06:01pm 24 November 2026
NEWS
വെർച്വൽ ക്യൂ പരിധി കഴിഞ്ഞെന്ന് പറഞ്ഞ് ശബരിമല ദർശനം നിഷേധിക്കരുത്; കൂടുതൽ സ്പോട്ട് ബുക്കിങ് വേണമെന്ന് ദേവസ്വം മന്ത്രി
24/11/2026  04:52 PM IST
nila
വെർച്വൽ ക്യൂ പരിധി കഴിഞ്ഞെന്ന് പറഞ്ഞ് ദർശനം നിഷേധിക്കരുത്; കൂടുതൽ സ്പോട്ട് ബുക്കിങ് വേണമെന്ന് ദേവസ്വം മന്ത്രി


പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് കൂടുതൽ സ്പോട്ട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ കൂടി സ്പോട്ട് ബുക്കിങ് അനുവദിക്കണമെന്നാണ് മന്ത്രിയുടെ നിർദേശം. ഇക്കാര്യം ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് മന്ത്രി കത്ത് നൽകി.

ആഭ്യന്തര വകുപ്പുമായി ചർച്ച നടത്തി ഹൈക്കോടതിയുടെ അനുമതി തേടി ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്നാണ് കത്തിലെ നിർദേശം. വെർച്വൽ ക്യൂവിന്റെ നിശ്ചിത പരിധി കഴിഞ്ഞെന്ന കാരണത്താൽ തീർത്ഥാടകർക്ക് അയ്യപ്പദർശനം നിഷേധിക്കുന്നത് ശരിയായ നടപടിയല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വെർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെന്ന പരാതിയും ഭക്തർക്കിടയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിവരെ 39,114 തീർത്ഥാടകർ ശബരിമലയിൽ ദർശനം നടത്തി.

അതേസമയം, സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്ന സാഹചര്യം നേരിടാൻ ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ശബരിമല എഡിഎം ദിലീപ് കെ. കൈനിക്കര അറിയിച്ചു. പമ്പാനദിയിൽ മാലിന്യം നിക്ഷേപിക്കുന്നവരിൽനിന്ന് പിഴ ഈടാക്കാൻ ഹൈക്കോടതിയുടെ അനുമതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനായി പമ്പ ഡ്യൂട്ടി മജിസ്ട്രേറ്റ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സ്പെഷ്യൽ ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ പത്തുദിവസമായി തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിക്കാൻ സഹകരിച്ച ദേവസ്വം ബോർഡ് ജീവനക്കാരെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും എഡിഎം അഭിനന്ദിച്ചു. സന്നിധാനവും പരിസരവും വൃത്തിയോടെ സംരക്ഷിക്കുന്ന വിശുദ്ധി സേനയുടെ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img