03:38pm 23 November 2026
NEWS
ധനരാജ് കൊലക്കേസ്: ബിജെപി–ആർഎസ്എസ് പ്രവർത്തകരായ 3 പേർ കുറ്റക്കാർ; 17 പേരെ വെറുതെവിട്ടു


23/11/2026  12:28 PM IST
nila
ധനരാജ് കൊലക്കേസ്: ബിജെപി–ആർഎസ്എസ് പ്രവർത്തകരായ 3 പേർ കുറ്റക്കാർ; 17 പേരെ വെറുതെവിട്ടു

കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി.ധനരാജ് കൊലക്കേസിൽ ബിജെപി–ആർഎസ്എസ് പ്രവർത്തകരായ മൂന്ന് പേർ കുറ്റക്കാരെന്ന് തളിപ്പറമ്പ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി. ഒന്നാം പ്രതി ടി.പി.ബിജു, രണ്ടാം പ്രതി എം.വിപിൻ, മൂന്നാം പ്രതി എം.വൈശാഖ് എന്നിവർക്കെതിരെയുള്ള കൊലക്കുറ്റം തെളിഞ്ഞു. കേസിലെ 4 മുതൽ 20 വരെയുള്ള പ്രതികളെ കോടതി വെറുതെവിട്ടു. കുറ്റക്കാരുടെ ശിക്ഷ ഈ മാസം 25ന് പ്രഖ്യാപിക്കും.

തളിപ്പറമ്പ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്താണ് വിധി പ്രസ്താവിച്ചത്. ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമല്ലാത്തതിനാലാണ് മറ്റു പ്രതികളെ കുറ്റവിമുക്തരാക്കുന്നതെന്ന് കോടതി വ്യക്തമാക്കി. കൊലയ്ക്കു പിന്നിലെ കാരണം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ഗൂഢാലോചന സംബന്ധിച്ച തെളിവുകൾ ഹാജരാക്കാനായില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിലെ ഒരു പ്രതി നേരത്തേ കൊല്ലപ്പെട്ടിരുന്നു.

വീട്ടുമുറ്റത്ത് ഭാര്യയുടെയും അമ്മയുടെയും മുന്നിൽ ആക്രമണം

2016 ജൂലൈ 11ന് രാത്രി ഒൻപതേകാലോടെയാണ് ധനരാജ് കൊല്ലപ്പെട്ടത്. സിപിഎം ഏഴിമല മുൻ ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായിരുന്ന ധനരാജ്, രാമന്തളി കുന്നരു കാരന്താട്ടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. ബൈക്കുകളിൽ പിന്തുടർന്നെത്തിയ ബിജെപി–ആർഎസ്എസ് സംഘമാണ് വീട്ടുമുറ്റത്ത് വച്ച് വെട്ടിയും കുത്തിയും ആക്രമിച്ചതെന്നാണ് കേസ്.

ആക്രമണസമയത്ത് ധനരാജിന്റെ അമ്മ സി.വി.മാധവിയും ഭാര്യ എൻ.വി.സജിനിയും സ്ഥലത്തുണ്ടായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസി പ്രജീഷാണ് കേസിലെ പരാതിക്കാരനും ഒന്നാം സാക്ഷിയും. ഗുരുതരമായി പരുക്കേറ്റ ധനരാജിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.

43 സാക്ഷികളെ വിസ്തരിച്ചു

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ 2025 സെപ്റ്റംബർ 25നാണ് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്. കേസിൽ 43 സാക്ഷികളെ വിസ്തരിച്ച കോടതി 177 രേഖകളും 33 മെറ്റീരിയൽ തെളിവുകളും പരിശോധിച്ചു.

കേസിലെ അന്വേഷണത്തിലും പ്രോസിക്യൂഷൻ നടപടികളിലും വീഴ്ചയുണ്ടായെന്ന വിമർശനം വിധിക്കു പിന്നാലെ ഉയരുന്നുണ്ട്. ധനരാജ് വധവുമായി ബന്ധപ്പെട്ട രക്തസാക്ഷി ഫണ്ടിൽ ക്രമക്കേട് നടന്നെന്ന സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി.കുഞ്ഞികൃഷ്ണന്റെ ആരോപണമാണ് കേസ് വീണ്ടും രാഷ്ട്രീയ ചർച്ചകളിലേക്ക് എത്തിച്ചത്. പാർട്ടി വിട്ട കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ സിപിഎമ്മിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img