06:47am 25 November 2026
NEWS
സുപ്രീം കോടതി അനുമതി നൽകിയിട്ടും ദീപത്തൂണിൽ കാർത്തികദീപം തെളിച്ചില്ല; തിരുപ്പറങ്കുണ്ടരത്ത് പ്രതിഷേധം, സംഘർഷാവസ്ഥ


25/11/2026  06:29 AM IST
nila
സുപ്രീം കോടതി അനുമതി നൽകിയിട്ടും ദീപത്തൂണിൽ കാർത്തികദീപം തെളിച്ചില്ല; തിരുപ്പറങ്കുണ്ടരത്ത് പ്രതിഷേധം, സംഘർഷാവസ്ഥ

മധുര: സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ അനുമതി ലഭിച്ചിട്ടും തമിഴ്‌നാട്ടിലെ തിരുപ്പറങ്കുണ്ടരം മലമുകളിലെ വിവാദ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചില്ല. പതിവ് ആചാരപ്രകാരം ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപത്തെ ദീപമണ്ഡപത്തിലാണ് അധികൃതർ ഇത്തവണയും മഹാദീപം തെളിയിച്ചത്. ഇതിനെതിരെ ഹിന്ദു സംഘടനകളും ബിജെപി പ്രവർത്തകരും ഭക്തരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.

നവംബർ 20നാണ് തിരുപ്പറങ്കുണ്ടരത്തെ ദീപത്തൂണിൽ ഇത്തവണത്തെ കാർത്തിക മഹോത്സവത്തിന്റെ ഭാഗമായി ദീപം തെളിയിക്കാൻ സുപ്രീം കോടതി ഇടക്കാല അനുമതി നൽകിയത്. ക്ഷേത്ര അധികൃതർ നിയോഗിക്കുന്ന സംഘത്തിന് കർശന നിയന്ത്രണങ്ങളോടെ ചടങ്ങ് നടത്താമെന്നായിരുന്നു ഉത്തരവ്. എന്നാൽ ദീപത്തൂണിൽ ദീപം തെളിയിക്കാൻ നൽകിയ അനുമതി ഭാവിയിൽ അവിടെ മതപരമായോ ആചാരപരമായോ സ്ഥിരാവകാശം സ്ഥാപിക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചും ബുധനാഴ്ച നിർദേശിച്ചിരുന്നു. നിരോധനാജ്ഞയുടെ മറവിൽ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നിട്ടും ദീപത്തൂണിൽ ദീപം തെളിയിക്കാൻ ക്ഷേത്ര അധികൃതർ തയ്യാറായില്ല. പകരം പതിവ് സ്ഥലത്ത് തന്നെ ചടങ്ങുകൾ പൂർത്തിയാക്കുകയായിരുന്നു.

മുൻ ഡിഎംകെ സർക്കാർ സ്വീകരിച്ച നിലപാടിൽനിന്ന് വ്യത്യസ്തമായ സമീപനം പുതിയ മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം സർക്കാരും സ്വീകരിച്ചില്ല. സാമുദായിക സൗഹാർദത്തിനും ക്രമസമാധാനത്തിനും ഭീഷണിയുണ്ടാകുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ ഹർജി നൽകിയിരുന്നു.

സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ രംഗത്തെത്തി. സുപ്രീം കോടതി ഉത്തരവ് വിജയ് സർക്കാർ ലംഘിച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജനെ മധുര വിമാനത്താവളത്തിൽ പൊലീസ് തടഞ്ഞു. ബിജെപി, ഹിന്ദു സംഘടനാ പ്രവർത്തകരിൽ നിരവധിപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഘർഷസാധ്യത കണക്കിലെടുത്ത് തിരുപ്പറങ്കുണ്ടരത്തും സമീപപ്രദേശങ്ങളിലുമായി 5,600ലധികം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. മധുര ജില്ലയിൽ ബുധനാഴ്ച രാവിലെ വരെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. മലമുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തി.

അതേസമയം, സുപ്രീം കോടതി നിർദേശങ്ങൾ നടപ്പാക്കിയതുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മധുര ജില്ലാ കളക്ടറോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ 2027 ജനുവരി രണ്ടാം വാരം വീണ്ടും വാദം കേൾക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img