11:11pm 01 July 2026
NEWS
രാഷ്ട്രീയ ഇരട്ടത്താപ്പ് പരാജയപ്പെടുത്താതെ വികസനം നടപ്പില്ല
01/07/2026  11:34 AM IST
ചെറുകര സണ്ണീലൂക്കോസ്
രാഷ്ട്രീയ ഇരട്ടത്താപ്പ് പരാജയപ്പെടുത്താതെ വികസനം നടപ്പില്ല
വ്യക്തിയുടേതാണെങ്കിലും സ്ഥാപനത്തിന്റേതാണെങ്കിലും പ്രസ്ഥാനത്തിന്റേതാണെങ്കിലും നിലനിൽപ്പിനാധാരമായ ഏറ്റവും പ്രധാന ഘടകം വിശ്വാസ്യതയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും, മുന്നണി നേതൃത്വം നൽകുന്ന സി.പി.എംനും നയിച്ച പിണറായി വിജയനും ജനങ്ങൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ടതുകൊണ്ടാണ് ആ മുന്നണി 99 സീറ്റിൽ നിന്ന് 35 സീറ്റിലേക്ക് കൂപ്പുകുത്തിയത്.
ഇനി ഒരു തിരിച്ചുവരവ് സാധ്യമാകണമെങ്കിൽ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുക എന്നതല്ലാതെ അതിന് വേറെ കുറുക്കുവഴികളില്ല. പൊതുസമക്ഷം പറയുന്ന ആദർശങ്ങളും അവകാശവാദങ്ങളും പ്രസംഗങ്ങളും എന്താണോ അതിനുനേർവിപരീതമായ നിലപാടും, പ്രവർത്തിയും കൈക്കൊള്ളുന്ന ഇരട്ടത്താപ്പും, കാപട്യവും സാധാരണ ജനങ്ങളുടെ സാമാന്യബുദ്ധികൊണ്ട് മനസ്സിലാക്കാൻ കഴിയുമ്പോഴാണ് നേതാക്കളുടെയും പാർട്ടികളുടെയും വിശ്വാസ്യത നഷ്ടപ്പെടുന്നത്.
 
ഒരു കക്ഷിക്കോ മുന്നണിക്കോ ജനങ്ങൾ കേവലഭൂരിപക്ഷം നൽകിക്കഴിഞ്ഞാൽ അവർ സർക്കാർ രൂപീകരിക്കുന്നതും പ്രതിപക്ഷത്തുള്ളവർ ജനവിധി അംഗീകരിച്ച് പുതിയ സർക്കാരിന് പ്രവർത്തനസജ്ജമാകാൻ മിനിമം ബ്രീത്തിംഗ് സമയം കൊടുക്കുന്നതും നാളിതുവരെ സംസ്ഥാന രാഷ്ട്രീയത്തിലെ ഒരു കീഴ്‌വഴക്കമായിരുന്നു. വിവിധ മുന്നണികൾ തിരഞ്ഞെടുപ്പുപ്രചാരണകാലത്ത് തങ്ങളധികാരത്തിൽ വന്നാൽ എന്തായിരിക്കും തങ്ങളുടെ നയം, പരിപാടി, നടപ്പാക്കുന്ന പദ്ധതികൾ എന്നെല്ലാം പ്രകടനപ്പത്രികയിലൂടെ ജനങ്ങൾക്ക് മുമ്പാകെ അവതരിപ്പിക്കാറുണ്ട്. അതുകൂടി വിലയിരുത്തി ജനം വിജയിപ്പിച്ചുകഴിഞ്ഞാൽ തങ്ങൾ ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുന്നതിനവർക്ക് അധികാരവും അവകാശവുമുണ്ട്.
 
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം മുൻകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് സി.പി.എം നേതൃത്വം പറയുന്നത് ശരിയായിരിക്കാം. എന്ന് കരുതി പരാജയം അംഗീകരിക്കാൻ കഴിയാത്തവണ്ണം പെരുമാറുന്നതും, ഇന്നലെവരെ തങ്ങൾ ചെയ്ത കാര്യങ്ങൾ ഒക്കെ മറന്നു പുതിയ സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും, ചെയ്യുന്ന കാര്യങ്ങളേയും കണ്ണുമടച്ച് എതിർക്കുന്നതും യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതും സ്വന്തം വിശ്വാസ്യത വീണ്ടും വീണ്ടും നഷ്ടപ്പെടുത്തുകയാണെന്നു ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയപ്പാർട്ടിക്ക് സ്വയം തിരിച്ചറിയാൻ കഴിയാതെ പോകുന്നതും അമ്പരപ്പിക്കുന്ന കാര്യമാണ്.
 
