്ഷ അനുവദിച്ചിരുന്നു. എന്നാൽ അയാൾ ചൂണ്ടിക്കാട്ടിയ നിരവധി ഇടങ്ങൾ അയാളുടെയും വക്കീലന്മാരുടെയും സാന്നിധ്യത്തിൽ കുഴിച്ചു പരിശോധിച്ചെങ്കിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടുകിട്ടിയില്ല. കൊല്ലപ്പെട്ട സ്ത്രീകളിൽ ഒരാളുടേതെന്ന് അവകാശപ്പെട്ട് അയാൾ കൈമാറിയിരുന്ന തലയോട്ടി പുരുഷന്റേതാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയുകയും ചെയ്തു. പിന്നീടാണ് താൻ കള്ളം പറഞ്ഞതാണെന്ന് അയാൾ സമ്മതിച്ചത്. അറസ്റ്റുചെയ്ത് ചോദ്യം ചെയ്തതോടെ അയാൾക്ക്‌ പിന്നിൽ ഒരു ഗൂഡസംഘമുണ്ടെന്ന് സൂചന ലഭിച്ചു. അവരെ കണ്ടെത്തി എസ് ഐ ടി വിശദമായി ചോദ്യം ചെയ്തു. ചിലയിടങ്ങളിൽ റെയ്ഡും തെളിവെടുപ്പും നടത്തി. മഹേഷ്‌ ഷെട്ടി തിമരോടി, ഗിരീഷ് മറ്റനവർ, ജയേഷ് ടി, വിട്ടൽ ഗൗഡ തുടങ്ങിയവരുടെ പേരുകളാണ്, വിസിൽ ബ്ലോവർ പരിരക്ഷ നഷ്ടമായതോടെ മന്ധ്യ സ്വദേശി ചിന്നയ്യ എന്ന് തെളിഞ്ഞ പരാതിക്കാരൻ എസ്ഐടിയോട് വെളിപ്പെടുത്തിയത്.2012 ൽ ധർമ്മസ്ഥലയിൽ നടന്ന സൗജന്യ കൊലക്കേസിന്റെ ആക്ഷൻ കമ്മിറ്റി ഭാരവാഹികളാണ് ചിന്നയ്യയുടെ പിന്നിൽ പ്രവർത്തിച്ചത്. തലയോട്ടി നൽകിയത് വിട്ടൽ ഗൗഡയാണെന്നാണ് ചിന്നയ്യ എസ് ഐ ടിയോട് പറഞ്ഞത്. തലയോട്ടി കുഴിച്ചെടുത്ത ബംഗളെ ഗുഡ്ഡ വനപ്രദേശം വിട്ടൽഗൗഡ എസ് ഐ ടി യ്‌ക്ക് കാട്ടിക്കൊടുത്തിരുന്നു. ആ പരിസരത്തുനിന്നും ഏതാനും അസ്ഥിക്കൂടങ്ങൾ കണ്ടെടുക്കുകയുണ്ടായി. പഞ്ചായത്ത് അധികൃതർ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ മറവുചെയ്ത അനാഥ ശവങ്ങളുടെ അവശിഷ്ടങ്ങളാണ് അതെന്നാണ് കരുതുന്നത്. ധർമ്മസ്ഥലയിലെ സത്രത്തിൽ നടന്ന നാല് അസ്വാഭാവികമരണത്തെ കുറിച്ചും അന്വേഷിക്കണമെന്ന് തിമരോടി എസ് ഐ ടിയ്‌ക്ക് പരാതി നൽകിയിരുന്നു. അതുപോലുള്ള മറ്റുചില പരാതികളും എസ് ഐ ടിയ്‌ക്ക് ലഭിച്ചിരുന്നു. അതൊക്കെ എസ് ഐ ടിയുടെ അന്വേഷണ പരിധിയിൽ വരുമോ എന്ന സംശയം ചില കേന്ദ്രങ്ങൾ ഉയർത്തിയിരുന്നു. ആ സാഹചര്യത്തിൽ എസ് ഐ ടി മേധാവി പ്രണബ് മൊഹന്തി മുഖ്യമന്ത്രിയെ നേരിൽകണ്ട് അന്വേഷണ പുരോഗതി വിശദീകരിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ചിന്നയ്യയ്‌ക്ക് ഈ മാസം 23ന് വീണ്ടും രഹസ്യമൊഴി രേഖപ്പെടുത്താൻ ബെൽത്തങ്ങടി കോടതി അനുമതി നൽകിയിട്ടുണ്ട്. ശിവമോഗ ജയിലിൽ കഴിയുന്ന ചിന്നയ്യയുടെ ജാമ്യഹരജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഈ മാസാവസാനത്തോടെ എസ് ഐ ടി അന്വേഷണ റിപ്പോർട്ട് ഗവണ്മെന്റിന് സമർപ്പിച്ചേക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img