
സർക്കാർ ഖജനാവിൽ നിന്ന് ശമ്പളവും പെൻഷനും മെയിന്റനൻസ് ഗ്രാന്റും നൽകപ്പെടുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ ഒരു ശതമാനം പോലും പ്രാതിനിധ്യമില്ലാത്ത ഏക സാമൂഹിക വിഭാഗമാണ് ദലിത് ആദിവാസികൾ. 1971 ൽ തുടങ്ങി ഇപ്പോഴും തുടരുന്ന ഈ അനീതിക്കെതിരെ ശബ്ദമുയർത്താൻ അദ്ധ്യാപക/ അനദ്ധ്യാപക സംഘടനകളോ, യുവജന സംഘടനകളോ ഇടതു/വലതു രാഷ്ട്രീയ പാർട്ടികളോ തയ്യാറല്ല. സർക്കാരിന്റെ സമ്പത്ത് ജനങ്ങളുടെയാകെ സമ്പത്താണെന്നും അതിൽ നിന്നും ശമ്പളം നൽകപ്പെടുന്ന തൊഴിലുകളിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിനവകാശമുള്ള മനുഷ്യരാണ് കേരളത്തിലെ ദലിത് / ആദിവാസികൾ എന്നുമുള്ള ബോധം ഇടതുപക്ഷങ്ങൾക്ക് പോലുമില്ല എന്ന തിരിച്ചറിവുണ്ടായ വിദ്യാസമ്പന്നരായ ദലിത് ആദിവാസികൾ പാരമ്പര്യത്തിനു വിരുദ്ധമായി മാറി വോട്ടു ചെയ്തു കാണില്ലേ?
ഭൂരഹിതരുടെ ജീവൽ പ്രശ്‌നത്തെ അവരും അഭിസംബോധന ചെയ്യുന്നില്ല-
ഒരിഞ്ചുഭൂമിയോ കേറിക്കിടക്കാനൊരു വിടോ സ്വന്തമായില്ലാത്ത 76308 പേരുള്ള സമൂഹമാണ് കേരളത്തിലെ ദലിതർ. ഭൂമിയുള്ള ഒരു ദലിത് കുടുംബത്തിന്റെ കൈവശമുള്ള ശരാശരി ഭൂമിയുടെ അളവ് വെറും 2.5 സെന്റാണ്. ഭൂരഹിതർക്ക് ഭൂമി നൽകാൻ നിർമ്മിച്ച കേരള ഭൂപരിഷ്‌കരണ നിയമം ദലിതർക്കും ആദിവാസികൾക്കും മാത്രം കൃഷി ഭൂമി നൽകിയില്ല, പകരം കുടിൽ വെയ്ക്കാൻ പഞ്ചായത്തിൽ 10, മുനിസിപ്പാലിറ്റിയിൽ 5, കോർപ്പറേഷനിൽ 3 എന്നിങ്ങനെ സെന്റുകൾ മാത്രം! 1970 കളിൽ കിട്ടിയ അത്തരം തുണ്ടു ഭൂമികളിൽ ഇന്ന് 5 ഉം 10 ഉം കുടിലുകളായപ്പോൾ അവർ കോളനിവാസികളായി അറിയപ്പെടാൻ തുടങ്ങി. ദലിതർ ഉൾപ്പെടെയുളള ഭൂരഹിതർക്ക് നൽകാൻ കൃഷിഭൂമിയില്ല എന്ന് സർക്കാർ പറയുമ്പോൾ 5 1/2 ലക്ഷത്തിലധികം ഏക്കർ സർക്കാർ ഭൂമി അനധികൃതമായി ഇന്നാട്ടിലെ കുത്തകകൾ കയ്യടക്കി വെച്ചിട്ടുണ്ടന്നും നിയമ നിർമ്മാണത്തിലൂടെ അതു പിടിച്ചെടുത്താൽ ഭൂരഹിതരെയെല്ലാം ഭൂവുടമകളാക്കി മാറ്റാൻ കഴിയുമെന്നുമുള്ള എം.ജി രാജമാണിക്യം ഐ.എ.എസ് വർഷങ്ങൾക്ക് മുമ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടും സർക്കാരിന് മുമ്പിലുണ്ട്.
