05:09am 12 November 2026
NEWS
പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോ​ഗസ്ഥർ ആക്രമിക്കപ്പെട്ടത് കേരള പൊലീസിന് വൻ നാണക്കേട്; ആഭ്യന്തരമന്ത്രിയുടെ വീട്ടിലെത്തി വിശദീകരണം നൽകി ഡിജിപി
28/05/2026  11:25 AM IST
NILA
പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോ​ഗസ്ഥർ ആക്രമിക്കപ്പെട്ടത് കേരള പൊലീസിന് വൻ നാണക്കേട്; ആഭ്യന്തരമന്ത്രിയുടെ വീട്ടിലെത്തി വിശദീകരണം നൽകി ഡിജിപി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന ഇഡി റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽകണ്ട് വിശദീകരണം നൽകി. ഇന്ന് രാവിലെ മന്ത്രിയുടെ വസതിയിലെത്തിയാണ് ഡിജിപി കൂടിക്കാഴ്ച നടത്തിയത്. ഇന്റലിജൻസ് ഐജി പി. വിജയനും മുൻ ഡിജിപി ഹേമചന്ദ്രനും യോഗത്തിൽ പങ്കെടുത്തു.

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം ആഭ്യന്തര വകുപ്പിന് വലിയ തിരിച്ചടിയായെന്നാണ് സർക്കാർ വിലയിരുത്തുന്നത്. സംഭവത്തെ തുടർന്ന് കേന്ദ്ര സർക്കാറും ഗവർണറും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിന് മറുപടി നൽകേണ്ട ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനുണ്ടെന്നും വിലയിരുത്തുന്നു. പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ ഇന്നത്തെ ചർച്ചയിൽ പ്രധാന വിഷയമായി. പൊലീസിൽ പുനഃസംഘടന വേണമോയെന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയ ശേഷം തുടർനടപടികളിൽ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

സംഭവത്തിൽ ഇന്നലെ തന്നെ ആഭ്യന്തര മന്ത്രിയും ഡിജിപിയും ഫോണിൽ ദീർഘനേരം ആശയവിനിമയം നടത്തിയിരുന്നു. പൊലീസിന്റെ ഭാഗത്ത് ജാഗ്രതക്കുറവ് ഉണ്ടായെന്ന വിലയിരുത്തൽ ആഭ്യന്തര മന്ത്രിക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, തിരുവനന്തപുരത്തെ ഇഡി പരിശോധനയെക്കുറിച്ച് പൊലീസിനോ ആഭ്യന്തര വകുപ്പിനോ മുൻകൂർ വിവരം ലഭിച്ചിരുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇഡി സംഘത്തിന് നേരെയുണ്ടായത് ആസൂത്രിത ആക്രമണമാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആളുകൾ തടിച്ചുകൂടിയ സാഹചര്യത്തിൽ ക്രമസമാധാനം നിലനിർത്താൻ പൊലീസ് സമയോചിതമായി ഇടപെട്ടുവെന്നും പൊലീസിന് നേരെ കുറ്റപ്പെടുത്തൽ വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുൻകൂട്ടി വിവരം ലഭിച്ചിരുന്നുവെങ്കിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കാനായേനെയെന്നും അദ്ദേഹം പറഞ്ഞു. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും സമാധാനപരമായ പ്രതിഷേധങ്ങൾക്ക് എതിരല്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img