
ദേവക്കൂത്ത് സമയത്ത് ദേവിയുടെ അനുഗ്രഹം പോലെയാണ്, തെയ്യം നൽകുന്ന അരിമണികൾ ഭക്ത്യാദരങ്ങളോടെ ഏവരും ഏറ്റുവാങ്ങുന്നത്
ചെണ്ട, മദ്ദളം, ഇലത്താളം, കുറുങ്കുഴൽ ഇവയൊക്കെയൊത്തുചേർന്ന മംഗളവാദ്യഘോഷങ്ങൾ എങ്ങും നിറയുകയായി.. പ്രാർത്ഥനാപൂർവ്വം ക്ഷേത്രമുറ്റത്ത് കാത്തിരിക്കുന്ന ജനാവലിയെ സാക്ഷിയാക്കി ചെമ്പട്ട് തിരശ്ശീലക്കിടയിലൂടെ, മൃദുനൃത്തച്ചുവടുകളുമായി ദേവതാരൂപമെഴുന്നെള്ളുകയായി.
ചുവന്ന മുഖത്തെഴുത്തോടെ, തലയിൽ മയിൽപ്പീലി കിരീടമണിഞ്ഞ്, പട്ടുടയാട ഞൊറിഞ്ഞുടുത്ത്, വേറിട്ട ആഭരണങ്ങളണിഞ്ഞ് ആ ദേവത നൃത്തമാടുകയായി... അരിമണികൾ തൂകി അനുഗ്രഹമേവുകയായി. ഇത് ദേവക്കൂത്ത്.. നാന്നൂറോളം തെയ്യക്കോലങ്ങളുള്ള കേരളത്തിൽ ഒരു സ്ത്രീ കെട്ടിയാടുന്ന ഏക തെയ്യമാണ് ദേവക്കൂത്ത്.
തെയ്യക്കാലമെന്നത് ഒത്തുചേരലിന്റെയും കൂട്ടായ്മയുടെയും, ആദ്ധ്യാത്മിക വിശുദ്ധി ഉൾച്ചേർത്ത വേറിട്ട ജീവിതകാലം കൂടിയാണ്. അതുകൊണ്ടുതന്നെ തെയ്യമെന്നത് ഉത്തരകേരളത്തിന്റെ ഹൃത്തടങ്ങളിൽ ലയിച്ചുചേർന്ന വേറിട്ട വികാരവുമാണ്. നാടിന്റെ ഏത് കോണിലുമായിക്കൊള്ളട്ടെ, തെയ്യമെന്നോ, പെരുങ്കളിയാട്ടമെന്നോ അറിയുമ്പോഴേക്ക് നാട്ടുമണ്ണിലേക്ക് ഓടിയെത്തുവാൻ തുടിക്കുന്ന മനസ്സാണ് വടക്കൻ കേരളത്തിൽ ഓരോരുത്തർക്കുമുള്ളതെന്നത് തെല്ലും അതിശയോക്തിയല്ല.