കേരളത്തിലെ ഭൂരഹിതരിലധികവും ദലിതരും ആദിവാസികളുമാണെന്നും കാക്കയെ എറിഞ്ഞ കല്ലുകൾപോലെ ചിതറിത്തെറിച്ചവരാണാക്കൂട്ടരെന്നും മുഖ്യധാരാ പാർട്ടികൾക്കൊക്കെ അറിയാം. അതുകൊണ്ട് മാത്രമാണ് ആ പ്രശ്‌നം അഭിസംബോധന ചെയ്യപ്പെടാതെ പോകുന്നത്. സവർണ്ണ സമൂഹത്തിൽ ഇത്രയധികം ഭൂരഹിതർ ഉണ്ടായിരുന്നു എങ്കിൽ ദേവസ്വം ബോർഡിലും സർക്കാർ സർവ്വീസിലും അവർക്കുമാത്രമായി സംവരണം ഏർപ്പെടുത്താൻ മറ്റു പാർട്ടികളെക്കാൾ ആവേശം കാട്ടിയ ഇടതുപക്ഷം എന്നേ ആ പ്രശ്‌നം പരിഹരിച്ചേനെ.!
17. സംവരണ തത്വങ്ങൾ കാറ്റിൽ പറത്തുന്ന പിൻവാതിൽ നിയമനങ്ങൾ
സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുളള 5 ലക്ഷത്തിലധികം ഉദ്യോഗങ്ങളെയാണ് സർക്കാരുദ്യോഗങ്ങൾ എന്നു പൊതുവെ പറയാറുളളത്. ഇവിടെ നിയമനം നടത്തുന്നത് പി.എസ്.സി, എംപ്ലോയിമെന്റ് എക്‌സ്‌ചെയ്ഞ്ച് എന്നിവയിൽ ഏതെങ്കിലും വഴിയും ശമ്പളവും പെൻഷനും നൽകുന്നത് സർക്കാർ ഖജനാവിൽ നിന്നുമാണ്. ഇവിടങ്ങളിലെല്ലാം പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണവുമുണ്ട്. എന്നാൽ ഇതിന്റെ ഇരട്ടിയിലധികം തസ്തികകളുള്ള മറ്റുപല സ്ഥാപനങ്ങളിലേക്കും സർക്കാർ ഖജനാവിൽ നിന്ന് ശമ്പളവും പെൻഷനും മറ്റാനുകൂല്യങ്ങളും നൽകുന്നതിനൊപ്പം പ്രവർത്തന ഫണ്ടായി കോടിക്കണക്കിന് രൂപ ഗ്രാന്റായും നൽകുമ്പോൾ നിയമനം പി.എസ്.സിയ്‌ക്കോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോ വിടാതെ ദശവൽസരങ്ങളായി ഇവിടെ നിലനിൽക്കുന്നുണ്ട് എന്ന വസ്തുത എവിടെയും ചർച്ച ചെയ്യപ്പെടുന്നില്ല. ഇത്തരം സ്ഥാപനങ്ങളിലെ നിയമനങ്ങൾ നടത്തുന്നത് സ്ഥാപന മേധാവികൾ നേരിട്ടാണ്. അങ്ങനെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങൾ ലഭിക്കാറുളളത് ലക്ഷങ്ങൾ കോഴ നൽകാൻ കഴിയുന്ന സ്ഥാപന മേധാവിയുടെ സമുദായാംഗങ്ങൾക്ക് മാത്രമാണ്. മറ്റു സ്ഥാപനങ്ങളിലെല്ലാം നിയമനം നടത്താറുളളത് പാർട്ടി നേതാവിന്റെയോ വകുപ്പ് മന്ത്രിയുടെയോ ശുപാർശയുടെ അടിസ്ഥാനത്തിലാണ്. ഇത്തരം നിയമനങ്ങൾ പാർട്ടിയ്ക്കും നേതാവിനും വകുപ്പ് മന്ത്രിമാർക്കും സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ഇങ്ങനെ പബ്ലിക് സർവ്വീസ് കമ്മീഷനെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെയും നോക്കുകുത്തിയായി നിറുത്തിക്കൊണ്ടും സംവരണ തത്വങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടും ശുപാർശയുടേയും കോഴപ്പണത്തിന്റെയും അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന നിയമനങ്ങളെ പിൻവാതിൽ നിയമനങ്ങൾ എന്നു വിളിക്കുന്നു. അത്തരം നിയമനം നടത്തുന്ന ചില സ്ഥാപനങ്ങൾ-
1. എയ്ഡഡ് വിദ്യാഭ്യാസ മേഖല
2. സർക്കാർ വകുപ്പുകളിലെ ചില തസ്തികകൾ
ഉദാ-പോലിസ് വകുപ്പിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, കോൺസ്റ്റബിൾ ഗ്രേഡിലുളള ഡ്രൈവർ, ഗവൺമെന്റ് ലോ കോളേജിലെ പാർട്ട് ടൈം ലക്ചറർ
3. സർവ്വകലാശാലകളുടെ കീഴിൽ ആരംഭിച്ച സ്വാശ്രയ കോളേജുകളിലേയും യു.ഐ.റ്റി കളിലെയും അദ്ധ്യാപക നിയമനങ്ങൾ.
