11:50am 22 October 2026
NEWS
​പ്രതിഷേധം ശക്തമാക്കി പിന്നാക്ക-പട്ടിക വിഭാഗങ്ങൾ; ആസൂത്രണ ബോർഡിലും സാംസ്കാരിക സ്ഥാപനങ്ങളിലും പ്രാതിനിധ്യം നിഷേധിച്ചതായി ആക്ഷേപം
22/10/2026  06:44 AM IST
ന്യൂസ് ബ്യൂറോ
​പ്രതിഷേധം ശക്തമാക്കി പിന്നാക്ക-പട്ടിക വിഭാഗങ്ങൾ; ആസൂത്രണ ബോർഡിലും സാംസ്കാരിക സ്ഥാപനങ്ങളിലും പ്രാതിനിധ്യം നിഷേധിച്ചതായി ആക്ഷേപം

​തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിന്റെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും തലപ്പത്തേക്ക് യു.ഡി.എഫ് സർക്കാർ ഇതിനോടകം നടത്തിയ നിയമനങ്ങളിൽ പിന്നാക്ക- പട്ടിക വിഭാഗങ്ങളെ പാടെ അവഗണിച്ചതിൽ കടുത്ത പ്രതിഷേധം. വിവിധ സർവകലാശാലാ സിൻഡിക്കേറ്റുകളിലും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളിലും അവർണ വിവേചനം പ്രകടമാണെന്ന് ആക്ഷേപമുണ്ട്. മറ്റ് സാംസ്കാരിക സ്ഥാപനങ്ങൾ, വിവിധ ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവയിലെങ്കിലും ജനസംഖ്യയിൽ മഹാഭൂരിപക്ഷം വരുന്ന സമുദായങ്ങൾക്ക് സാമൂഹിക നീതി ഉറപ്പാക്കുന്ന തരത്തിൽ പ്രാതിനിധ്യം നൽകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.


​സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി നിർണയിക്കുന്നതിലും വിഭവങ്ങൾ പങ്കുവെക്കുന്നതിലും നിർണായക പങ്കാണ് ആസൂത്രണ ബോർഡിനുള്ളത്. അവഗണിക്കപ്പെട്ട ജനകോടികൾക്ക് പദ്ധതി വിഹിതത്തിൽ അർഹമായ ഫണ്ടും വിഭവങ്ങളുടെ നീതിപൂർവമായ വിതരണവും ഉറപ്പാക്കുന്നതിൽ ബോർഡിന് വലിയ അധികാരമുണ്ട്. ബോർഡ് ചെയർമാന്റെയും നാല് വിദഗ്ദ്ധാംഗങ്ങളുടെയും നിയമനങ്ങളിൽ തങ്ങളെ പാടെ തഴഞ്ഞതായി പിന്നാക്ക സംഘടനകളുടെ നേതാക്കൾ ആരോപിക്കുന്നു. പിന്നാക്ക- പട്ടിക- മുസ്ലിം ജനവിഭാഗങ്ങളിൽ നിന്ന് ഒരാൾ പോലുമില്ലാത്ത അവസ്ഥയാണുള്ളത്. മുഖ്യമന്ത്രിയുടെയും 20 മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിലും സിൻഡിക്കേറ്റുകളിലേക്കുള്ള നാമനിർദ്ദേശങ്ങളിലും പിന്നാക്ക- പട്ടിക വിഭാഗക്കാർ വിരലിലെണ്ണാവുന്നവർ മാത്രമാണ്.


​സാംസ്കാരിക സ്ഥാപനങ്ങളിലെ പ്രാതിനിധ്യം


​(ഇതുവരെ നിയമിച്ചത്)
​മുന്നാക്ക പ്രാതിനിധ്യം: സാഹിത്യ അക്കാഡമി പ്രസിഡന്റ്, സംഗീത നാടക അക്കാഡമി ചെയർമാൻ, ലളിതകലാ അക്കാഡമി ചെയർമാൻ, സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ, വൈസ് ചെയർപേഴ്സൺ, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ചെയർമാൻ.
​പിന്നാക്ക പ്രാതിനിധ്യം: ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ, സാഹിത്യ അക്കാഡമി സെക്രട്ടറി.


​മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു


​ആസൂത്രണ ബോർഡിലും വിവിധ ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളിലും അർഹമായ പരിഗണന ആവശ്യപ്പെട്ട് വിവിധ പിന്നാക്ക- പട്ടിക വിഭാഗങ്ങളുടെ നേതാക്കളും മുസ്ലിം എംപ്ളോയീസ് കൾച്ചറൽ അസോസിയേഷനും സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും ഉൾപ്പെടെ മുപ്പതിലേറെപ്പേർ ഒപ്പിട്ട സംയുക്ത നിവേദനം മുഖ്യമന്ത്രി വി.ഡി.സതീശന് സമർപ്പിച്ചു. ഡോ. ജി. മോഹൻ ഗോപാൽ, വി.ആർ. ജോഷി, ഡോ. എ. നീലലോഹിത ദാസ്, ഡോ. എം. ശാർങ്ഗധരൻ, എസ്. കുട്ടപ്പൻ ചെട്ടിയാർ തുടങ്ങിയവർ ഇതിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img