കടാങ്കോട്ട് മാക്കം, പടക്കത്തി ഭഗവതി, പുതിയ ഭഗവതി, രക്തചാമുണ്ഡി, മടയിൽ ചാമുണ്ഡി എന്നിങ്ങനെ ഒട്ടേറെ അമ്മവേഷങ്ങൾ തെയ്യാനുഷ്ഠാനത്തിൽ ഉണ്ടെങ്കിലും അതെല്ലാം കെട്ടിയാടി വന്നിരുന്നത് പുരുഷന്മാർ മാത്രമായിരുന്നു. എന്നാൽ അതിൽനിന്നെല്ലാം വ്യത്യസ്തമായൊരു ക്ഷേത്രം കണ്ണൂരിലുണ്ട്. ചെറുകുന്ന് തെക്കുമ്പാട്കൂലോം തായക്കാവിൽ ക്ഷേത്രം. ഒരു സ്ത്രീ തെയ്യം കെട്ടുന്ന ഏകക്ഷേത്രമാണിത്. ദേവക്കൂത്ത് എന്ന് പേരുകേട്ട തെയ്യം കെട്ടിയാടുന്ന ഒരൊറ്റ സ്ത്രീ മാത്രമേയുള്ളു. കണ്ണൂർ തെക്കുംകാവിൽ, പഴയങ്ങാടിയിലെ എം.വി. അംബുജാക്ഷി ആണത്. പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ അംബുജാക്ഷിക്ക് എല്ലാ പിന്തുണയുമേകി, തെയ്യാവതരണത്തിന്റെ അടിസ്ഥാനാശയങ്ങൾ പകർന്നുനൽകിയത്, ഭർത്താവ് പ്രമുഖ തെയ്യം കലാകാരൻ കാട്ടുപറമ്പത്ത് കണ്ണൻ പണിക്കരായിരുന്നു. അംബുജാക്ഷിക്ക് മുമ്പ്, ആ വേഷമണിഞ്ഞിരുന്ന ലക്ഷ്മിയമ്മ അനാരോഗ്യം മൂലം വേഷമാടാൻ കഴിയാതെ വന്നപ്പോഴാണ് ബന്ധുവായ അംബുജാക്ഷിക്ക് തെയ്യമാവാൻ അവകാശമേകിയത്. ലക്ഷ്മിയമ്മ നൽകിയ ശിക്ഷണവും, പകർന്ന ആത്മധൈര്യവും ഒപ്പം ഭർത്താവിന്റെയും മക്കളുടെയും പിൻബലവും എല്ലാമുണ്ടായതുകൊണ്ടാണ് ഈ വിധത്തിൽ തെയ്യമാടാൻ തനിക്ക് കഴിഞ്ഞതെന്നും, ദേശത്തിന്റെ ദേവതാസങ്കൽപ്പമായി പകർന്നാടാൻ കഴിയുന്നതിൽ അളവറ്റ അഭിമാനവും സന്തോഷവുമാണ് ഉള്ളതെന്നും, അംബുജാക്ഷി 'മഹിളാരത്‌ന'ത്തോട് പറഞ്ഞു.
ദേവക്കൂത്തിന്റെ ഐതിഹ്യം
ഒരുനാൾ ദേവലോകത്തിലൂടെ യാത്ര ചെയ്യവേ, ഒരു കൂട്ടം ദേവസ്ത്രീകൾ, താഴെ ഭൂമിയിൽ വള്ളിച്ചെടികൾക്കിടയിൽ അതിമനോഹരമായ പൂക്കൾ നിറഞ്ഞുനിൽക്കുന്നയിടം കണ്ടു. ആ പൂക്കൾ പറിക്കുന്നതിനായി അവർ ദേവലോകത്ത് നിന്ന് പുറപ്പെട്ടു. വള്ളിച്ചെടികൾ നിറഞ്ഞുനിൽക്കുന്ന കാടുപോലെയുള്ളയിടം. മനം മയക്കുന്ന സുഗന്ധവാഹിയായ പുഷ്പങ്ങൾ. അവയെല്ലാം ഇറുത്തെടുത്ത് അവരവിടെ ഉല്ലാസമായി നടന്നു. ഇതിനിടയിൽ ഒരു ദേവസ്ത്രീ വള്ളിച്ചെടികൾക്കിടയിൽ പെട്ടുപോയി. ഇതറിയാതെ മറ്റുള്ളവർ ദേവലോകത്തേക്ക് മടങ്ങുകയും ചെയ്തു. എന്തു ചെയ്യണമെന്നറിയാതെ ദേവസ്ത്രീ വിഷമാവസ്ഥയിലായി. അപ്പോൾ അവിടെയെത്തിയ നാടുവാഴി, അവരെ വള്ളിച്ചെടിക്കെട്ടുകൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തുകയും, ഒരു കൂച്ചിൽ കെട്ടിയുണ്ടാക്കി അവരെയവിടെ സുരക്ഷിതമായി പാർപ്പിക്കുകയും ചെയ്തു. ഇതിനിടെ കാണാതായ ദേവസ്ത്രീയെ തേടിയെത്തിയ നാരദമഹർഷി അവരെ ദേവലോകത്തേയ്ക്ക് തിരികെ കൊണ്ടുപോവുകയും ചെയ്തു. ദേവക്കൂത്തിന് പിറകിലെ ഐതിഹ്യമിതാണ്. ഈ സംഭവവികാസങ്ങളാണ് നൃത്തച്ചുവടുകളിലൂടെ തെയ്യവേഷമണിഞ്ഞ്, ആവിഷ്‌ക്കരിക്കുന്നത്, അതും തികഞ്ഞ ആദ്ധ്യാത്മികാനുഷ്ഠാനങ്ങളിലൂടെ.
