09:22pm 26 November 2026
NEWS
ധൻരാജ് വധക്കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ്; 15 ലക്ഷം രൂപ പിഴ
25/11/2026  11:34 AM IST
nila
ധൻരാജ് വധക്കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ്; 15 ലക്ഷം രൂപ പിഴ

 

കണ്ണൂർ: സിപിഎം പ്രവർത്തകൻ ധൻരാജിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്ന് പ്രതികളും ചേർന്ന് 15 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുക ധൻരാജിന്റെ കുടുംബത്തിന് കൈമാറും.

കേസിലെ ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവരാണ് കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയത്. രണ്ടാം പ്രതിയും മൂന്നാം പ്രതിയും സഹോദരങ്ങളാണ്. കേസിലെ നാല് മുതൽ 20 വരെയുള്ള പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വെറുതെ വിട്ടിരുന്നു.

കൊലപാതകത്തിന് ജീവപര്യന്തം കഠിനതടവാണ് മൂന്ന് പേർക്കും വിധിച്ചിരിക്കുന്നത്. ആയുധം ഉപയോഗിച്ച് ആക്രമിച്ചതിന് നാലുവർഷം തടവും വീട്ടിൽ അതിക്രമിച്ചു കയറിയതിന് മൂന്നുമാസം തടവും ശിക്ഷയുണ്ട്. ധൻരാജിന്റെ അമ്മയെ ആക്രമിച്ചതിന് ഒരുവർഷവും ഭാര്യയെയും അമ്മയെയും തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതിന് ഒരുമാസവും തടവുശിക്ഷ വിധിച്ചു. അഞ്ചുവർഷവും നാലുമാസവും തടവുശിക്ഷ അനുഭവിച്ച ശേഷമായിരിക്കും ജീവപര്യന്തം ശിക്ഷ ആരംഭിക്കുക.

കേസിലെ ഒന്നാം സാക്ഷി പ്രജീഷിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന വിലയിരുത്തലിലാണ് മറ്റ് പ്രതികളെ കോടതി വെറുതെവിട്ടത്. പ്രജീഷ് സജീവ സിപിഎം പ്രവർത്തകനാണെന്നും പാർട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. മറ്റ് സാക്ഷികളുടെ മൊഴികളുമായി പ്രജീഷിന്റെ മൊഴിക്ക് പൊരുത്തക്കേടുകളുണ്ടെന്ന വാദവും കോടതി അംഗീകരിച്ചു.

അതേസമയം, കൊല്ലപ്പെട്ട ധൻരാജിന്റെ അമ്മ നൽകിയ സാക്ഷിമൊഴി കോടതി പൂർണമായും വിശ്വാസത്തിലെടുത്തു. പ്രതികളിൽ ചിലരെ തിരിച്ചറിയാൻ അമ്മയ്ക്ക് കഴിഞ്ഞിരുന്നില്ലെങ്കിലും സംഭവസമയത്തെ മാനസികാവസ്ഥ പരിഗണിക്കുമ്പോൾ അത് സ്വാഭാവികമാണെന്ന് കോടതി നിരീക്ഷിച്ചു.

കൊലപാതകത്തിന്റെ ഉദ്ദേശ്യം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും മാധ്യമവാർത്തകളിലൂടെയാണ് സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി തള്ളി. വീട്ടിലെ വൈദ്യുത വെളിച്ചത്തിലാണ് സാക്ഷികൾ പ്രതികളെ കണ്ടതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കൊലപാതകം ക്രൂരമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചെങ്കിലും അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ചിട്ടില്ല. വിധിയിൽ സമ്പൂർണ തൃപ്തിയുണ്ടെന്ന് പ്രോസിക്യൂട്ടർ ശ്രീധരൻ പ്രതികരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img