
കർണാടകത്തിലെ പ്രമുഖ ആരാധനാലയമായ ധർമ്മസ്ഥല ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താനും സമുദായിക സൗഹാർദ്ദം തകർക്കാനുമായി തല്പരകക്ഷികൾക്ക് വിദേശ ധനസഹായം ലഭിച്ചിട്ടുണ്ടെന്ന ആരോപണം ശക്തിപ്പെടുകയാണ്. അതുമായി ബന്ധപ്പെട്ട് ഇ ഡി പ്രാഥമിക അന്വേഷണം ആരംഭിച്ചു. നൂറുകണക്കിന് ശവങ്ങൾ കുഴിച്ചുമൂടിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിനെ തുടർന്ന് ആരംഭിച്ച എസ് ഐ ടി അന്വേഷണം അതിന്റെ പിന്നിലുള്ള ഗൂഡലോചനയിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്. വെളിപ്പെടുത്തൽ നടത്തിയ മാസ്ക് മാൻ ചൂണ്ടിക്കാട്ടിയ പതിനേഴിടത്ത് കുഴിച്ചുപരിശോധിച്ചിട്ടും മൃതദേഹാവശിഷ്ടങ്ങളോ മറ്റുതെളിവുകളോ കണ്ടുകിട്ടിയിരുന്നില്ല. പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വെളിപ്പെടുത്തൽ കളവാണെന്നും താൻ മറ്റുചിലരുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുകയായിരുന്നെന്നും മാസ്ക് മാൻ സമ്മതിച്ചത്. തുടർന്നാണ് എസ് ഐ ടി അന്വേഷണം ഗൂഢാലോചനയിലേക്ക് വഴിമാറിയത്. ഗൂഡലോചനയിൽ പങ്കാളിയായവർക്ക് വിദേശ ധന സഹായം ലഭിച്ചിട്ടുണ്ടെന്ന് ബിജെപിയും ജെഡിഎസ്സും ആരോപിച്ചിരുന്നു. കളങ്കിത പ്രതിഛായയുള്ള ഒരു എൻജിഒ യ്‌ക്ക് ഗൂഡാലോചനയിൽ പങ്കുണ്ടെന്ന സംശയവും ബലപ്പെടുന്നുണ്ട്. ഈ എൻജിഒ വഴി വിദേശഫണ്ട് വന്നിട്ടുണ്ടോ എന്നാണ് ഇ ഡി അന്വേഷിക്കുന്നത്.അതുപോലെ മലയാളിയായ അബ്ദുൾ മനാഫും നിരീക്ഷണത്തിലാണ്. ധർമ്മസ്ഥലയിൽ അന്യായം നടന്നിട്ടുണ്ടെന്ന പ്രതീതി ജനിപ്പിക്കുന്ന ഏതാനും വിഡിയോകൾ മനാഫ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. ഷിരൂരിൽ കാണാതായ അർജുനനെ തെരയുന്നതുമായി ബന്ധപ്പെട്ട് മാധ്യമശ്രദ്ധ നേടിയ ആളാണ് മനാഫ്. ജന്മംകൊണ്ട് മലയാളിയാണെങ്കിലും വളർന്നത് കർണാടകത്തിലാണെന്നും തന്റെ പിതാവ് രാഷ്ട്രീയ നേതാവാണെന്നും മനാഫ് പറഞ്ഞിരുന്നു. 2018 ൽ ധർമ്മസ്ഥലയ്‌ക്ക് സമീപമുണ്ടായ ഒരു വാഹനാപകടത്തിൽ മരണമടഞ്ഞ ജോയ് എന്നയാളുടെ മകനോടൊപ്പം പ്രത്യക്ഷപ്പെട്ട മനാഫ് ആ അപകടത്തിന് പിന്നിൽ ദുരൂഹത ആരോപിച്ചിരുന്നു. ഇ ഡി അന്വേഷണത്തെ കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നാണ് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പ്രതികരിച്ചത്.
Photo Courtesy - Google











