
ധർമ്മസ്ഥല ഗൂഢാലോചനയുമായി ബന്ധപ്പെട്ട് എസ് ഐ ടി കൂടുതൽ തെളിവുകൾ ശേഖരിക്കുന്നു. മാസ്ക് മാനെ കഴിഞ്ഞ ദിവസം ബംഗളുരുവിലേക്ക് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. മഹേഷ് ഷെട്ടി തിമരോടിയുടെ അടുത്ത സുഹൃത്തും ഗൂഢാലോചനയിൽ പങ്കാളിയെന്ന് സംശയിക്കുന്ന ആളുമാണ് ജയന്ത് ടി. മലയാളിയായ ഇയാൾക്ക് ബംഗളുരുവിൽ ബിസിനസ്സുണ്ട്. ഇയാളുടെ മല്ലസാന്ദ്രയിലെ വീട്ടിലേക്കാണ് മാസ്ക് മാനെ ആദ്യം തെളിവെടുപ്പിനായി എത്തിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ഏതാനും ദിവസം മാസ്ക്മാൻ ഈ വീട്ടിൽ താമസിച്ചിട്ടുണ്ട്. ബംഗളുരുവിൽ താമസിക്കുമ്പോഴാണ് തലയോട്ടി അയാൾക്ക് നൽകിയതെന്നാണ് സൂചന. ജയന്ത് മാസ്ക് മാനെ ഡൽഹിയിലേക്ക് കൂട്ടിക്കൊണ്ടുപോയത് ബംഗളുരുവിൽ നിന്നാണ്. സുപ്രീംകോടതിയിലെ അഭിഭാഷകനെ കാണാനാണ് പോയതെന്നാണ് ജയന്ത് മൊഴി നൽകിയത്. മല്ലസാന്ദ്രയിലെ വീട്ടിലെ തെളിവെടുപ്പ് മണിക്കൂറുകളോളം നീണ്ടു. പല തെളിവുകളും എസ് ഐ ടി ഇവിടെനിന്ന് ശേഖരിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും എസ് ഐ ടി സംഘത്തോടൊപ്പമുണ്ടായിരുന്നു. വിദ്യാരണ്യപുരയിലെ ഒരു സർവ്വീസ് അപ്പാർട്ട്മെന്റിലും തെളിവെടുപ്പ് നടന്നു. തിമരോടി, ഗിരീഷ് മറ്റനവർ, ജയന്ത് എന്നിവർ ഇവിടെ താമസിച്ച് കൂടിയാലോചന നടത്തിയതായി എസ് ഐ ടി കണ്ടെത്തിയിരുന്നു. മകളെ കാണാനില്ലെന്ന് പരാതിപ്പെട്ട സുജാത ഭട്ടും ഒപ്പമുണ്ടായിരുന്നതായി സൂചനയുണ്ട്. ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട് നടന്നതായി സംശയിക്കുന്ന ഗൂഢാലോചനകളിൽ ജയന്ത് പ്രധാന കണ്ണിയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. ബംഗളുരുവിൽ നിന്ന് സുപ്രധാന വിവരങ്ങൾ പലതും ശേഖരിച്ചാണ് എസ് ഐ ടി സംഘം ബെൽത്തങ്ങടിയിലേക്ക് മടങ്ങിയത്. ധർമ്മസ്ഥല ഗൂഡലോചനയ്ക്ക് വിദേശധനസഹായം ലഭിച്ചിട്ടുണ്ടെന്നും അതേപറ്റി കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ജെഡിഎസ്സ് നേതാവ് നിഖിൽ കുമാരസ്വാമി ആവശ്യപ്പെട്ടു. ജെഡിഎസ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സത്യയാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഇന്ന് ധർമ്മസ്ഥല ചലോ റാലി സംഘടിപ്പിക്കുന്നുണ്ട്.
Photo Courtesy - Google











