
ഇസ്രയേൽ വെള്ളിയാഴ്ച്ച പുലർച്ചെ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയെന്ന് ഇറാൻ. തന്ത്രപ്രധാനമായ നിരവധി സൈനിക താവളങ്ങൾ ഉൾപ്പടെ ഇസ്രയേലിലെ നൂറ്റമ്പതോളം കേന്ദ്രങ്ങൾ ആക്രമിച്ചെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ഇസ്രയേൽ ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങളും ജാഗ്രതയിലാണ്. ഓപ്പറേഷൻ റൈസിങ് ലയൺ എന്നപേരിലാണ് ഇസ്രയേൽ ഇറാനെ ആക്രമിക്കുന്നത്. ഓപ്പറേഷൻ ട്രൂ പ്രോമിസ് III എന്നാണ് തങ്ങളുടെ പ്രത്യാക്രമണത്തിന് ഇറാൻ നൽകിയിരിക്കുന്ന പേര്.
നെവാതിം, ഓവ്ഡ വ്യോമത്താവളങ്ങളിലും ഇസ്രയേൽ സൈനികകാര്യ മന്ത്രാലയവും സൈനിക-വ്യാവസായിക കേന്ദ്രങ്ങളും ആക്രമിച്ചുവെന്ന് ഇറാൻ ഇസ്ലാമിക് റവലൂഷൻ ഗാർഡ് കോർപ്‌സിന്റെ വക്താവ് ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദി പറഞ്ഞു. ഇസ്രയേലിന്റെ രണ്ട് എഫ്-35 യുദ്ധ വിമാനങ്ങൾ തകർത്തതായും ഇറാൻ സൈന്യം അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യം ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. എൺപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഇരുപക്ഷത്ത് നിന്നുള്ള ആക്രമണങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും ലോഞ്ചറുകളും വ്യോമസേന തുടർച്ചയായി തകർത്തുവരികയാണെന്ന് ഇസ്രായേൽ പ്രതിരോധസേന അറിയിച്ചു. ടെൽ അവീവിലും ജറുസലേമിലുമാണ് ഇറാൻ ആക്രമണം കൂടുതൽ ആഘാതമുണ്ടാക്കിയിരിക്കുന്നത്. രാവിലെ ടെഹ്‌റാനിൽ ഇസ്രയേൽ ആക്രമണവുണ്ടായി.