കോൺഗ്രസ് പാർട്ടിയും യു.ഡി.എഫും അവരുടെ മുഖ്യമന്ത്രിയാരെന്ന് തീരുമാനിച്ചപ്പോൾ മുഖ്യമന്ത്രിയായ വി.ഡി. സതീശൻ മുസ്ലീം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും നോമിനിയാണെന്നായിരുന്നു പ്രതിപക്ഷത്ത് എത്തിയവരുടെയെല്ലാം വിമർശനവും ആരോപണവും. എന്നാൽ മുഖ്യമന്ത്രി സത്യപ്രതിജ്ഞചെയ്യുമ്പോൾ അച്ഛന്റെ പേരുകൂടി ചേർത്തുള്ള തന്റെ പേര് പൂർണ്ണമായി വായിച്ചത് താൻ മേനോൻ ആണെന്ന് സ്ഥാപിക്കാനാണെന്നും, ചടങ്ങിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കപ്പെട്ടത് സംഘപരിവാറിനോടുള്ള വിധേയത്വം കൊണ്ടാണെന്നും സി.പി.എംന്റെ സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന നേതാക്കളുമെല്ലാം അതിരൂക്ഷവിമർശനം ഉയർത്തി. പല മുതിർന്ന നേതാക്കളും വി.ഡി. സതീശനേയും വി.ഡി. സവർക്കറേയും സമാനമനസ്‌കരായി ചിത്രീകരിക്കുകപോലും ചെയ്തു.
 
സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ യു കേൽക്കറെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സെക്രട്ടറിയായി നിയമിച്ചതിനെതിരെയായിരുന്നു പിന്നീടുള്ള സംഘടിത വിമർശനം. യു.ഡി.എഫിന് 102 സീറ്റ് ലഭിക്കുമെന്നു പ്രവചനം നടത്താൻ വി.ഡി. സതീശന് മുൻകൂട്ടി വിവരം കൊടുത്തത് ഈ രത്തൻ കേൽക്കറാണെന്ന വിവരക്കേടുപോലും പറയാൻ ചില സി.പി.എം നേതാക്കൾ മടിച്ചില്ല. വർഷങ്ങളോളം മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി പി. രാജീവിന്റെയും വകുപ്പുകളിൽ സെക്രട്ടറിയായിരുന്ന ഈ ഉദ്യോഗസ്ഥന് ധനവകുപ്പിലെ പ്രാവീണ്യവും പരിചയവും പ്രയോജനപ്പെടുത്താനാണ് ധനവകുപ്പിന്റെ ചുമതല കൂടിയുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഉദ്ദേശം എന്ന് വ്യക്തമായതോടെ ഇതിന്റെ പേരിലുള്ള ആരോപണം അപ്രസക്തമായി.
 
അടുത്തത് മുഖ്യമന്ത്രിയായശേഷം വി.ഡി. സതീശൻ പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി തുടങ്ങിയവരെ ആദ്യമായി നേരിൽ സന്ദർശിക്കാൻ പോയതിനടുത്ത ദിവസം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലും മകളുടെ സ്ഥാപനങ്ങളിലും ഇ.ഡി. ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതിനെച്ചൊല്ലിയായിരുന്നു. സാധാരണ ജനങ്ങളുടെ സാമാന്യബുദ്ധിയെപ്പോലും ചോദ്യം ചെയ്യുംവിധം ഇ.ഡി. റെയ്ഡ് വി.ഡി.  സതീശന്റെ ആവശ്യപ്രകാരമാണെന്നു പറഞ്ഞ സി.പി.എം നേതാക്കൾ അവർ എത്ര മാത്രം സ്വയം അപഹാസ്യരാകുകയാണ് എന്നതുപോലും തിരിച്ചറിഞ്ഞില്ല.
പുതിയ സർക്കാർ അധികാരമേറ്റ് രണ്ടുദിവസം കഴിഞ്ഞപ്പോൾ കിഴക്കമ്പലത്തെ പരിയത്തുകാവ് കോളനി നിവാസികളെ സുപ്രീംകോടതി നിർദ്ദേശത്തിന്റെയടിസ്ഥാനത്തിൽ പതിനഞ്ചാം തവണ അധികൃതർ ഒഴിപ്പിക്കാനെത്തിയപ്പോൾ അതുവരെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാതിരുന്ന സി.പി.എം മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന സെക്രട്ടറിയും മറ്റും സ്ഥലത്ത് എത്തി ഒഴിപ്പിക്കപ്പെടുന്നവരുടെ സംരക്ഷകരാകാൻ തുനിഞ്ഞതും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെപോലും വിശ്വാസ്യത നേടികൊടുത്തില്ല.
 
