06:24am 02 May 2026
NEWS
വീണ്ടും ഒന്നിക്കുന്ന ധനുഷും, മാരി സെൽവരാജും...
10/04/2025  03:26 PM IST
News Dusk
വീണ്ടും ഒന്നിക്കുന്ന ധനുഷും, മാരി സെൽവരാജും...

തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ ധനുഷ് അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രങ്ങൾ 'ഇഡലി കടൈ', 'കുബേര', ഹിന്ദിയിൽ ഒരുങ്ങുന്ന  'തേരെ ഇസ്‌ക് മേൻ' എന്നിവയാണ്. ഇവയ്ക്ക് പുറമേ,  'അമരൻ' എന്ന ചിത്രം സംവിധാനം ചെയ്ത രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലും ധനുഷ് അഭിനയിക്കാനിരിക്കുകയാണ്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈയിടെ പുറത്തുവരികയുണ്ടായി. എന്നാൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇനിയും തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ആരും പ്രതീക്ഷിക്കാത്ത തരത്തിൽ ധനുഷ് നായകനാകുന്ന മറ്റൊരു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. ധനുഷിനെ നായകനാക്കി 'കർണൻ' എന്ന ചിത്രം സംവിധാനം ചെയ്ത മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ഒരു സിനിമയിലും ധനുഷ് അഭിനയിക്കുന്നു എന്നുള്ളതാണ് ആ പ്രഖ്യാപനം. ഇത് ധനുഷ് അഭിനയിക്കുന്ന  56-ാമത്തെ സിനിമയാണ്. തമിഴ് സിനിമയിലെ വമ്പൻ ബാനറുകളിലൊന്നായ 'വേൽസ് ഫിലിംസാ'ണ് ഈ ചിത്രം നിർമ്മിക്കുന്നത്.     
  ധനുഷും, സംവിധായകൻ മാരി സെൽവരാജും ആദ്യമായി ഒന്നിച്ച 'കർണൻ' എന്ന ചിത്രം സൂപ്പർഹിറ്റായിരുന്നു. ഈ ചിത്രം റിലീസായി 4 വർഷം തികയുന്ന സാഹചര്യത്തിലാണ് രണ്ടു പേരും വീണ്ടും ഒന്നിക്കുന്നതായുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. ചരിത്ര കഥയുടെ പശ്ചാത്തലത്തിൽ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങാനിരിക്കുന്ന ഈ ചിത്രം കുറിച്ചുള്ള മറ്റുള്ള വിവരങ്ങൾ അടുത്ത് തന്നെ പുറത്തുവരുമെന്നാണ് പറയപ്പെടുന്നത്. മാരി സെൽവരാജ് ഇപ്പോൾ സംവിധാനം ചെയ്തു വരുന്ന ചിത്രം  'ബൈസൺ' ആണ്. ഇതിൽ നായകനായി അഭിനയിക്കുന്നത് നടൻ 'ചിയാൻ' വിക്രമിന്റെ മകൻ ധ്രുവ് വിക്രമാണ്. ഈ ചിത്രം അടുത്തുതന്നെ റിലീസാകുമെന്നാണ് റിപ്പോർട്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img