08:40am 08 November 2026
NEWS
എഡിജിപി എം.ആർ അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപിയുടെ ശുപാർശ
14/04/2025  12:50 PM IST
nila
 എഡിജിപി എം.ആർ അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപിയുടെ ശുപാർശ

എഡിജിപി പി. വിജയനെതിരെ വ്യാജമൊഴി നൽകിയെന്ന ആരോപണത്തിൽ  എഡിജിപി എം.ആർ അജിത്കുമാറിനെതിരെ കേസെടുത്തേക്കും. വിഷയത്തിൽ എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തു. അതേസമയം, ഡിജിപിയുടെ ശുപാർശയിൽ സംസ്ഥാന സർക്കാർ ഇനിയും തീരുമാനം എടുത്തിട്ടില്ല. 

എഡിജിപി പി.വിജയന് സ്വർണക്കടത്തിൽ പങ്കുണ്ടെന്നായിരുന്നു അജിത്കുമാറിന്റെ മൊഴി. ഇതു സംബന്ധിച്ച് പി. വിജയൻ നൽകിയ പരാതിയിലാണ് ഡിജിപി നിലപാട് വ്യക്തമാക്കിയത്. അജിത് കുമാറിന്റേത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും നിയമനടപടി വേണമെന്നും ആവശ്യപ്പെട്ടാണ് പി വിജയൻ പരാതി നൽകിയത്. 

കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പി.വി. അൻവർ എം.എൽ.എ.യുടെ പരാതിയിലാണ് എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ  എ.ഡി.ജി.പി. പി. വിജയനെതിരെ മൊഴി നൽകിയത്. കരിപ്പൂരിലെ സ്വർണക്കടത്തിൽ വിജയന് ബന്ധമുണ്ടെന്ന് എസ്.പി. സുജിത് ദാസ് പറഞ്ഞിരുന്നതായാണ് അജിത്കുമാർ മൊഴിനൽകിയിരുന്നത്. എന്നാൽ, ഈ മൊഴി അസത്യമാണെന്നും അതിനാൽ ഇക്കാര്യങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിജയൻ പോലീസ് മേധാവിക്ക് കത്തുനൽകുകയായിരുന്നു. അദ്ദേഹം ഈ കത്ത് സർക്കാരിന് കൈമാറുകയും ചെയ്തു. മൊഴി സുജിത് ദാസ് നേരത്തേ നിഷേധിച്ചിരുന്നു.

തനിക്ക് ബന്ധമുള്ള തിരുവനന്തപുരത്തെ വ്യവസായി മുജീബുമായി വിജയനും ബന്ധമുണ്ടെന്ന് അജിത്കുമാർ മൊഴിയിൽ വ്യക്തമാക്കിയിരുന്നു. കോവിഡ്കാലത്ത് വിജയൻ നേതൃത്വം നൽകിയ ഭക്ഷണവിതരണ പരിപാടിയിൽ മുജീബും ബന്ധപ്പെട്ടിരുന്നു. മാമി തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട ആഷിക്ക് എന്ന വ്യക്തിയുമായി മലപ്പുറത്തെ 'നന്മ' എന്ന സംഘടനവഴി വിജയനു ബന്ധമുണ്ടായിരുന്നെന്നും അജിത്കുമാറിന്റെ മൊഴിയിലുണ്ട്. തന്നെ കുറ്റവാളിയാക്കാനുള്ള ശ്രമമാണ് അജിത്കുമാർ നൽകിയ മൊഴിയെന്നു കാട്ടിയാണ് വിജയൻ പരാതിനൽകിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img