രസകരമായ മറ്റൊരു കാര്യം പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി. സതീശന് ഉണ്ടെന്ന് അന്നത്തെ പ്രതിപക്ഷം ഭയപ്പെട്ട വിശ്വാസ്യത തകർക്കാൻ തിരഞ്ഞെടുപ്പ് അടുത്തകാലത്ത് സി.പി.എമ്മും അതിന്റെ വിപുലമായ പ്രചാരണ സംവിധാനങ്ങളും സതീശൻ പറയുന്നത് മുഴുവൻ നുണയാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു. നുണേശൻ എന്ന് വ്യക്തിപരമായി അധിക്ഷേപിച്ചു. അതിനുവേണ്ടി മാത്രം വെബ്‌സൈറ്റുകൾ ആരംഭിച്ചു. പാർട്ടിയുടെ സഹയാത്രികരായ ബുദ്ധിജീവികൾ ഉൾപ്പെടെ ഹാഷ് ടാഗുകൾ പ്രചരിപ്പിച്ചു. സൈബർ പോരാളികളെ അണിനിരത്തി പല വ്യാജകഥകളും അവതരിപ്പിച്ചു.
 
ഇതുകൊണ്ടൊന്നും തിരഞ്ഞെടുപ്പിൽ യാതൊരു ഫലവും ഉണ്ടായില്ലെന്നു മാത്രമല്ല, വി.ഡി. സതീശൻ എന്ന നേതാവ് അത്ഭുതപൂർവ്വമായ ജനപിന്തുണയാർജ്ജിക്കുകയും കരുത്തനാവുകയും ചെയ്തു. എന്നിട്ടും തങ്ങളുടെ നയത്തിലോ സമീപനത്തിലോ യാതൊരുമാറ്റവും വരുത്താതെ സതീശനെതിരേയുള്ള ആക്രമണങ്ങൾക്കും ഭരണപരമായ തീരുമാനങ്ങൾക്കുമെതിരേയുള്ള ആക്രമണങ്ങൾ ഓൺലൈൻ പോരാളികൾ  മാത്രമല്ല, മുൻ മന്ത്രിമാരടക്കമുള്ള മുതിർന്ന നേതാക്കളും തുടർന്നു, തുടർന്നുകൊണ്ടേയിരിക്കുന്നു.
കേരളത്തിൽ സി.പി.എംന് സംഭവിച്ച അപചയത്തെ ഓർത്തു വ്യാകുലപ്പെട്ട ഒരുപാട് ഇടതുപക്ഷ നേതാക്കൾ പിണറായി വിജയനും എം.എ.ബേബിയുമടക്കമുള്ള സി.പി.എം നേതൃത്വം ഇപ്പോൾ കാഴ്ചവയ്ക്കുന്ന നിരുത്തരവാദപരമായ പ്രതിപക്ഷ പ്രവർത്തനത്തിൽ നിരാശരാണെന്നാണ് ലഭ്യമാകുന്ന വിവരം.
 
ഇതരസംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ മുമ്പ് ഇടതുപക്ഷത്തിന് വർദ്ധിച്ച സ്വീകാര്യത ലഭിക്കാനിടയാക്കിയത് അധസ്ഥിതരുടെയും തൊഴിലാളിവർഗ്ഗത്തിന്റെയും അവകാശ സംരക്ഷണത്തിനായി നടത്തിയ ത്യാഗോജ്ജ്വലമായ പോരാട്ടങ്ങൾ കൊണ്ടാണ്. ഭൂപരിഷ്‌ക്കരണം മുതൽ ജനകീയാസൂത്രണം വരെയുള്ള ഒട്ടനവധി ഭരണപരിഷ്‌കാരങ്ങൾ കൊണ്ടാണ്. മതനിരപേക്ഷതയ്ക്കുവേണ്ടി സ്വീകരിച്ചിരുന്ന ശക്തമായ നിലപാടുകൾ കൊണ്ടാണ്. സാമൂഹിക സാംസ്‌ക്കാരികരംഗത്ത് നടത്തിയ ബൗദ്ധിക ഇടപെടലുകൾ കൊണ്ടാണ്. അഴിമതിയുടെ കറപുരളാതെ, ലളിതമായി ജീവിച്ച് നിസ്വാർത്ഥമായ പൊതുപ്രവർത്തനം നടത്തിയ മുൻകാല ഇടതുപക്ഷ നേതാക്കളുടെ പാത പിന്തുടരുന്നവർ എന്ന് ചൂണ്ടിക്കാണിക്കാൻ വിരലിൽ എണ്ണാവുന്നവർ പോലും ഇല്ലാത്തവിധം കമ്മ്യൂണിസ്റ്റ് പാർട്ടിയെ മുതലാളിത്തത്തിന് ജീർണ്ണത ബാധിച്ചു എന്നത് സി.പി.എം തന്നെ അതിന്റെ കഴിഞ്ഞ ഒരു രണ്ട് ദശാബ്ദത്തിനിടയിൽ എത്രയോ തെറ്റുതിരുത്തൽ രേഖകളിൽ പറഞ്ഞിട്ടുള്ളത് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക് ബോദ്ധ്യമായിട്ടുള്ളതാണ്.
 
അധികാരത്തിന്റെ സൗകര്യങ്ങളും പണത്തിന്റെ ധാരാളിത്തവും വർദ്ധിച്ചപ്പോൾ രാഷ്ട്രീയപ്രതിയോഗികളെ പരാജയപ്പെടുത്താൻ പി.ആർ സംവിധാനങ്ങളും ഈവന്റ്മാനേജ്‌മെന്റ് ഗ്രൂപ്പുകളും നിയോഗിക്കപ്പെട്ടു. സ്വാഭാവികമായും ബ്രാഞ്ചിലും എൽ.സിയിലുമൊക്കെയുളള കേഡർമാരിൽ ഉദാസീനത ബാധിച്ചു. അവരിലേറെപ്പേരും ഇപ്പോൾ സോഷ്യൽമീഡിയായിലുള്ള രാഷ്ട്രീയ പ്രവർത്തനമാണ് നടത്തുന്നത്. അതാവട്ടെ വ്യക്തിപരമായ അധിക്ഷേപങ്ങളും, ട്രോളുമൊക്കെയാണ്. എല്ലാ നിരയിലുമുള്ള നേതാക്കളുടെയും ഭാഷ അത് പൊതുയോഗങ്ങളിലായാലും സമരമുഖത്തായാലും ചാനൽമൈക്കുകളുടെ മുമ്പിലായാലും ആക്രമണോത്സുകവും അധിക്ഷേപകരവും പ്രകോപനപരവും ഭീഷണിരൂപത്തിലുള്ളതുമായിട്ടുണ്ട്. മുതിർന്ന നേതാക്കളെ കണ്ടുപഠിക്കുന്ന വിദ്യാർത്ഥി നേതാക്കൾ വരെ ഇതേശൈലിയാണവലംബിക്കുന്നത്. ഈ രാഷ്ട്രീയ പ്രവർത്തനശൈലി കണ്ട് ജനങ്ങൾക്ക് മടുത്തിരിക്കുന്നു.
 
ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന് നിർണ്ണായകമായ ഒരു റോളുണ്ട്. ഭരിക്കുന്നവർക്ക് വീഴ്ചയുണ്ടായാൽ അത് തിരുത്തിക്കാൻ മുഖം നോക്കാതെ വിമർശിക്കുക തന്നെ വേണം. എന്നാൽ ഇന്നലെ തങ്ങൾ ഭരണത്തിലിരുന്നപ്പോൾ ചെയ്തതെന്തെല്ലമാണെന്ന് പ്രബുദ്ധരായ ജനങ്ങൾ മറക്കൻ സമയമായിട്ടില്ലെന്ന് ഓർമ്മ വേണം. അത് ജനങ്ങൾ മറന്നുകാണുമെന്ന് കരുതി കണ്ണടച്ചുപിടിച്ച് എല്ലാറ്റിനെയും എതിർത്താൽ, ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ അണികൾക്ക് സന്തോഷമായിരിക്കാം. പക്ഷേ ജനങ്ങളുടെ വിശ്വാസമാർജ്ജിക്കാനാകില്ല.
സി.പി.എം യാഥാർത്ഥ്യബോധത്തോടുകൂടിയ ഒരു സ്വയം വിമർശനത്തിന് തയ്യാറാകുകയാണ് ആദ്യം ചെയ്യേണ്ടത്. രാഷ്ട്രീയ പ്രതിയോഗികളെ ആക്രണപരമായി നേരിട്ട് കീഴ്‌പ്പെടുത്തുക എന്ന ശൈലി ഉപേക്ഷിച്ച് അവരുമായി മാന്യമായ രാഷ്ട്രീയസംവാദത്തിന് തയ്യാറായിക്കൊണ്ടാണ് തങ്ങളുടെ പാർട്ടിയെ, മുന്നണിയെ ശക്തിപ്പെടുത്തേണ്ടത്.
 
