06:25am 13 November 2026
NEWS
പ്രീ ബഡ്ജറ്റ് യോഗം ഒഴിവാക്കി ഉപമുഖ്യമന്ത്രി ഡൽഹിയിൽ; അദ്ദേഹം മുഖ്യമന്ത്രിയാകാൻ ഭൂരിപക്ഷം എംഎൽഎമാരും ആഗ്രഹിക്കുന്നെന്ന് രാമനഗര എംഎൽഎ
11/02/2026  12:09 PM IST
വിഷ്ണുമംഗലം കുമാർ
പ്രീ ബഡ്ജറ്റ് യോഗം ഒഴിവാക്കി ഉപമുഖ്യമന്ത്രി ഡൽഹിയിൽ; അദ്ദേഹം മുഖ്യമന്ത്രിയാകാൻ ഭൂരിപക്ഷം എംഎൽഎമാരും ആഗ്രഹിക്കുന്നെന്ന് രാമനഗര എംഎൽഎ

 മുഖ്യമന്ത്രി സിദ്ധരാമയ്യയോടൊപ്പം പ്രധാന പരിപാടികളിലെല്ലാം നിറഞ്ഞുനിൽക്കാറുണ്ടായിരുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഈയിടെയായി മുഖ്യമന്ത്രിയുടെ മിക്ക പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയാണ്. ബംഗളുരു അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനചടങ്ങിലോ സമാപന പരിപാടിയിലോ അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതിരുന്നത് കൗതുകമുണർത്തിയിരുന്നു. അതിന് പുറമെയാണ് സംസ്ഥാന ബഡ്ജറ്റിന്റെ മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചുചേർത്ത ജലവിഭവ വകുപ്പിന്റെ യോഗത്തിൽ നിന്ന് ശിവകുമാർ വിട്ടുനിന്നത്. വകുപ്പിന്റെ മന്ത്രിയാണ് അദ്ദേഹം. ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ് ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. അതിനിടയിലാണ് ശിവകുമാർ ഡൽഹിയിലേക്ക് പോയത്. "ചില കേന്ദ്രമന്ത്രിമാരെയും എന്റെ പാർട്ടിയുടെ പ്രമുഖ നേതാക്കളെയും കാണേണ്ടതുണ്ട്. ഈ വരുന്ന മാർച്ച്‌ ആറിന് ഞാൻ പിസിസി അധ്യക്ഷ പദവിയിൽ ആറുവർഷം പൂർത്തിയാക്കുകയാണ്. അതുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾ ദേശീയ നേതാക്കളുമായി ചർച്ച ചെയ്യാൻ കൂടിയാണ് ഡൽഹിയിൽ വന്നത്"ശിവകുമാർ വ്യക്തമാക്കി."സംസ്ഥാനത്ത്‌ നേതൃമാറ്റമുണ്ടാകുമോ, രാഹുൽ ഗാന്ധിയെ കാണുമോ എന്ന ചോദ്യം അദ്ദേഹത്തെ വികാരാധീനനാക്കി. കാരണം തൊണ്ണൂറോളം എംഎൽഎമാർ ശിവകുമാർ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നതായുള്ള രാമനഗര എംഎൽഎ ഇക്ബാൽ ഹുസൈന്റെ പ്രസ്താവന ശ്രദ്ധയിൽ പെടുത്തിയപ്പോൾ "നിങ്ങളും അത് ആഗ്രഹിക്കുന്നില്ലേ" എന്നായിരുന്നു ശിവകുമാറിന്റെ മറുചോദ്യം. മുഖ്യമന്ത്രിയുമായി സംസാരിച്ചത് രഹസ്യമായല്ലെന്നും രാഹുൽ ഗാന്ധി, മല്ലികാർജ്ജുന ഖാർഗെ,  കെ സി  വേണുഗോപാൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നെന്നും ശിവകുമാർ വെളിപ്പെടുത്തി.  മുഖ്യമന്ത്രിസ്ഥാനം പങ്കിടുന്നതിനെ കുറിച്ച് 2023 ൽ നടന്ന സംഭാഷണമാണ് ശിവകുമാർ സൂചിപ്പിച്ചത്. സിദ്ധരാമയ്യയ്‌ക്ക് കാലാവധി പൂർത്തിയാക്കുന്നത് വരെ മുഖ്യമന്ത്രിയായി തുടരാൻ ഹൈക്കമാണ്ട് അനുമതിയുണ്ടെന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മകൻ യതീന്ദ്ര പ്രസ്താവിച്ചിരുന്നു. യതീന്ദ്ര ഞങ്ങളുടെ ഹൈക്കമാ ണ്ട് അല്ലെന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം. യതീന്ദ്രയുടെ പ്രസ്താവനയ്‌ക്ക് മറുപടിയായാണ് ശിവകുമാറിന്റെ അടുത്ത അനുയായിയായ ഇക്ബാൽ ഹുസൈൻ പ്രസ്താവന ഇറക്കിയത്. " തനിയ്ക്ക് അനുകൂലമായോ എതിരായോ പ്രസ്താവനയിറക്കി നേതാക്കൾ പാർട്ടിയെ നശിപ്പിക്കരുതെന്ന് ശിവകുമാർ മുന്നറിയിപ്പ് നൽകി. അനാവശ്യ പ്രസ്താവനകൾ പാടില്ലെന്നുള്ള എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ നിർദ്ദേശം എല്ലാ നേതാക്കൾക്കും ബാധകമാണെന്ന് ശിവകുമാർ വ്യക്തമാക്കി. നേതൃമാറ്റ ആവശ്യം ശിവകുമാറിന്റെ അനുയായികൾ ശക്തിപ്പെടുത്തുമ്പോൾ സിദ്ധരാമയ്യയാകട്ടെ പതിനേഴാമത്തെ തവണ ബഡ്ജറ്റ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img