
ന്യൂഡൽഹി: വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾ ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗുരുദേവനും മഹാത്മാഗാന്ധിയും 1925-ൽ ശിവഗിരിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിനും സമൂഹത്തിനും സേവനം ചെയ്യുന്നവർക്ക് ഗുരുദേവൻ വഴികാട്ടിയാണെന്നും, സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരുടെയും ചൂഷിതരുടെയും പിന്നോക്കം നിൽക്കുന്നവരുടെയും ഉന്നമനത്തിനായുള്ള പ്രധാന തീരുമാനങ്ങൾ ഗുരുദേവനെ ഓർത്താണ് എടുക്കുന്നതെന്നും മോദി പറഞ്ഞു. ഐക്യം, സമത്വം, സത്യം, സേവനം, സൽസ്വഭാവം എന്നിവയിലുള്ള ഗുരുദേവന്റെ വിശ്വാസമാണ് 'എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം' എന്ന സർക്കാരിന്റെ മുദ്രാവാക്യത്തിന് അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവേചനരഹിതമായ സമൂഹത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും പ്രാധാന്യം ഗുരുദേവൻ കാട്ടിത്തന്നു. ഇത് കേന്ദ്രസർക്കാർ പിന്തുടരുന്നു. ശാക്തീകരിക്കപ്പെട്ട ഇന്ത്യ യാഥാർത്ഥ്യമാകാൻ സാമ്പത്തിക, സാമൂഹിക, സൈനിക മേഖലകളിൽ രാജ്യം മുൻപന്തിയിൽ തുടരണമെന്നും, ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറാനുള്ള പാതയിൽ ഗുരുദർശനം നിർണായകമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിസന്ധികൾ നേരിട്ടപ്പോൾ സമൂഹത്തിന് പുതിയ പാത കാണിച്ച മഹാനായ സന്യാസിയാണ് ശ്രീനാരായണഗുരു. ആത്മീയതയെ സാമൂഹിക പരിഷ്കരണത്തിനും പൊതുജനക്ഷേമത്തിനുമുള്ള മാധ്യമമാക്കി അദ്ദേഹം മാറ്റിയെന്നും മോദി ചൂണ്ടിക്കാട്ടി. ഗുരുദേവൻ-ഗാന്ധിജി കൂടിക്കാഴ്ച സ്വതന്ത്ര ഇന്ത്യയുടെ സ്വപ്നത്തിന് മൂർത്തമായ അർത്ഥം നൽകിയെന്നും 100 വർഷങ്ങൾക്കു മുമ്പ് നടന്ന ഈ കൂടിക്കാഴ്ച ഇന്നും പ്രചോദനവും പ്രസക്തവുമാണെന്നും മോദി പറഞ്ഞു.
ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി, ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.