വിവിധ സംസ്ഥാനങ്ങളിൽ സി.പി.എം അധികാരത്തിൽ ഇരുന്നപ്പോഴും, അധികാരം നഷ്ടപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ സ്വീകരിക്കുന്ന സമീപനത്തിലും ഇരട്ടത്താപ്പ് വിലയിരുത്തുന്നത് കൗതുകകരമായിരിക്കും.
സ്വകാര്യമൂലധനം 2025 ആദ്യം ചിറ്റൂരിൽ എൻ.ജി.ഒ യൂണിയൻ വജ്രജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്യവെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇങ്ങനെ പറഞ്ഞു. 'സ്വകാര്യമൂലധനത്തെ സി.പി.എം മുൻകാലങ്ങളിൽ എതിർത്തിട്ടില്ല. സ്വകാര്യമൂലധനത്തെയും ആഗോളവൽക്കരണത്തെയാണ് പാർട്ടി എതിർക്കുന്നത്.'
 
2022 മാർച്ച് ഒന്ന് മുതൽ നാലുവരെ എറണാകുളത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനവതരിപ്പിച്ച് അംഗീകരിക്കപ്പെട്ട നയരേഖയായ 'നവകേരളത്തി'നായുള്ള പാർട്ടി കാഴ്ചപ്പാട് എന്ന വികസനരേഖയിലെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ ഇവയായിരുന്നു:
 
1. വികസനപ്രവർത്തനങ്ങൾക്കും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി എല്ലാ മേഖലകളിലും സ്വകാര്യ നിക്ഷേപത്തെയേയും മൂലധനത്തേയും സ്വാഗതം ചെയ്യുക.(2022 മാർച്ച് 3 -ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്)
 
2. നിക്ഷേപ സൗഹൃദാന്തരീക്ഷം ഉറപ്പാക്കാൻ ട്രേഡ് യൂണിയനുകൾ അവരുടെ ശൈലിയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. 
 
2025 മാർച്ച് 6 മുതൽ 9 വരെ കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച 'നവകേരളത്തിന്റെ പുതുവഴികൾ' എന്ന നയരേഖയിൽ ഏറ്റവും പ്രധാനമായി പറഞ്ഞത് വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, ഐ.ടി എന്നീ മേഖലകളിൽ മികച്ച അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായി സ്വകാര്യ നിക്ഷേപം കൊണ്ടുവരണം എന്നാണ്. എറണാകുളം സമ്മേളനം സ്വകാര്യനിക്ഷേപം ആകർഷിക്കുന്നതിനായി മുതലാളിത്ത വഴിത്തിരിവാണ് സ്വീകരിച്ചിരുന്നതെങ്കിൽ കൊല്ലം  സമ്മേളനത്തിൽ അത് മാത്രമാണ് മുന്നോട്ടുള്ള ഏക മാർഗ്ഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. (ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് -2025 മാർച്ച് 8).
2026 മാർച്ച് 11 ന് വ്യവസായ മന്ത്രി പി. രാജീവ് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടത്, കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഒരുലക്ഷം കോടി രൂപയിലധികമുള്ള സ്വകാര്യ നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു എന്നാണ്. ഇതിൽ 27,158 കോടി രൂപ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായും 55,000 കോടി രൂപ ഇൻവെസ്റ്റ്‌മെന്റ് കേരള ഗ്ലോബൽ സമ്മിറ്റ് വഴിയും ഏകദേശം 15,000 കോടി രൂപ മീറ്റ് ദി ഇൻവെസ്റ്റർ പരിപാടിയിലൂടെയും വന്ന നിക്ഷേപമാണ്. 51 സ്വകാര്യ വ്യവസായ പാർക്കുകളും സ്വകാര്യ നിക്ഷേപപദ്ധതികളിലുൾപ്പെടും.
 
