
ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയേയും പ്രതിചേർത്തു. 2019ലെ, എ.പത്മകുമാർ പ്രസിഡന്റായ ഭരണസമിതിയെയാണ് ക്രൈംബ്രാഞ്ച് പ്രതിചേർത്തത്. ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളും വാതിലിന്റെ കട്ടിളയും സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയ സമയത്തുണ്ടായിരുന്നത് ഈ ഭരണസമിതിയായിരുന്നു. സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. ദേവസ്വം ഉദ്യോഗസ്ഥരായ ഒമ്പതുപേരെയും കൂട്ടുപ്രതികളാക്കിയിട്ടുണ്ട്.
2019 ൽ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന ബി.മുരാരി ബാബു, എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാർ, ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ, അസി.എൻജിനീയർ കെ.സുനിൽകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്രീകുമാർ, തിരുവാഭരണം കമ്മിഷണർമാരായ കെ.എസ്.ബൈജു, ആർ.ജി.രാധാകൃഷ്ണൻ, പാളികൾ തിരികെ പിടിപ്പിച്ചപ്പോൾ എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന രാജേന്ദ്രപ്രസാദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കെ.രാജേന്ദ്രൻ നായർ എന്നിവരാണ് ഈ 9 പേർ.
കവർച്ച, വിശ്വാസവഞ്ചന, മോഷണം, ഗൂഢാലോചന തുടങ്ങി ജാമ്യം കിട്ടാത്ത വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിലെ കട്ടിളയുടെയും പാളികളിലെ സ്വർണം കൊള്ളയടിക്കപ്പെട്ട 2 വ്യത്യസ്ത സംഭവങ്ങളിലായാണ് കേസ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ആദ്യം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യും. മറ്റു പ്രതികളെയും ചോദ്യംചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയേക്കും.