01:31am 11 November 2026
NEWS
ധർമ്മസ്ഥലയും മൈസൂരു ദസറയും: കോൺഗ്രസ്സ് ഗവണ്മെന്റിനെ പ്രതിരോധത്തിലാക്കാൻ ബിജെപി
29/08/2025  11:19 AM IST
വിഷ്ണുമംഗലം കുമാർ
ധർമ്മസ്ഥലയും മൈസൂരു ദസറയും: കോൺഗ്രസ്സ് ഗവണ്മെന്റിനെ പ്രതിരോധത്തിലാക്കാൻ ബിജെപി

ബംഗളുരു: കർണാടകത്തിലെ സിദ്ധരാമയ്യ ഗവണ്മെന്റിനെ പ്രതിരോധത്തിലാക്കാൻ സകല വഴികളും തേടുകയാണ് പ്രധാന പ്രതിപക്ഷമായ ബിജെപി. ധർമ്മസ്ഥല ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താനുള്ള ഒരു ഗൂഡസംഘത്തിന്റെ നീക്കത്തിന് ഗവണ്മെന്റ് കൂട്ടുനിന്നെന്ന് ബിജെപി ആരോപിക്കുന്നു. മൈസൂരു ദസറ ഉത്ഘാടനം ചെയ്യാൻ ബുക്കർ പുരസ്‌കാര ജേതാവായ ഭാനു മുഷ്താഖിനെ ക്ഷണിച്ച നടപടിയെ ബിജെപി വിമർശിക്കുന്നു. കന്നഡ ഭാഷാദേവതയായ ഭൂവനേശ്വരിയെ ആരാധിക്കുന്നതിനെതിരെ  ഭാനു മുഷ്താഖ് രണ്ടുവർഷം മുമ്പ് പ്രസംഗിച്ചിരുന്നു. അത് ചൂണ്ടിക്കാട്ടിയാണ് ബിജെപി വിമർശനം അഴിച്ചുവിടുന്നത്. ആ പ്രസംഗത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നതിന്റെ പിന്നിൽ ബിജെപിയും സംഘ പരിവാറുമാണ്. ഹിന്ദുമത വിശ്വാസികളുടെ വികാരം വൃണപ്പെടുത്തി ന്യൂനപക്ഷ വിഭാഗത്തെ പരിധിവിട്ട് പ്രീണിപ്പിക്കുന്ന നയമാണ് കോൺഗ്രസ്സ് ഗവണ്മെന്റ് പിന്തുടരുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. ധർമ്മസ്ഥല വിഷയം ഗവണ്മെന്റ് കൈകാര്യം ചെയ്തത് ശരിയല്ലെന്ന് കരുതുന്ന ഒരു വിഭാഗം കോൺഗ്രസ്സിൽ തന്നെയുണ്ട്. ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രസ്താവന ബിജെപി ആയുധമാക്കുന്നുണ്ട്. ധർമ്മസ്ഥലയും ദസറയും വിവാദമാക്കി ഹൈന്ദവവികാരം ആളിക്കത്തിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് ഗവണ്മെന്റിനറിയാം. എന്നാൽ അഹിന്ദ നിലപാടുകൊണ്ട് അതിനെ ഫലപ്രദമായി നേരിടാനാവുന്നില്ലെന്നത് വസ്തുതയാണ്. ധർമ്മസ്ഥലയിൽ അനേകം സ്ത്രീകളുടെ മൃതദേഹങ്ങൾ കുഴിച്ചുമൂടിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയ മാസ്ക്മാൻ ഇപ്പോൾ എസ് ഐ ടിയുടെ കസ്റ്റഡിയിലാണ്. കള്ളസാക്ഷ്യത്തിന് അയാളുടെ പേരിൽ കേസ്സുണ്ട്. തലയോട്ടി കൈയിൽ സൂക്ഷിച്ചതിനും മറ്റുമുള്ള കേസ്സുകൾ വേറെയുമുണ്ട്. ചിലർ നടത്തിയ ഗൂഢാലോചനയിൽ താൻ പെട്ടുപോയതാണെന്ന് സമ്മതിച്ച് അയാൾ നടത്തിയ പുതിയ വെളിപ്പെടുത്തലുകളെ കുറിച്ചാണ് ഇപ്പോൾ എസ് ഐ ടി അന്വേഷിക്കുന്നത്. സപ്റ്റംബർ ഒന്നിന് ബിജെപി ധർമ്മസ്ഥലയിൽ കൂറ്റൻ റാലി സംഘടിപ്പിക്കുന്നുണ്ട്. സിദ്ധരാമയ്യ ഗവണ്മെന്റിന്റെ ഹിന്ദുവിരുദ്ധ നിലപാട് തുറന്നുകാട്ടുകയാണ് ലക്ഷ്യമെന്ന് നേതാക്കൾ പറഞ്ഞു. ഭാനു മുഷ്താഖിനെതിരായ പ്രചരണവും ശക്തിപ്പെടുന്നുണ്ട്. എൻ ഡി എ യിൽ അംഗമായ ജെഡിഎസ്സ് മറ്റെന്നാൾ ധർമ്മസ്ഥലയിലേക്ക് സത്യയാത്ര നടത്തുന്നുണ്ട്. ഹാസനിൽ നിന്നാണ് യാത്ര ആരംഭിക്കുക. ധർമ്മസ്ഥല വിവാദത്തിന്റെ പശ്ചാത്തലത്തിൽ തന്ത്രപരമായ നീക്കങ്ങളിലൂടെ ബിജെപിയും ജെഡിഎസ്സും കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ടെന്നും ജനാഭിപ്രായത്തിൽ മുൻകൈ നേടിയിട്ടുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img