ഇനി പ്രതിപക്ഷത്തായശേഷം സി.പി.എം സമീപനം എന്താണ്? യു.ഡി.എഫ് സർക്കാർ ധവളപത്രം പ്രസിദ്ധീകരിച്ചപ്പോൾ 2026 ജൂൺ 4 ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അതിശക്തിയോടെ നടപ്പാക്കുന്ന സ്വകാര്യവൽക്കരണനയങ്ങളാണ് യു.ഡി.എഫ് സർക്കാർ ധവളപത്രത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
 
മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച സർക്കാരിന്റെ കന്നി ബജറ്റിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം. ഗോവിന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞത്, 'സ്വകാര്യവൽക്കരണത്തിനാമുഖം നൽകുന്ന ബജറ്റാണിത്. കേരളത്തിന്റെ സമ്പത്ത് കോർപ്പറേറ്റുകൾ അടിയറവ് വയ്ക്കുന്ന ബജറ്റ്. മിഷൻ സമുദ്ര ഉൾപ്പെടെയുള്ള പ്രധാന പദ്ധതികൾ സ്വകാര്യമൂലധനത്തെ ആകർഷിക്കുന്നതിനും സ്വകാര്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ്. തീരദേശമേഖലയും ധാതുവിഭവങ്ങളും കരിമണലും സ്വകാര്യമേഖലയ്ക്ക് കൈമാറുമെന്ന ധവളപത്രത്തിലെയും ബജറ്റിലെയും പ്രഖ്യാപനവും കേരളത്തിൽ സമ്പത്ത് അദാനി- അംബാനി ഉൾപ്പെടെയുള്ള  കോർപ്പറേറ്റുകൾ കൈമാറാനുള്ള നീക്കമാണ്. സംസ്ഥാനത്തിന്റെ ഭൂമിയും കടലും ആകാശവും വിറ്റ് പണമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇത് സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചു.
 
ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് ധനവകുപ്പ് നികുതി ഘടന നിശ്ചയിച്ചതിനെക്കുറിച്ച് മുൻ എക്‌സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷും മറ്റ് സിപിഎം നേതാക്കളും പറഞ്ഞത് 'നികുതി ഇളവിലൂടെ എത്ര രൂപ ലാഭിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കർണ്ണാടകയിലെ മദ്യലോബിയെ സഹായിക്കാനാണ് ഖജനാവിന് നഷ്ടം വരുത്തുന്ന തീരുമാനം. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് ലഭിക്കുന്നത് മദ്യലഭ്യത സുലഭമാക്കും.'
സ്വകാര്യ നിക്ഷേപത്തോടുള്ള ഭരണകാലത്തേയും പ്രതിപക്ഷകാലത്തേയും സി.പി.എം ഇരട്ടത്താപ്പ് ഇനി കൂടുതൽ വിശദീകരിക്കേണ്ടതില്ല. അദാനി ഗ്രൂപ്പ് നിർമ്മാണവും നടത്തിപ്പും പി.പി.പി അടിസ്ഥാനത്തിൽ നിർവ്വഹിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച 2025 മെയ് ഒന്നിന് കേരള മുഖ്യമന്ത്രി പിണറായിവിജയൻ പത്രങ്ങൾക്ക് നൽകിയ ലേഖനത്തിന്റെ ആദ്യവാചകം ഇങ്ങനെയായിരുന്നു. 'കേരളത്തിന്റെ സ്വപ്നസാഫല്യമായ വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കുകയാണ്. തീർച്ചയായും കേരളചരിത്രത്തിന് അടയാളപ്പെടുത്തുന്ന ചരിത്രമുഹൂർത്തമാണിത്.'
 
ഉദ്ഘാടനച്ചടങ്ങിൽ തുറമുഖ വകുപ്പുമന്ത്രി വി.എൻ. വാസവൻ അദാനിയെ വിശേഷിപ്പിച്ചത് 'നമ്മുടെ പങ്കാളി ഗൗതം അദാനിയെ വേദിയിലേക്ക് ക്ഷണിക്കുന്നു' എന്നാണ്. ഇതേക്കുറിച്ച് വേദിയിൽ പ്രധാനമന്ത്രി പറഞ്ഞത്. 'ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ മന്ത്രി പറയുകയാണ് അദാനി നമ്മുടെ സർക്കാരിന്റെ പങ്കാളിയാണെന്ന്. സ്വകാര്യമേഖലയിലെ പ്രമുഖനെക്കുറിച്ചാണ് നമ്മുടെ സർക്കാരിന്റെ പങ്കാളി എന്നുപറയുന്നത് എന്നോർക്കണം. ഇതാണ് മാറുന്ന ഭാരതം.'മോദി കൂട്ടിച്ചേർത്തു.
 
