01:47am 07 September 2026
NEWS
ദേവസ്വം ബോർഡിന്റെ പ്രവർത്തനത്തിൽ അതൃപ്തി; ഓണസദ്യയിലെ വിവേചനത്തിനെതിരെ മന്ത്രി കെ. മുരളീധരൻ
05/09/2026  09:05 PM IST
nila
ദേവസ്വം ബോർഡിന്റെ പ്രവർത്തനത്തിൽ അതൃപ്തി; ഓണസദ്യയിലെ വിവേചനത്തിനെതിരെ മന്ത്രി കെ. മുരളീധരൻ

കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി പരസ്യമാക്കി ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. തിരുവോണദിവസം ജീവനക്കാർക്കും മറ്റുള്ളവർക്കുമായി വ്യത്യസ്ത രീതിയിൽ സദ്യ വിളമ്പിയ സംഭവത്തെ വിമർശിച്ചാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഓണത്തിന് ഒരേ പന്തിയിൽ രണ്ട് തരത്തിലുള്ള ഭക്ഷണം വിളമ്പിയ നടപടി അംഗീകരിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാർക്ക് സദ്യയും മറ്റുള്ളവർക്ക് മഞ്ഞച്ചോറുമാണ് നൽകിയതെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനത്തിൽ തനിക്ക് സംതൃപ്തിയില്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

അതേസമയം, ഗുരുവായൂർ ദേവസ്വവും മലബാർ ദേവസ്വവും സർക്കാരുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയായിരുന്നു ദേവസ്വം ബോർഡിനെതിരായ മന്ത്രിയുടെ പരാമർശങ്ങൾ.

"ആറന്മുള വള്ളസദ്യ ഞാനാണ് തുടങ്ങിവെച്ചത്. എല്ലാവർഷവും വകുപ്പുമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇത്തവണയും ഞാൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് പ്രസിഡന്റ് എന്തുകൊണ്ടാണ് വരാത്തത് എന്ന് എനിക്കറിയില്ല. ഞങ്ങൾ തമ്മിൽ അസംതൃപ്തിയില്ല, എന്നാൽ ബോർഡിന്റെ പ്രവർത്തനത്തിൽ സംതൃപ്തിയില്ല. കാരണം, തിരുവോണത്തിന് ഒരേ പന്തിയിൽ രണ്ട് വിളമ്പ് നടത്തി. ജീവനക്കാർക്ക് സദ്യ, അല്ലാത്തവർക്ക് മഞ്ഞച്ചോറ്. എന്നിട്ട് പറഞ്ഞത് പുലാവ് എന്നാണ്. കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല. എനിക്ക് പലരും ഫോട്ടോ അയച്ചുതന്നിരുന്നു. അതുകൊണ്ട് പ്രവർത്തനത്തിൽ എനിക്ക് തൃപ്തിയില്ല. എന്നാൽ, കൊച്ചി ദേവസ്വം ബോർഡ്, ഗുരുവായൂർ ദേവസ്വം ബോർഡ്, കൂടൽമാണിക്യം, മലബാർ ദേവസ്വം ബോർഡ് തുടങ്ങിയവരൊക്കെ സർക്കാരുമായി സഹകരിക്കുന്നുണ്ട്", മന്ത്രി പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള: എസ്.ഐ.ടി അന്വേഷണത്തിലും അതൃപ്തി

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണത്തിലും തനിക്ക് അന്നും ഇന്നും തൃപ്തിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഹൈക്കോടതിയാണ് എസ്.ഐ.ടിയെ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ കുറ്റപത്രം സമർപ്പിച്ച ശേഷം സർക്കാരിന് ആവശ്യമായ ഇടപെടലുകൾ നടത്താൻ കഴിയുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img