ആർത്തവം നിലച്ച സ്ത്രീകൾക്കാണ് തെയ്യവേഷം കെട്ടാൻ അവകാശം. 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷമാണ് തെയ്യക്കോലമണിയാനിവർ ക്ഷേത്രത്തിലേക്ക് പുറപ്പെടുക. ആധാരഗ്രന്ഥമായ 'പള്ളിമാല'യിൽ പറയും വിധമാണ് വ്രതാനുഷ്ഠാനങ്ങൾ. മത്സ്യവും മാംസവും ഉപേക്ഷിച്ച്, നാമജപവുമായി 41 ദിവസവും പൂജാ മുറിയിൽ തന്നെയാണിവർ കഴിയുന്നത്.
തെയ്യമരങ്ങേറുന്നത് ധനു അഞ്ചിനാണെങ്കിലും, ധനു മൂന്നിന് പരിവാരങ്ങളായ സ്ത്രീകളുമൊന്നിച്ച്, വീട്ടിൽ നിന്നുമിറങ്ങും. ദേവക്കൂത്തിന്റെ ആധാരഗ്രന്ഥമായ പള്ളിമാലയും, അരിയും പൂവും നിറച്ച തളികയുമായാണ് യാത്ര. ഈ യാത്ര വള്ളുവൻ കടവിലേക്കാണ്. കടവിൽ ചങ്ങാടവുമായി ക്ഷേത്രഭാരവാഹികൾ എതിരേൽക്കാൻ കാത്തുനിൽക്കുന്നുണ്ടാകും. രണ്ട് വള്ളങ്ങൾ പരസ്പരം കൂട്ടിക്കെട്ടി പലകകൾ വിരിച്ചാണ് ചങ്ങാടം തയ്യാറാക്കുക. പരിവാരസമേതം വള്ളുവക്കുറുപ്പന്മാരുടെ തറവാട്ടിലേക്കാണ് ഈ യാത്ര. അവിടെ കടവിൽ നിറനാഴിയും തളികയുമായി പൂക്കൾ വിതറി സ്വീകരിക്കും. രാത്രിയോടെ താലപ്പൊലിയുടേയും വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും.
ക്ഷേത്രത്തിൽ ഓല കൊണ്ട് 'കൂച്ചിൽ' കെട്ടിയുണ്ടാക്കിയിരിക്കും. അതിനുള്ളിലൊരുക്കിയ പൂജാമുറിയിൽ, പ്രാർത്ഥനാനിർഭരമായി ദേവക്കൂത്ത് ദിനം വരെ കഴിയണം. ധനു അഞ്ചിന് അതിരാവിലെ ഉണർന്ന് ആദ്ധ്യാത്മിക ചടങ്ങുകൾക്കുശേഷം, മുഖത്തെഴുത്ത് തുടങ്ങും. തുടർന്ന് ആടയാഭരണങ്ങൾ അണിഞ്ഞ് ഉച്ചയ്ക്ക് മുമ്പായി രണ്ട് സ്ത്രീകൾ പിടിക്കുന്ന തുണിമറയ്ക്കുള്ളിലൂടെ, ക്ഷേത്രാങ്കണത്തിലെത്തും. അപ്പോഴേക്ക് ദേവിയെക്കാത്ത് ഭക്തർ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ടാകും. തുടർന്ന് അരങ്ങുണരും, പതിഞ്ഞ കാൽവെപ്പുകളോടെ ദേവക്കൂത്ത് ആരംഭിക്കുകയായി.