2015 ൽ ഉമ്മൻചാണ്ടി സർക്കാർ അദാനിഗ്രൂപ്പുമായി വിഴിഞ്ഞം കരാർ ഒപ്പുവെച്ചപ്പോൾ 6000 കോടി രൂപയുടെ കടൽക്കൊള്ള എന്ന രാഷ്ട്രീയമനോഭാവത്തിലേക്ക് സി.പി.എം തിരിച്ചെത്തിയെന്നാണ് ബജറ്റിൽ കേരളത്തെ ഒരു  സമുദ്രാനുബന്ധ വികസനകേന്ദ്രവും ഏകീകൃത തുറമുഖ നഗരവുമാക്കാനുള്ള ദർശനം ബജറ്റിൽ മുന്നോട്ടുവച്ചപ്പോൾ തന്നെയുള്ള സി.പി.എം നേതാക്കളുടെ പ്രസ്താവനകൾ വ്യക്തമാക്കുന്നത്.
മദ്യനയത്തിന് വിരുദ്ധമായി ക്ലാസിഫിക്കേഷൻ ഇല്ലാത്ത ഹോട്ടലുകൾക്ക് രണ്ട് സാമ്പത്തികവർഷം ബാർ ലൈസൻസ് പുതുക്കിക്കൊടുത്തും സംസ്ഥാനത്തെ മുഴുവൻ ബാറുകൾക്കും പ്രവർത്തനസമയം രണ്ട് മണിക്കൂർ വർദ്ധിപ്പിച്ചും നാട് മുഴുവൻ ആയിരത്തിലധികം പുതിയ ബാറുകൾ തുടങ്ങിയും ചരിത്രത്തിലിടം പിടിച്ചവരാണ് പ്രതിപക്ഷത്ത് എത്തിയപ്പോൾ മദ്യലഭ്യത വർദ്ധിക്കുന്നതിനെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നത് എന്നത് മറ്റൊരു വിരോധാഭാസം.
 
കേരളത്തിന്റെ തീരദേശത്തുനിന്ന് മണൽ ഖനനം അനുവദിക്കുന്നതിനെക്കുറിച്ച് ബജറ്റിൽ പറയുന്നില്ല. ധാതുമണലിന്റെ മൂല്യവർദ്ധനവിനെക്കുറിച്ചാണ് പറയുന്നത്. ഇതിനുള്ള നീക്കം 2025 ൽ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തുതന്നെ തുടങ്ങിയതാണ്.
പി.എം.ശ്രീ പദ്ധതിയെ എതിർക്കാൻ സി.പി.എമ്മിനുള്ള ധാർമ്മിക അർഹതയെന്തെന്ന് രാഷ്ട്രീയം അറിയാത്തവർ കൂടി ചോദിക്കുന്നതിൽ അത്ഭുതമില്ല.
 
അതേസമയം വീര്യം കുറഞ്ഞ മദ്യം ആണെങ്കിലും നികുതി ഇളവിലൂടെ മദ്യലഭ്യത വർദ്ധിച്ചുകൂടാ, സ്വകാര്യമേഖലയിൽ കരിമണൽ ഖനനം അനുവദിച്ചൂകൂടാ, പി.എംശ്രീ പദ്ധതിയുമായി കേരളം സഹകരിച്ചുകൂടാ എന്നെല്ലാം അഭിപ്രായമുള്ള ധാരാളം ആളുകൾ മുഖ്യമന്ത്രി വി.ഡി. സതീശനെയും സർക്കാരിനെയും പിന്തുണയ്ക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ട് എന്നത് സർക്കാർ കാണാതിരുന്നുകൂടാ. എൽ.ഡി.എഫ് സർക്കാർ ചെയ്തതെല്ലാം ആവർത്തിക്കാനല്ല ജനങ്ങൾ ഈ സർക്കാരിനെ വിജയിപ്പിച്ചിട്ടുള്ളത്.
 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img