
ഇന്നലെ അറസ്റ്റിലായ ധർമ്മസ്ഥലയിലെ വിവാദപുരുഷനായ പരാതിക്കാരനെ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം എസ്ഐ ടി വീണ്ടും ചോദ്യം ചെയ്തുവരികയാണ്. അയാളുടെ ലക്ഷ്യമെന്ത് പിന്നിലാരാണ് എന്നൊക്കെ കണ്ടെത്താനാണ് എസ് ഐ ടി ശ്രമിക്കുന്നത്. നൂറിലേറെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ ക്ഷേത്രപരിസരത്ത് കുഴിച്ചുമൂടിയിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ മാസം അയാൾ നടത്തിയ വെളിപ്പെടുത്തൽ. അവരൊക്കെയും ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ടതാണെന്ന അയാളുടെ മൊഴിയാണ് വിവാദം അഴിച്ചുവിട്ടത്. ക്ഷേത്രത്തിലെ മുൻ ശുചീകരണ ത്തൊഴിലാളിയായ അയാൾ പതിനൊന്ന് വർഷത്തിന് ശേഷമാണ് പരാതിയുമായി എത്തിയത്. കോടതിയിൽ രഹസ്യമൊഴി നൽകിയ അയാൾ മുഖംമൂടി ധരിച്ചാണ് പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടത്. സമ്മർദം ശക്തമായതിനെ തുടർന്നാണ് ഉന്നതതല എസ് ഐ ടി രൂപീകരിച്ച് ഗവണ്മെന്റ് അന്വേഷണം നടത്തിയത്. അയാൾ ചൂണ്ടിക്കാട്ടിയ പതിനേഴ് ഇടത്ത് കുഴിച്ച് പരിശോധന നടത്തിയിട്ടും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കാൻ സാധിച്ചില്ല. ദിവസങ്ങൾ കൊഴിയവെ അയാളുടെ മൊഴിയിൽ പരസ്പര വൈരുധ്യമുള്ളതായി എസ് ഐ ടി സംശയിച്ചു. അയാളുടെ ആദ്യ ഭാര്യ എസ് ഐ ടി മുമ്പാകെ എത്തി അയാളുടെ സ്വഭാവത്തിലെ ദൂഷ്യങ്ങൾ വിവരിച്ചിരുന്നു. പെരുമാറ്റത്തിൽ പൊരുത്തക്കേട് പ്രകടമായതിനെ തുടർന്നാണ് എസ് ഐ ടി അയാളെ അറസ്റ്റ് ചെയ്തത്. അയാളുടെ പേരുവിവരം ഇതുവരെയും പരസ്യപ്പെടുത്തിയിട്ടില്ല.
Photo Courtesy - Google











