
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ (എസ്.ഐ.ടി) അടുത്ത ഘട്ടം അന്വേഷണം 2025-ലെ ക്രമക്കേടുകളിലേക്കും അന്നത്തെ ദേവസ്വം ഭരണസമിതിയിലേക്കും കടക്കുന്നു. സ്ഥാനമൊഴിഞ്ഞ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്, നിലവിലെ തിരുവാഭരണം കമ്മിഷണർ ആർ. റെജിലാൽ എന്നിവരെ കുരുക്കിലാക്കുന്ന നിർണായക തെളിവുകൾ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ഹൈക്കോടതിയുടെ കർശന നിർദ്ദേശപ്രകാരമാണ് ഗൂഢാലോചന സംബന്ധിച്ചും ഉന്നതതലത്തിലുള്ള പങ്കാളിത്തത്തെക്കുറിച്ചുമുള്ള അന്വേഷണം മുന്നോട്ട് പോകുന്നത്.
2019-ലെ മോഷണം മറയ്ക്കാൻ 2025-ലും രഹസ്യനീക്കം
2019-ൽ നടന്ന സ്വർണ മോഷണം മറച്ചുവെക്കാനാണ് 2025-ലെ അറ്റകുറ്റപ്പണിയും കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ ഏൽപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ രഹസ്യനീക്കങ്ങൾ നടന്നതെന്നാണ് കണ്ടെത്തൽ.
ചെമ്പ് തെളിഞ്ഞ ശില്പം: 40 വർഷത്തെ വാറന്റി പറഞ്ഞ് 2019-ൽ സ്വർണം പൂശിയെത്തിച്ച ദ്വാരപാലക ശില്പങ്ങളിലും പീഠങ്ങളിലും വൈകാതെ ചെമ്പ് തെളിഞ്ഞിരുന്നു.
പോറ്റിയെ ഏൽപ്പിക്കാനുള്ള വ്യഗ്രത: 2024-ൽത്തന്നെ പോറ്റിയെ വീണ്ടും ഏൽപ്പിക്കാൻ നീക്കം നടന്നെങ്കിലും നടന്നില്ല. എന്നാൽ, 2025 ജൂലൈയിൽ വീണ്ടും തിടുക്കത്തിൽ നീക്കമുണ്ടായി. കള്ളിവെളിച്ചത്താകാതിരിക്കാനാണ് പോറ്റിയെത്തന്നെ ചുമതലപ്പെടുത്താൻ ബോർഡ് വ്യഗ്രത കാട്ടിയതെന്നാണ് ഹൈക്കോടതിയുടെ നിഗമനം.
പ്രസിഡന്റും കമ്മിഷണറും കുരുക്കിൽ
നടപടികൾ വേഗത്തിലാക്കിയത് അന്നത്തെ പ്രസിഡന്റ് പ്രശാന്തിന്റെ നിർദ്ദേശപ്രകാരമാണെന്ന് ഹൈക്കോടതി ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തിരുവാഭരണം കമ്മിഷണർ റെജിലാലിനെ ചോദ്യം ചെയ്തിരുന്നു.
റെജിലാലിന്റെ നിലപാട് മാറ്റം: ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന് സാങ്കേതിക വൈദഗ്ദ്ധ്യമില്ലെന്ന് 2025 ജൂലായ് 30ന് കത്തുനൽകിയ കമ്മിഷണർ നിലപാട് മാറ്റി. പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം നടപടി വേഗത്തിലാക്കുകയാണെന്ന് കാണിച്ച് ആഗസ്റ്റ് 21ന് പുതിയ കത്തുനൽകി.
2025-ലെ ക്രമക്കേടുകളിലേക്ക് വിരൽചൂണ്ടി ശക്തമായ തെളിവുകൾ:ക്രമക്കേട് വിവരങ്ങൾ
തന്ത്രിയുടെ കത്ത് അവഗണിച്ചു ക്ഷേത്രപരിസരത്തുവെച്ച് അറ്റകുറ്റപ്പണി നടത്തണമെന്ന തന്ത്രി മഹേഷ് മോഹനരരുടെ കത്ത് ബോർഡ് അവഗണിച്ചു. ശില്പങ്ങൾ പോറ്റിക്ക് കൈമാറാനുള്ള ഉത്തരവ് സെപ്തംബർ 3ന് പുറത്തിറക്കി.
ടെൻഡറില്ലാതെ ചുമതല ടെൻഡർ വിളിക്കാതെയും വിദഗ്ദ്ധരുടെ റിപ്പോർട്ടില്ലാതെയും അറ്റകുറ്റപ്പണി ഉണ്ണികൃഷ്ണൻ പോറ്റിയെ രഹസ്യമായി ഏൽപ്പിച്ചു.
കോടതി ഉത്തരവ് ലംഘനം സ്പെഷ്യൽ കമ്മിഷണറെ അറിയിക്കാതെ സ്വർണപ്പാളികൾ ഇളക്കിമാറ്റി. ഹൈക്കോടതിയുടെ 2023-ലെ ഉത്തരവ് ലംഘിച്ച് പുറത്തേക്ക് കടത്തി.
മിനിട്സ് ബുക്കിലെ ദുരൂഹത ദേവസ്വം ബോർഡ് മിനിട്സ് ബുക്കിലെ പേജുകൾ ജൂലായ് 28നുശേഷം ശൂന്യം. പാളികൾ കൊടുത്തുവിടാനുള്ള തീരുമാനവും ഉത്തരവും അതിനുശേഷമാണ് എടുത്തത്.
കനത്ത സുരക്ഷയിലെ ദുരൂഹത കനത്ത സുരക്ഷയോടെയാണ് പാളികൾ കൊണ്ടുപോയതെന്ന് ബോർഡ് അവകാശപ്പെട്ടെങ്കിലും പീഠങ്ങൾ പോറ്റിയുടെ തിരുവനന്തപുരത്തെ സഹോദരിയുടെ വീട്ടിലെത്തിയത് ദുരൂഹത വർദ്ധിപ്പിക്കുന്നു.രാജ്യാന്തര മാഫിയ ബന്ധം?
സ്വർണമോഷണത്തിനു പുറമെ, ശില്പങ്ങളുടെ ഒറിജിനൽ തട്ടിയെടുത്ത് പകരം പകർപ്പ് വയ്ക്കുന്ന കുറ്റമാണ് പോറ്റിയും കൂട്ടരും ചെയ്തതെന്നാണ് ഏകദേശം വ്യക്തമായിട്ടുള്ളത്. ഈ കുറ്റം സ്ഥിരീകരിച്ചാൽ കേസിന് മറ്റൊരു മാനം കൈവരും. പോറ്റിയും കൂട്ടരും ക്ഷേത്രകലാ രൂപങ്ങളുടെ കള്ളക്കച്ചവടം നടത്തുന്ന രാജ്യാന്തര മാഫിയയുടെ കണ്ണിയാണോ എന്ന സംശയവും ഹൈക്കോടതി ഉന്നയിച്ചിരുന്നു.











