
ലണ്ടൻ: സ്‌കോട്ടിഷ് ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ഡെന്നിസ് ലോ അന്തരിച്ചു. ബാലൺദ്യോർ നേടിയ ഏക സ്‌കോട്ടിഷ് താരമാണ് ഇദ്ദേഹം. രോഗബാധിതനായി ചികിത്സയിൽ കഴിയവെ 84മത്തെ വയസ്സിലാണ് അന്ത്യം. പ്രോസ്‌ട്രേറ്റ് കാൻസർബാധിതനായിരുന്ന താരത്തിന് നാലു വർഷം മുമ്പ് ഓർമ്മയും നഷ്ടമായിരുന്നു.
സെൻട്രൽ ഫോർവേഡായാണ് ലോ തിളങ്ങിയത്. ബോബി ചാൾട്ടൺ, ജോർജ് ബെസ്റ്റ് എന്നിവർക്കൊപ്പം അറുപതുകളുടെ മധ്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആക്രമണത്തിന്റെ നെടുന്തൂണായിരുന്നു ലോ. ബെസ്റ്റ് 2005ലും ചാൾട്ടൺ 2023ലും വിടപറഞ്ഞു. ഇതോടെ യുണൈറ്റഡിന്റെ സുവർണത്രയത്തിന് പൂർണമായി തിരശീലവീണു.
മത്സ്യത്തൊഴിലാളിയായ ജോർജ് ലോയുടെ ഏഴ് മക്കളിൽ ഇളയവനായിരുന്നു ഡെന്നിസ് ലോ. ബാല്യം കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കടന്നുപോയത്. കാഴ്ചക്കുറവ് ചെറിയ പ്രായത്തിൽ തന്നെ അലട്ടിയിരുന്നു. പന്ത്രണ്ടാം വയസ് വരെ ബൂട്ടിടാതെയാണ് കളിച്ചിരുന്നത്. പന്നീട് കടംവാങ്ങിയ ബൂട്ടുകളുമായിട്ടായിരുന്നു കളി. പിറന്നാൾ സമ്മാനമായിട്ടായിരുന്നു ഉപയോഗിച്ചു പഴകിയ ആ ബൂട്ടുകൾ കിട്ടിയത്.
സ്‌കൂൾ വിദ്യാർഥിയായിരുന്ന കാലത്ത് ഇംഗ്ലീഷ് ക്ലബായ ഹഡേഴ്‌സ്ഫീൽഡ് ടൗൺ ടീമിനുവേണ്ടിയാണ് കളിച്ചുതുടങ്ങിയത്. 60ൽ അന്നത്തെ റെക്കോഡ് തുകയായ 55000 പൗണ്ടിന് മാഞ്ചസ്റ്റർ സിറ്റിയിലെത്തി. പിന്നീട് ഒരു വർഷം ഇറ്റാലിയൻ ക്ലബായ ടൊറിനോയിൽ കളിച്ച ലോ ഇറ്റലിയിലെ ജീവിതത്തിൽ മനസ് മടുത്ത് 62ലാണ് യുണൈറ്റഡിലെത്തി. പിന്നീട് ഒരു പതിറ്റാണ്ടിലേറെക്കാലം യുണൈറ്റഡിന്റെ ചെങ്കുപ്പായത്തിൽ തലയെടുപ്പോടെ തന്നെ നിന്നു ലോ. 73ലാണ് പിന്നീട് യുണൈറ്റഡ് വിട്ട് മാഞ്ചസ്റ്റർ സിറ്റിയിൽ തിരിച്ചെത്തിയത്.
സ്‌കോട്ട്‌ലൻഡ് ദേശീയ ടീമിനുവേണ്ടി 55 കളികളിൽ നിന്ന് ഒൻപത് ഗോളുകൾ നേടിയിട്ടുണ്ട്. ഇതിൽ ഏറെ ശ്രദ്ധേയമാണ് ഇംഗ്ലണ്ടിനെതിരേ നേടിയ വിജയഗോൾ. 1966ലെ ലോകകപ്പ് ഫൈനലിനുശേഷം ഇംഗ്ലണ്ട് നേരിടുന്ന ആദ്യ പരാജയമായിരുന്നു ഇത്. 1974ലെ ലോകകപ്പിലും കളിച്ചു. മുപ്പത്തിനാലാം വയസ്സിൽ സയറിനെതിരേയായിരുന്നു ലോകകപ്പിലെ അരങ്ങേറ്റം. തുടർന്നുള്ള രണ്ട് മത്സരങ്ങളിലും അവസാന ഇലവനിൽ ഇടം നേടാനായില്ല. ഏറെ വൈകാതെ കളിയിൽ നിന്ന് വിരമിക്കുകയും ചെയ്തു.











