04:47am 13 November 2026
NEWS
കുസാറ്റിൽ വികസന പദ്ധതികൾക്ക് തുടക്കം
05/03/2026  07:38 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റിൽ വികസന പദ്ധതികൾക്ക് തുടക്കം
HIGHLIGHTS

പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും ഹോസ്റ്റലുകളുടെ നിർമ്മാണത്തിനായുള്ള ശിലാസ്ഥാപനവും മന്ത്രി ആർ. ബിന്ദു നിർവഹിക്കും

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ  (കുസാറ്റ്) സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിന് സമീപം നിർമ്മിച്ച അഡീഷണൽ ബ്ലോക്കിന്റെയും, ഇൻസ്ട്രുമെന്റേഷൻ വകുപ്പ് കെട്ടിടത്തിലെ വിപുലീകരിച്ച നാലാം നിലയുടെ ഉദ്ഘാടനവും അതോടൊപ്പം കുസാറ്റിലെ വിദ്യാർത്ഥിനികൾക്കും, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായുള്ള ഹോസ്റ്റൽ കെട്ടിടവും നിർമ്മിക്കുന്നതിനായുള്ള ശിലാസ്ഥാപന ചടങ്ങും മാർച്ച് 7ന് രാവിലെ 11 മണിക്ക് കുസാറ്റ് മിനി സെമിനാർ ഹാളിൽ  ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.

കുസാറ്റ്  സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിന് സമീപം സംസ്ഥാന സർക്കാരിന്റെ പ്ലാനിംഗ് ഫണ്ടിൽ നിന്ന് 5.13 കോടി രൂപ ചെലവഴിച്ച് 1889 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് അഡീഷണൽ ബ്ലോക്ക് നിർമ്മിച്ചിട്ടുള്ളത്. ഇൻസ്ട്രുമെന്റേഷൻ വകുപ്പ് കെട്ടിടത്തിലെ നാലാം നിലയുടെ നവീകരണ നിർമ്മാണം പൂർത്തിയാക്കിയത് സംസ്ഥാന സർക്കാരിന്റെ പ്ലാനിംഗ് ഫണ്ടിൽ നിന്ന് 1.09 കോടി രൂപ ചെലവഴിച്ചാണ്. ഏകദേശം 4200 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ് ഈ കെട്ടിടം.

ഇതിനുപുറമെ, കുസാറ്റ് തൃക്കാക്കര ക്യാമ്പസിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ഹോസ്റ്റൽ കെട്ടിടവും നിർമ്മിക്കുന്നുണ്ട്. 12.47 കോടി രൂപയുടെ അംഗീകൃത ചെലവിൽ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB) ധനസഹായം അനുവദിച്ചിട്ടുണ്ട്. അഞ്ചു നിലകളായി വിഭാവനം ചെയ്തിരിക്കുന്ന ഈ കെട്ടിടത്തിന്റെ ആദ്യഘട്ടമായി മൂന്ന് നിലകളിലായി 3010 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മാണം ആരംഭിക്കും. മൂന്ന് നിലകളിലായി 60 സ്റ്റുഡിയോ അപ്പാർട്ട്മെന്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കുസാറ്റിലെ വിദ്യാർത്ഥിനികൾക്കായുള്ള ഹോസ്റ്റൽ കെട്ടിടത്തിന്റെ നിർമ്മാണവും സംസ്ഥാന സർക്കാരിന്റെ കിഫ്ബി (KIIFB) പദ്ധതിയുടെ ധനസഹായത്തോടെയാണ് നടപ്പാക്കുന്നത്. ഏകദേശം 24.30 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ ഹോസ്റ്റൽ അഞ്ച് നിലകളുള്ളതായിരിക്കും. 5,670 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ കെട്ടിടത്തിൽ ഏകദേശം 100 മുറികളും 300 വിദ്യാർത്ഥികൾക്ക് താമസസൗകര്യവും ഒരുക്കുന്നതാണ് ലക്ഷ്യം.

ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി മുഖ്യപ്രഭാഷണം നടത്തും. കുസാറ്റ് സിൻഡിക്കേറ്റ് അംഗവും സ്റ്റാൻഡിംഗ് കമ്മിറ്റി (വർക്സ്) കൺവീനറുമായ ഡോ. പി. കെ. ബേബി, കളമശ്ശേരി നഗരസഭ ചെയർമാൻ ജമാൽ മണക്കാടൻ എന്നിവർ ആശംസകൾ അർപ്പിക്കും. സർവകലാശാല രജിസ്ട്രാർ ഡോ. അരുണ്‍ എ. യു സ്വാഗതവും, എൻജിനീയർ സബിൻ വി. എസ് നന്ദിയും രേഖപ്പെടുത്തും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img