തേടിയെത്തിയ നിയോഗം
ഇതൊരു വലിയ നിയോഗമാണ്. ഈ നാടിന്റെ ദേവതയായി, അനുഗ്രഹം പകർന്ന് നൃത്തമാടാൻ എല്ലാവർക്കും അവസരം ലഭിക്കില്ലല്ലോ. എന്നിൽ വിശ്വാസമർപ്പിച്ചാണ് ലക്ഷ്മിയമ്മ ഈ ദൗത്യമേൽപ്പിച്ചത്. വർഷങ്ങളോളം അവർ ദേവക്കൂത്ത് ആടുന്നത് ഭക്ത്യാദരങ്ങളോടെ കണ്ടുനിന്ന ഒരാളാണ് ഞാൻ. ഇന്ന് അതേ ഞാൻ വേഷമിടുന്നു. ദേവകൂത്തവതരപ്പിക്കുന്നു. എല്ലാം ദൈവനിയോഗം. അംബുജാക്ഷി 'മഹിളാരത്‌ന'ത്തോട് മനസ്സ് തുറന്നു.
കണ്ണൂരിലെ കാപ്പാട് മലയന്നാളപ്പിലാണ് ഞാൻ ജനിച്ചത്. അച്ഛനും ആങ്ങളമാരും തെയ്യംകലാകാരന്മാർ. അതെല്ലാം കണ്ടും കേട്ടുമാണ് ഞാൻ വളർന്നത്. പതിനെട്ടാം വയസ്സിലായിരുന്നു വിവാഹം. ഭർത്താവ് കണ്ണൻ പണിക്കർ അക്കാലത്തെ അറിയപ്പെടുന്ന തെയ്യം കലാകാരനാണ്. പൊട്ടൻ തെയ്യം, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി തുടങ്ങിയ തെയ്യങ്ങളാണ് അദ്ദേഹം ആടിയിരുന്നത്. തെയ്യം നടക്കുന്നയിടങ്ങളിൽ ഭർത്താവിനോടൊപ്പം പോയി, അതെല്ലാം കണ്ടും, അണിയറയിൽ നിന്നുമൊക്കെ സ്വായത്തമാക്കിയ അറിവുകൾ ഇപ്പോൾ വളരെയധികം സഹായകമാകുന്നുണ്ട്. 51-ാം വയസ്സിലാണ് ആദ്യമായി വേഷമാടിയത്. ഒന്നിടവിട്ട വർഷങ്ങളിലാണ് ദേവക്കൂത്ത് അരങ്ങേറുക. ഇതിനോടകം 6 തവണ വേഷമണിയാൻ ഭാഗ്യം ലഭിച്ചു. അത്രത്തോളം സ്‌നേഹവും പരിഗണനയുമാണ് നാട്ടുകാർ എനിക്ക് തരുന്നത്. ആരോഗ്യമുള്ള കാലത്തോളം ദേവക്കൂത്ത് വേഷമണിഞ്ഞാടാൻ സൗഭാഗ്യമുണ്ടാകണേയെന്ന പ്രാർത്ഥന മാത്രമാണ് എനിക്കുള്ളത്. നാല് മക്കളാണ് എനിക്കുള്ളത്, മൂത്തമകൻ അജിത്ത് പണിക്കർ തീച്ചാമുണ്ഡിപോലുള്ള വലിയ തെയ്യങ്ങൾ കെട്ടിയാടാറുമുണ്ട്. എല്ലാം ദേവിയുടെ അനുഗ്രഹം...' അവർ കൂട്ടിച്ചേർത്തു.
ദേവക്കൂത്ത് സമയത്ത് ദേവിയുടെ അനുഗ്രഹം പോലെയാണ്, തെയ്യം നൽകുന്ന അരിമണികൾ ഭക്ത്യാദരങ്ങളോടെ ഏവരും ഏറ്റുവാങ്ങുന്നത്. അടുത്ത ദേവക്കൂത്ത് കാലം വരെ നാടിനെ മുഴുവൻ സംരക്ഷിച്ചുനിർത്തുന്ന ഭഗവദ് കടാക്ഷത്തിന്റെ പ്രതീകമായാണവർ ദേവക്കൂത്ത് അരങ്ങേറ്റത്തെയും അരിമണികളേയും ഹൃത്തടത്തിൽ ഏറ്റുവാങ്ങുന്നത്.
Photo Courtesy - വിഷ്ണു കുട്ടമത്ത് പയ്യന്നൂർ, പ്യാരിലാൽ പാട്യം.











