12:31pm 30 April 2026
NEWS
ദേവഗൗഡ കർണാടകത്തിൽ സംസ്ഥാന പര്യടനമാരംഭിക്കുന്നു; ജെഡി എസ്സ് ശക്തിപ്പെടുത്തുക ലക്ഷ്യം
29/01/2025  12:21 PM IST
വിഷ്ണുമംഗലം കുമാർ
ദേവഗൗഡ കർണാടകത്തിൽ സംസ്ഥാന പര്യടനമാരംഭിക്കുന്നു; ജെഡി എസ്സ് ശക്തിപ്പെടുത്തുക ലക്ഷ്യം

മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ പ്രതിഛായയും ജനസ്വാധീനവുമാണ് ജനതാദൾ(സെക്കുലർ) അഥവാ ജെഡിഎസ്സ് എന്ന രാഷ്ട്രീയ പാർട്ടിയെ നിലനിർത്തുന്നത്. 1999-ൽ രൂപം കൊണ്ടതുമുതൽ ദേവഗൗഡയാണ് ജെഡിഎസ്സിന്റെ ദേശീയ അധ്യക്ഷൻ. തൊണ്ണൂറ്‌ വയസ്സ് പിന്നിട്ട അദ്ദേഹത്തിന് പ്രായാധിക്യത്തിന്റെ പ്രയാസങ്ങളും രോഗപീഡകളുമുണ്ട്. എന്നിരുന്നാലും ഈ കർഷകനേതാവ് രാഷ്ട്രീയത്തിൽ സജീവമാണ്. രാജ്യസഭ അംഗമായ അദ്ദേഹം പാർലമെന്റിലെത്താറുണ്ട്. ജെഡിഎസ്സിന് കാര്യമായ സ്വാധീനമുള്ളത് ദേവഗൗഡയുടെ സ്വന്തം സംസ്ഥാനമായ കർണാടകത്തിലാണ്. അവിടെ ഒറ്റയ്ക്കും കൂട്ടായും ഈ പാർട്ടി അധികാരത്തിലെത്തിയിട്ടുണ്ട്. കർണാടകത്തിന് പുറമെ കേരളത്തിലും അരുണാചൽ പ്രദേശിലുമാണ് ജെഡിഎസ്സിന് പ്രവർത്തനക്ഷമമായ യൂണിറ്റുകളുള്ളത്. കർണാടകത്തിൽ പാർട്ടിയ്ക്ക് മൂന്ന് പാർലമെന്റ് അംഗങ്ങളും എട്ട് എംഎൽസിമാർ അടക്കം ഇരുപത്തിയാറ് നിയമസഭ പ്രതിനിധികളുമുണ്ട്. കേരളത്തിൽ രണ്ട് എംഎൽ എമാരുള്ളതിൽ ഒരാൾ മന്ത്രിയാണ്. പ്രധാന പ്രവർത്തന മേഖലയായ കർണാടകത്തിൽ പാർട്ടിയുടെ സ്വാധീനം കുറഞ്ഞുവരികയാണ്. ദേവഗൗഡയുടെ മൂത്തമകൻ രേവണ്ണയും കുടുംബവും കേസ്സുകളുടെ നൂലാമാലയിൽ പെട്ട് നട്ടംതിരിയുകയാണ്. രേവണ്ണയുടെ മകനും മുൻ ഹാസൻ എം പിയുമായ പ്രജ്വൽ രേവണ്ണ ലൈംഗിക പീഡനക്കേസിൽ അകപ്പെട്ട് ജയിലിലാണ്. ബിജെപിയുമായി കൂട്ടുചേർന്ന് എൻഡിഎയുടെ ഭാഗമായാണ് മതേതരത്വം ബ്രാക്കറ്റിൽ കൊണ്ടുനടക്കുന്ന ജെഡിഎസ്സ് പ്രവർത്തിക്കുന്നത്. ആ നിലപാട് ഇടതുമുന്നണിയുടെ ഭാഗമായ കേരളഘടകത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ദേവഗൗഡയുടെ ഇളയമകനും കേന്ദ്രമന്ത്രിയുമായ കുമാരസ്വാമിയ്ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ട്. സംസ്ഥാനത്ത് പാർട്ടിയുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ അദ്ദേഹത്തിന് സാവകാശം ലഭിക്കുന്നുമില്ല. കുമാരസ്വാമിയുടെ മകൻ നിഖിൽഗൗഡ പാർട്ടിയുടെ യുവജനവിഭാഗം സംസ്ഥാന അധ്യക്ഷനാണ്. 2019 - ൽ മന്ധ്യയിൽ നിന്ന് ലോകസഭയിലേക്കും 2023ൽ രാമനഗരയിൽ നിന്ന് നിയമസഭയിലേക്കും മത്സരിച്ചു തോറ്റതിന്റെ വിഷമത്തിലും നിരാശയിലുമായിരുന്നു സിനിമാനടൻ കൂടിയായ നിഖിൽ. കഴിഞ്ഞവർഷം ദേവഗൗഡയും കുമാരസ്വാമിയും നിഖിലിനെ നിർബന്ധിച്ച്‌ ചന്നപട്ടണ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കി. അവിടെയും പരാജയപ്പെടേണ്ടിവന്നത് ആ യുവാവിന് ഉണ്ടാക്കിയ മനക്ലേശവും അപമാനവും കുറച്ചൊന്നുമല്ല. എന്നിരുന്നാലും ഇനിയങ്ങോട്ട് പാർട്ടിയെ നയിക്കാൻ നിഖിൽ തന്നെയാണ് അനുയോജ്യൻ എന്ന അഭിപ്രായമാണ് രാഷ്ട്രീയ കാരണവരായ ദേവഗൗഡയ്ക്കുള്ളത്. അതിനാൽ നിഖിലിലെ ജെഡിഎസ് സംസ്ഥാന അധ്യക്ഷനാക്കാൻ അദ്ദേഹം തീരുമാനിച്ചുകഴിഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി മാർച്ചിൽ നിഖിലിനെയും കൂട്ടി സംസ്ഥാനമൊട്ടാകെ പര്യടനം നടത്തുമെന്ന് ദേവഗൗഡ പ്രഖ്യാപിച്ചു. സ്വന്തം സന്തതിയായ ജെഡിഎസ്സ് തന്റെ കാലശേഷവും ശക്തമായി നിലനിൽക്കണമെന്ന് കർഷക നേതാവായ ദേവഗൗഡ ആഗ്രഹിക്കുന്നു. രാഷ്ട്രീയാവബോധവും പോരാട്ട വീര്യവും അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞുകിടക്കുന്നുണ്ട്. തൊണ്ണൂറ്റിരണ്ടാം വയസ്സിലും വിശ്രമിക്കാൻ കൂട്ടാക്കാതെ മുൻ പ്രധാനമന്ത്രി രാഷ്ട്രീയ പോരാട്ടത്തിനിറങ്ങുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img