കൊച്ചി : നൃത്തത്തിൽ സ്ത്രീ പുരുഷ വ്യത്യാസമില്ലായെന്നുംഅറുപത്തിരണ്ടു വയസുകഴിഞ്ഞു താനും ധരണിയിൽ നൃത്തം പഠിക്കാൻ വരുമെന്നും കേരള ഹൈക്കോടതി ജഡ്‌ജ്, ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. ചാവറ കൾച്ചറൽ സെന്ററിൽ ധരണി സൊസൈറ്റിയുടെ 25-ാം വാർഷികത്തിൻ്റെ ഭാഗമായി നടക്കുന്ന ധരണിയും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് ജനുവരി 9 മുതൽ 12 വരെ നടത്തുന്ന ധരണികലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ . അഡ്വ. സുമതി ദണ്ഡപാണി, ധരണി സൊസൈറ്റി പ്രസിഡൻറ് സൂസി വർഗീസ്,ധരണി സൊസൈറ്റി ചെയർപേഴ്സൺ ശ്യാമള സുരേന്ദ്രൻ,ചാവറ കൾച്ചറൽ സെൻ്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്,സി.എം.ഐ., അഖില,അഡ്വ. പൂജ സുനിൽ എന്നിവർ സംസാരിച്ചു. ഈ മാസം 12വരെ എല്ലാദിവസവും വൈകിട്ട് 6 30ന് വൈവിധ്യമുള്ള കലാവിഷ്കാരങ്ങൾ നടക്കും. പ്രവേശനം സൗജന്യം. ഉദ്ഘാടന ദിനത്തിൽ ഗാന്ധിജിയുടെ ജീവിതത്തെയും ദർശനത്തെയും ആസ്പദമാക്കി സത്യജിത് സി.പിയും ഭാരത കലാഞ്ജലി സംഘവും ഒരുക്കിയ നൃത്താവിഷ്കാരമാണ് നടന്നത്. ജനുവരി 10 ന് ആത്മീയതയും നൃത്തവും സമഞ്ജസിപ്പിക്കുന്ന കലാവിഷ്കാരം ഫാ. സാജു ജോർജ് എസ്. ജെയും സംഘവും അവതരിപ്പിക്കും.11ന് വള്ളത്തോളിൻ്റെ മഗ്ദലനമറിയത്തെ ആസ്പദമാക്കിയ അഞ്ജന ആനന്ദിൻ്റെ നൃത്തം നടക്കും. 12 ന് ഷഫീഖ് ദീനും ഷബാനയും ചേർന്ന് നൃത്തം അവതരിപ്പിക്കും.







