
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പും പൂർത്തിയായി. യുഡിഎഫ് സ്ഥാനാർഥിയായ ഷാനിമോൾ ഉസ്മാൻ 99 വോട്ടുകൾ നേടി പുതിയ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. നാല് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനും സിപിഐയുടെ മുഹമ്മദ് മുഹ്സിനുമായിരുന്നു മത്സരിച്ചത്. വിജയസാധ്യത കുറവായിരുന്നെങ്കിലും ജനാധിപത്യ നടപടിക്രമങ്ങളുടെ ഭാഗമായി സ്ഥാനാർഥിയെ നിർത്താൻ എൽഡിഎഫ് തീരുമാനിക്കുകയായിരുന്നു.
വോട്ടെടുപ്പ് നടപടികൾ പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ സഭ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിലേക്ക് കടന്നു. അടുത്ത ദിവസങ്ങളിലും ചർച്ച തുടരുമെന്നാണ് സൂചന.
പുതിയ സർക്കാരിന്റെ നയങ്ങളും ഭരണനടപടികളും ചർച്ചയിൽ പ്രധാന വിഷയങ്ങളാകും. പ്രതിപക്ഷം വിവിധ വിഷയങ്ങളിൽ സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർത്താനൊരുങ്ങുമ്പോൾ ഭരണപക്ഷം അതിന് മറുപടി നൽകും. സമകാലിക പ്രാധാന്യമുള്ള ഒരു വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.
നന്ദിപ്രമേയ ചർച്ചയുടെ ഭാഗമായി മറ്റന്നാൾ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസാരിക്കും. തുടർന്ന് ചർച്ചകൾക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകും.










