
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സർവീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ജോലി നൽകുന്ന 'സമാശ്വാസ തൊഴിൽദാന പദ്ധതി' കൂടുതൽ കാര്യക്ഷമമാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തെ (29-03-2025-ന്) പുറപ്പെടുവിച്ച ഉത്തരവിലെ അവ്യക്തതകൾ നീക്കിക്കൊണ്ടും പദ്ധതി നടപ്പാക്കുന്നതിലെ നടപടിക്രമങ്ങൾ സ്പഷ്ടീകരിച്ചുകൊണ്ടുമാണ് ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
മാറ്റത്തിൻ്റെ പ്രധാന ഊന്നൽ 'ഒഴിവുകളിൽ'
പുതിയ ഉത്തരവ് പ്രകാരം, ആശ്രിത നിയമനം സുഗമമാക്കാൻ ഒഴിവുകൾ നീക്കിവെക്കുന്ന രീതിയിൽ പ്രധാന മാറ്റം വരുത്തിയിട്ടുണ്ട്.
16-ാമത്തെ ഒഴിവ്: നടപ്പു കലണ്ടർ വർഷം മുതൽ ആശ്രിത നിയമനത്തിനായി ഓരോ പതിനാറാമത്തെ ഒഴിവും മാറ്റി വെക്കേണ്ടതാണ്.
ഏകീകൃത സംവിധാനം: ആശ്രിത നിയമനങ്ങൾക്കായി ഒരു ഏകീകൃത സംവിധാനം നിലവിൽ വരും. ഇത് പൊതുഭരണ (സർവീസസ്-ഡി) വകുപ്പ് മുഖേനയാണ് നടപ്പാക്കുക. ഈ സംവിധാനം വന്നുകഴിഞ്ഞാൽ, ആശ്രിത നിയമനത്തിനുള്ള എല്ലാ ഒഴിവുകളും ഈ വകുപ്പിൽ റിപ്പോർട്ട് ചെയ്യണം.
പഴയ കേസുകൾ എങ്ങനെ?
പുതിയ ഉത്തരവ് വരുന്നതിന് മുൻപുള്ള കേസുകളുടെ കാര്യത്തിലും സർക്കാർ വ്യക്തത വരുത്തി.
29-03-2025-ന് മുൻപുള്ള മരണം: ഈ തീയതിക്ക് മുമ്പ് മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതരുടെ കാര്യത്തിൽ 24-05-1999-ലെ ഉത്തരവിലെ വ്യവസ്ഥകളാണ് ബാധകമാക്കുക.
സമാശ്വാസ ധനം: ഉത്തരവ് തീയതിക്ക് (09-11-2025) മുമ്പ് മരണപ്പെട്ടവർക്ക് പുതിയ വ്യവസ്ഥ പ്രകാരമുള്ള സമാശ്വാസ ധനത്തിന് അർഹതയുണ്ടായിരിക്കില്ല. എന്നാൽ പഴയ ഉത്തരവ് പ്രകാരം ആശ്രിത നിയമനത്തിന് അർഹതയുണ്ടായിരിക്കും
നിയമന നടപടിക്രമങ്ങൾ
നിലവിലെ അപേക്ഷകൾ: 29-03-2025 മുതൽ സമർപ്പിച്ച അപേക്ഷകളുടെ കാര്യത്തിൽ, നേരത്തെ പുറപ്പെടുവിച്ച ഉത്തരവിലെ നടപടിക്രമങ്ങൾ അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കണം.
താൽക്കാലിക ഇളവ്: ഏകീകൃത സംവിധാനം നിലവിൽ വരുന്നതുവരെയോ, അല്ലെങ്കിൽ 31-12-2025 വരെയോ (ഏതാണോ ആദ്യം), ഭരണ വകുപ്പുകൾ നിയമനാനുമതി നൽകിക്കഴിഞ്ഞതോ അർഹത നിശ്ചയിച്ചതോ ആയ കേസുകളിൽ പഴയ ഉത്തരവിലെ വ്യവസ്ഥകൾ പ്രകാരം നിയമനം നൽകാം.
സൂപ്പർന്യൂമററി ജീവനക്കാർ: നിലവിൽ സൂപ്പർന്യൂമററി തസ്തികയിൽ ജോലി ചെയ്യുന്ന ആശ്രിതരെ, സീനിയോറിറ്റി ക്രമത്തിൽ, മാറ്റിവെച്ച ഒഴിവുകളിൽ റഗുലറൈസ് ചെയ്തതിനുശേഷം മാത്രമേ പുതിയ അപേക്ഷകരെ നിയമനത്തിനായി പരിഗണിക്കാൻ പാടുള്ളൂ.
ഒഴിവുകൾ ഇല്ലെങ്കിൽ
നിയമനം നൽകാൻ ഒഴിവുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഭരണ വകുപ്പുകൾ അപേക്ഷകരുടെ പേര് പൊതുഭരണ (സർവീസസ്-ഡി) വകുപ്പിൽ രജിസ്റ്റർ ചെയ്യണം.
രജിസ്റ്റർ ചെയ്തവർക്ക് നിയമനം നൽകുന്നതിനായി ഈ വകുപ്പ് അദാലത്ത് നടത്തേണ്ടതാണ്.
ഏകീകൃത സംവിധാനം വരുന്നതുവരെ നിയമനം ലഭിക്കാത്ത അപേക്ഷകർക്ക്, അപേക്ഷ സമർപ്പിച്ച തീയതിയിലെ യോഗ്യതയുടെ അടിസ്ഥാനത്തിൽ 5 തസ്തികകൾ തിരഞ്ഞെടുക്കാനുള്ള അവസരം നൽകും.
അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ നാംദേവ് ഖൊബ്രഗഡെ ഐ എ എസ് ആണ് ഉത്തരവിറക്കിയത്.










