06:46am 10 November 2026
NEWS
കേരളത്തിലെ പുതിയ പൊലീസ് മേധാവി: പട്ടികയിൽ മനോജ് ഏബ്രഹാമും എംആർ അജിത് കുമാറുമില്ല
26/06/2025  03:25 PM IST
nila
കേരളത്തിലെ പുതിയ പൊലീസ് മേധാവി: പട്ടികയിൽ മനോജ് ഏബ്രഹാമും എംആർ അജിത് കുമാറുമില്ല

കേരളത്തിലെ പുതിയ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരി​ഗണിക്കപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കി. കേരളം നൽകിയ പട്ടികയിലെ മൂന്നു പേരുകൾ വെട്ടിയാണ് കേന്ദ്രം അന്തിമ പട്ടിക തയ്യാറാക്കിയത്. ഡിജിപി റാങ്കിലുള്ള റോഡ് സുരക്ഷാ കമ്മിഷണര്‍ നിധിന്‍ അഗര്‍വാള്‍, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിലെ സെക്രട്ടറി (സെക്യൂരിറ്റി) റവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് കേന്ദ്രം തയ്യാറാക്കിയ പട്ടികയിലുള്ളത്. ഇവരിൽ ഒരാളെ മുഖ്യമന്ത്രി പുതിയ പൊലീസ് മേധാവിയായി നിയമിക്കും.

വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം, ബറ്റാലിയന്‍ എഡിജിപി എം.ആര്‍.അജിത്കുമാര്‍, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയുടെ ഉപമേധാവിയായ സുരേഷ് രാജ് പുരോഹിത് എന്നിവരും കേരളം നൽകിയ ലിസ്റ്റിലുണ്ടായിരുന്നു. എന്നാൽ, ഈ പേരുകൾ കേന്ദ്രം പരി​ഗണിച്ചില്ല. പട്ടികയില്‍ എഡിജിപിമാരെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, അത് അംഗീകരിക്കാന്‍ സംസ്ഥാനം കൂട്ടാക്കിയിരുന്നില്ല. 

ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി എ.ജയതിലക്, സംസ്ഥാന പൊലീസ് മേധാവി ഡോ.എസ്.ദര്‍വേഷ് സാഹിബുമാണ് പങ്കെടുത്തത്. മൂന്നു പേരുടെ ചുരുക്കപ്പട്ടിക മുഖ്യമന്ത്രിക്കു കൈമാറാന്‍ ചീഫ് സെക്രട്ടറിയുടെ പക്കല്‍ കൊടുക്കുകയാണ് പതിവ്. സാധാരണ പട്ടിക മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷമാണ് പുതിയ പൊലീസ് മേധാവിയെ പ്രഖ്യാപിക്കുക. എന്നാല്‍ ദര്‍വേഷ് സാഹിബ് 30ന് വിരമിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി തന്നെ തീരുമാനമെടുത്ത് പ്രഖ്യാപിക്കുകയാകും ചെയ്യുക. ദര്‍വേഷ് സാഹിബ് വിരമിക്കുന്ന ചടങ്ങില്‍ തന്നെ പുതിയ പൊലീസ് മേധാവിക്ക് അധികാരം കൈമാറും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img