01:14am 24 May 2026
NEWS
'സ്‌പീക്കർക്ക് എന്തിലും ഇടപെടാം; വികസനം മന്ത്രിമാരുടെ മാത്രം കുത്തകയല്ല': തിരുവഞ്ചൂർ രാധാകൃഷ്ണൻ
23/05/2026  09:16 AM IST
സുരേഷ് വണ്ടന്നൂർ
സ്‌പീക്കർക്ക് എന്തിലും ഇടപെടാം; വികസനം മന്ത്രിമാരുടെ മാത്രം കുത്തകയല്ല: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിലും ജനകീയ പ്രശ്നങ്ങളിലും മന്ത്രിമാർക്ക് മാത്രമേ ഇടപെടാൻ കഴിയൂ എന്ന പൊതുധാരണ തെറ്റാണെന്നും ഈ വിഷയങ്ങളിൽ ശക്തമായി ഇടപെടാൻ സ്‌പീക്കർക്ക് വിപുലമായ അധികാരങ്ങളുണ്ടെന്നും നിയുക്ത സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഭരണഘടനാപരമായ പദവിയുടെ അന്തസ്സും നിഷ്പക്ഷതയും കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ ജനകീയ വിഷയങ്ങളിൽ നിയമസഭയുടെ നാഥൻ എന്ന നിലയിലുള്ള അധികാരം വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
​വികസന മുരടിപ്പോ ജനങ്ങളെ ബാധിക്കുന്ന മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ ഉദ്യോഗസ്ഥരെ നേരിട്ടുവിളിച്ച് വിശദീകരണം തേടാൻ സ്‌പീക്കർക്ക് പൂർണ്ണ അധികാരമുണ്ട്. സഭയിൽ നേരിട്ട് പ്രത്യേക പരാമർശം നടത്തിക്കൊണ്ട് വിഷയങ്ങളിൽ ഇടപെടാം. ഇതിനുപുറമേ, സാധാരണക്കാരായ ജനങ്ങൾക്ക് തങ്ങളുടെ പരാതികൾ നിയമസഭാ പെറ്റീഷൻ കമ്മിറ്റിക്ക് നൽകി പരിഹാരം കാണാനുള്ള വിപുലമായ സംവിധാനവും സ്‌പീക്കറുടെ അധികാരപരിധിയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
​സഭയിലെ ബഹളം നല്ല രീതിയല്ല; നിഷ്പക്ഷനായി മുന്നോട്ട്
​സ്‌പീക്കർ പദവി പൂർണ്ണമായും ഒരു ഭരണഘടനാ പദവിയാണെന്നും അതിൽ താൻ പൂർണ്ണ നിഷ്പക്ഷനായിരിക്കുമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
​"ഭരണ-പ്രതിപക്ഷ ഭേദമന്യേ സഭയിലെ ഇരുഭാഗത്തുമുള്ളവർക്ക് ഒരുപോലെ സ്വീകാര്യമായ നിലപാട് സ്വീകരിക്കുന്ന തലത്തിലേക്ക് ഉയരാനാകും എന്റെ ശ്രമം. ഓരോ അംഗങ്ങളും തങ്ങൾക്ക് അനുവദിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ നിന്നുകൊണ്ട് പൊതുതാത്പര്യങ്ങൾ സംരക്ഷിക്കണം. പരസ്‌പരം ഏറ്റുമുട്ടലുകളിലേക്ക് പോകാതെ, എല്ലാവർക്കും പറയാനുള്ളത് കേട്ട് മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നത്."
