
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖയ്ക്കടുത്തുള്ള ഇന്ത്യൻ മഹാസമുദ്ര പ്രദേശങ്ങളിലും രൂപപ്പെട്ട ശക്തമായ ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇത് അടുത്ത 48 മണിക്കൂറിനിടെ പടിഞ്ഞാറ്–വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ ഭാഗത്തേക്ക് നീങ്ങുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തിൽ കേരളത്തിൽ ജനുവരി 9, 10, 11 തീയതികളിൽ വിവിധ ജില്ലകളിൽ നേരിയതോ ഇടത്തരമോ ആയ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജനുവരി 10-ന് ചില സ്ഥലങ്ങളിൽ ശക്തമായ മഴയും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
മഴ സാഹചര്യം കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മുന്നറിയിപ്പിൽ ചൂണ്ടിക്കാണിക്കുന്നത്. 24 മണിക്കൂറിനിടെ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ‘ശക്തമായ മഴ’യായി കണക്കാക്കുന്നത്.











