
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ മന്ത്രിസഭയിൽ രണ്ടാം സ്ഥാനം എന്ന സൂചനയുമായി മുസ്ലീം ലീഗ്. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ഫേസ്ബുക്കിൽ പങ്കുവെച്ച ഗ്രാഫിക് ചിത്രമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്. രണ്ടാം നമ്പർ സ്റ്റേറ്റ് കാർ ലീഗ് ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്നതിന്റെ ഗ്രാഫിക് ചിത്രമാണ് പിഎംഎ സലാം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
നമ്മൾ തൂക്കിയെന്നും ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചു. യുഡിഎഫ് വൻഭൂരിപക്ഷത്തോടെ അധികാരത്തുമെന്ന ഫല സൂചനകൾക്കിടെയാണ് സലാമിന്റെ പോസ്റ്റ്. നിലവിലെ കണക്കുകൾ പ്രകാരം മുസ്‌ലിംലീഗ് അതിന്റെ ചരിത്രത്തിലെ ഏറ്റവും സീറ്റുകൾ നേടുമെന്ന സൂചനയാണ് ലഭിക്കുന്നത്. 26 സീറ്റുകളിൽ മത്സരിച്ച ലീഗ് 23 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. യുഡിഎഫ് അധികാരത്തിലേറിയാൽ ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽകൂടിയാണ് സലാമിന്റെ പോസ്റ്റ്.