​ഇപ്പോൾ പലപ്പോഴും നിയമസഭ ബഹളമയമാകാറുണ്ട്. ഇത് നല്ലൊരു രീതിയല്ല. മറ്റ് സംസ്ഥാനങ്ങളിലെ നിയമസഭകളുമായി തട്ടിച്ചുനോക്കുമ്പോൾ ഏറ്റവും വലിയ പാരമ്പര്യവും സംസ്കാരവുമുള്ള സഭയാണ് നമ്മുടേത്. ആ പാരമ്പര്യത്തിന് ഒട്ടും കോട്ടം തട്ടാതെ മുന്നോട്ടുപോകാൻ പുതിയ അംഗങ്ങളെക്കൂടി സഭാ നടപടികളിൽ കൃത്യമായി പങ്കെടുപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമയനിഷ്ഠയിൽ കർക്കശക്കാരനായിരുന്ന വക്കം പുരുഷോത്തമൻ, കാര്യങ്ങൾ സൂക്ഷ്മമായി വീക്ഷിച്ചിരുന്ന വി.എം. സുധീരൻ തുടങ്ങിയ മുൻ സ്‌പീക്കർമാരുടെ നല്ല പാരമ്പര്യം തനിക്ക് വഴികാട്ടിയാകുമെന്നും കാര്യോപദേശക സമിതിയുടെ തീരുമാനങ്ങൾ അംഗീകരിച്ച് സഭ സുഗമമായി നടത്തുമെന്നും തിരുവഞ്ചൂർ പറഞ്ഞു.
​കറതീർന്ന അനുഭവസമ്പത്തുമായി സഭയുടെ നാഥനിലേക്ക്
​സ്‌കൂൾ പഠനകാലത്ത് കെ.എസ്.യു പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ പടവുകൾ പിന്നിട്ടാണ് ഇപ്പോൾ നിയമസഭയുടെ പരമോന്നത കസേരയിലെത്തുന്നത്. മുൻപ് ഒരേസമയം അഞ്ച് സുപ്രധാന വകുപ്പുകൾ വരെ കൈകാര്യം ചെയ്ത ഭരണപരിചയം അദ്ദേഹത്തിനുണ്ട്.
​സംഘടനാ രംഗം: കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി (1971), ചെയർമാൻ (1973), കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് (1974-77), യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു.
​തിരഞ്ഞെടുപ്പ് വഴികൾ: 1987-ൽ കോട്ടയത്ത് കന്നിപ്പോരാട്ടത്തിൽ പരാജയപ്പെട്ടെങ്കിലും 1991-ൽ അടൂർ മണ്ഡലത്തിലേക്ക് മാറി വിജയം വരിച്ചു. 1996, 2001, 2006 വർഷങ്ങളിലും അടൂരിൽ നിന്ന് നിയമസഭയിലെത്തി. മണ്ഡലം സംവരണമായതോടെ കോട്ടയത്തേക്ക് മടങ്ങിയെത്തി 2011, 2016, 2021, 2026 നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോട്ടയത്തിന്റെ ജനപ്രതിനിധിയായി വൻ വിജയം നേടി.
​ഭരണപരമായ നേട്ടങ്ങൾ: 2004-ലെ ഉമ്മൻചാണ്ടി സർക്കാരിൽ ജലവിഭവം, വനം, ആരോഗ്യം, പാർലമെന്ററിക്കാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. രണ്ടാം ഉമ്മൻചാണ്ടി സർക്കാരിൽ റവന്യൂ മന്ത്രിയായും 2012-ൽ ആഭ്യന്തര മന്ത്രിയായും തിളങ്ങി. ആഭ്യന്തര മന്ത്രിയെന്ന നിലയിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ അതിവേഗം നിയമത്തിന് മുന്നിലെത്തിച്ചതും സോളാർ കേസിൽ സ്വന്തം ജീവനക്കാരനെപ്പോലും അറസ്റ്റ് ചെയ്യാൻ മടിക്കാതിരുന്നതും അദ്ദേഹത്തിന്റെ കരിയറിലെ ശ്രദ്ധേയമായ അധ്യായങ്ങളാണ്.
​1949-ൽ കോട്ടയം തിരുവഞ്ചൂരിൽ കെ.പി. പരമേശ്വരൻപിള്ളയുടെയും എം.ജി. ഗൗരിക്കുട്ടിയമ്മയുടെയും മകനായാണ് ജനനം. ബിരുദവും നിയമബിരുദവും നേടിയിട്ടുണ്ട്. ലളിതാംബികയാണ് ഭാര്യ. ഡോ. അനുപം രാധാകൃഷ്ണൻ, അർജുൻ രാധാകൃഷ്ണൻ, ആതിര രാധാകൃഷ്ണൻ എന്നിവർ മക്കളാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img