
കർണാടകം: മുൻപ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനും ജെഡിഎസ് യുവനേതാവുമായ നിഖിൽ ഗൗഡയും ബിജെപി വിട്ട് കോൺഗ്രസ്സിലെത്തിയ മുൻമന്ത്രി യോഗേശ്വറുമാണ് പ്രധാന സ്ഥാനാർത്ഥികളെങ്കിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചന്നപട്ടണയിൽ യഥാർത്ഥ മത്സരം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി കുമാരസ്വാമിയും തമ്മിലാണ്. സ്ഥാനാർത്ഥികളായ നിഖിലും യോഗേശ്വറും ഒരുപോലെ കരുത്തരാണ്. അതിനാൽ ആരു വിജയിക്കുമെന്ന് പ്രവചിക്കാനാവില്ല. രാജകുടുംബാംഗവും മൈസൂരു എം പി യുമായ യദുവീർ വൊഡയർ കുമാരസ്വാമിയോടൊപ്പം നിഖിലിന്റെ പ്രചാരണത്തിനെത്തിയിരുന്നു. രാജകുടുംബത്തെ ബഹുമാനിക്കുന്ന പതിനഞ്ചായിരത്തോളം കുടുംബങ്ങൾ ചന്നപട്ടണയിലുണ്ട്. വ്യത്യസ്ത സമുദായങ്ങളിൽ പെട്ട ഈ കുടുംബങ്ങളുടെ വോട്ട് നിഖിലിന് ഉറപ്പാക്കിയിരിക്കുകയാണ് യദുവീർ. പ്രചാരണം കൊഴുക്കുന്നതിനിടയിൽ 'കൊച്ചുമകന്റെ പട്ടാഭിഷേകത്തിന് ദേവഗൗഡ ആംബുലൻസിലാണ് എത്തുക' എന്നുള്ള മുൻ എം പി ഡികെ സുരേഷിന്റെ പരിഹാസപരാമർശം വിവാദമായി. "ദൈവാനുഗ്രഹത്താൽ മുത്തച്ഛന്റെ ആരോഗ്യത്തിന് പ്രശ്നമൊന്നുമില്ല. ദീപാവലി കഴിഞ്ഞ ഉടനെ അദ്ദേഹം പ്രചാരണത്തിനെത്തും" നിഖിൽ വ്യക്തമാക്കി. വൊക്കലിഗ കേന്ദ്രമായ ചന്നപട്ടണയിൽ ദേവഗൗഡയ്ക്ക് ആയിരക്കണക്കിന് അനുയായികളുണ്ട്. "ഡി കെ സുരേഷ് മാത്രമല്ല മാഗഡി എം എൽ എ ബാലകൃഷ്ണയും മുൻ എംഎൽഎ അശ്വത്തും ദേവഗൗഡയെ പരിഹസിച്ചിട്ടുണ്ട്. അതിനുള്ള മറുപടി ഞാൻ പിന്നീട് പറയാം"കുമാരസ്വാമി പ്രതികരിച്ചു. 2021 നടന്ന ചന്നപട്ടണ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ 31ൽ പതിനാറു സീറ്റുകൾ നേടി ജെഡിഎസ് ഭരണം പിടിച്ചിരുന്നു. കോൺഗ്രസ്സിനും ബിജെപിയ്ക്കും ഏഴു സീറ്റുകൾ വീതമാണ് ലഭിച്ചത്. ഒരു സ്വതന്ത്രസ്ഥാനാർത്ഥിയും ജയിച്ചിരുന്നു. കഴിഞ്ഞ മാസം ജെഡിഎസ്സിന്റെ 16ൽ 13 അംഗങ്ങളും ഡി കെ ശിവകുമാറിന്റെ സ്വാധീനഫലമായി കോൺഗ്രസ്സിൽ ചേർന്ന് ഭരണം പിടിച്ചത് കുമാരസ്വാമിയ്ക്ക് വലിയ ആഘാതം സൃഷ്ടിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം ബിജെപിയുടെ ആറു അംഗങ്ങളും കോൺഗ്രസ്സിലേക്ക് കൂറുമാറി. യോഗേശ്വറുമായി അടുപ്പമുള്ളവരാണിവർ. അതേ സമയം കോൺഗ്രസ്സിന്റെ മുൻ ജനറൽ സെക്രട്ടറിമാരിൽ ഒരാളായ ശാരദ ചന്ദ്രശേഖറും അനുയായികളും ജെഡിഎസ്സി ലെത്തിയിട്ടുണ്ട്. കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിയാകുമെന്ന് കരുതപ്പെട്ടിരുന്ന രഘുനന്ദൻ രാമണ്ണ യോഗേശ്വറുമായി അകന്നുനിൽക്കുകയാണ്. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ഡി കെ യുടെ ശ്രമം വിജയിച്ചിട്ടില്ല. ഹൈ വോൾട്ടേജ് പ്രചാരണമാണ് ചന്നപട്ടണയിൽ നടക്കുന്നത്.