05:23pm 11 November 2026
NEWS
പി.എം.ശ്രീ: അവസരത്തിനൊത്ത് സർക്കാർ ഉയർന്നു; ദേവസ്വം ബോർഡുകൾ പിരിച്ചുവിടണം: വെള്ളാപ്പള്ളി നടേശൻ
27/10/2025  10:03 AM IST
ന്യൂസ് ബ്യൂറോ
പി.എം.ശ്രീ: അവസരത്തിനൊത്ത് സർക്കാർ ഉയർന്നു; ദേവസ്വം ബോർഡുകൾ പിരിച്ചുവിടണം: വെള്ളാപ്പള്ളി നടേശൻ

​ആലുവ: പി.എം.ശ്രീ | പദ്ധതിയിൽ ഒപ്പുവച്ചതിലൂടെ സംസ്ഥാന സർക്കാർ അവസരത്തിനൊത്ത് ഉയർന്നെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേന്ദ്രത്തിൽനിന്ന് കേരളത്തിന് അവകാശപ്പെട്ട കോടിക്കണക്കിന് രൂപ ആദർശം പറഞ്ഞ് നഷ്ടപ്പെടുത്താതിരുന്നത് നല്ല കാര്യമാണ്. ഇത് സി.പി.എം-ബി.ജെ.പി അന്തർധാരയല്ല, പ്രായോഗിക ബുദ്ധിയാണെന്നും അദ്ദേഹം പറഞ്ഞു.
​ആലുവ യൂണിയൻ ആസ്ഥാനമന്ദിരത്തിന് കല്ലിടാനെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയിൽ നിന്ന് ചർച്ച നടത്തി ആനുകൂല്യം നേടിയെടുക്കുന്നത് അന്തർധാരയല്ല. നയം കാലാനുസൃതമായി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

​അതേസമയം, പി.എം.ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതിനെ സി.പി.ഐ എതിർക്കുന്നത് 'ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കാനാണ്'. പാസാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോൾ സി.പി.ഐയുടെ എതിർപ്പ് അടങ്ങും. സി.പി.ഐ എത്രയോ വിഷയങ്ങളിൽ നിലപാട് മാറ്റിയെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

​ദേവസ്വം ബോർഡുകൾ പിരിച്ചുവിടണം

​കേരളത്തിലെ ദേവസ്വം ബോർഡുകൾ പിരിച്ചുവിട്ട് സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഭരണസമിതിയെ നിയോഗിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. ജൂനിയർ ഐ.എ.എസുകാരും ആർ.ഡി.ഒമാരും ജനപ്രതിനിധികളും ഭരണസമിതിയിൽ വേണം. ഫയലുകളെല്ലാം അവസാനം വകുപ്പ് മന്ത്രി ഒപ്പിടണം. കേന്ദ്ര സർക്കാരിന് കീഴിലുള്ള കോഫി ബോർഡ്, കയർ ബോർഡ് പോലുള്ള ഭരണസമിതി വന്നാൽ അഴിമതി കുറയുമെന്നും അദ്ദേഹം പറഞ്ഞു.

​യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ, റബ്ബർ ബോർഡ് വൈസ് ചെയർമാൻ കെ.എ. ഉണ്ണികൃഷ്ണൻ, ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ എന്നിവരും വെള്ളാപ്പള്ളിക്കൊപ്പം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img