4. ദേവസ്വം ബോർഡുകൾ
5. ഗവൺമെന്റ് കമ്പനികളിലെ നിയമനങ്ങൾ
-മലബാർ സിമെന്റ്‌സ് ലിമിറ്റഡ്
-ഓയിൽ പാം ഇന്ത്യാ ലിമിറ്റഡ്
6. അക്കാദമികൾ
-ചലച്ചിത്ര അക്കാഡമി
-സംഗീത നാടക അക്കാഡമി
-ഫോക് ലോർ അക്കാഡമി
-സാഹിത്യഅക്കാഡമി
7. സൊസൈറ്റികൾ
-എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി
-മലബാർ കാൻസർ സൊസൈറ്റി
8. കൗൺസിലുകൾ
-ലൈബ്രറി കൗൺസിൽ
-സ്‌പോർട്‌സ് കൗൺസിൽ
9. ഇൻസ്റ്റിറ്റ്യൂട്ടുകൾ
-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി
-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്‌മെന്റ്
10. ക്ഷേമബോർഡുകൾ
-കേരളാ അബ്കാരി വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ്
-കേരളാ അഗ്രികൾച്ചറൽ വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ്
11. കോർപ്പറേഷനുകൾ
-കേരളാ വനിതാ വികസന കോർപ്പറേഷൻ
-കേരളാ അഗ്രോ മെഷിനറി കോർപ്പറേഷൻ
12. സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങൾ
13. ഐ.എച്ച്.ആർ.ഡി സ്ഥാപനങ്ങൾ
-കോളേജ് ഓഫ് എഞ്ചിനിയറിംഗ്-അടൂർ
-കോളേജ് ഓഫ് എഞ്ചിനിയറിംഗ്- ചെങ്ങന്നൂർ
14. സഹകരണ സ്ഥാപനങ്ങൾ.
-കേരളാ കോ-ഓപ്പറേറ്റീവ് യൂണിയൻ
-കൊല്ലം ജില്ലാ സഹകരണ സ്പിന്നിംഗ് മിൽസ് ലിമിറ്റഡ്
ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നിട്ട് നടത്തിയ ആയിരക്കണക്കിന് പിൻവാതിൽ നിയമനങ്ങളിൽ ഒരു പരിഗണനയും കിട്ടാത്ത വിഭാഗമാണ് ദലിത് -ആദിവാസികൾ.
ഇ-ഗ്രാന്റ് വിതരണത്തിലെ താളപ്പിഴകൾ
ലംപ്‌സംഗ്രാന്റ്, സ്റ്റൈപ്പന്റ്, ഹോസ്റ്റൽ ഫീസ്, പോക്കറ്റ് മണി, ട്യൂഷൻ ഫീസ്, പരീക്ഷ ഫീസ് എന്നിവയാണ് എസ്.സി/എസ്.റ്റി/ഒ.ഇ.സി വിദ്യാർത്ഥികൾക്കു ലഭിക്കുന്ന ഇ ഗ്രാന്റ് അഥവാ വിദ്യാഭ്യാസാനുകൂല്യങ്ങൾ. 2021 നു മുമ്പു വരെ ഈ തുകയുടെ 50% സംസ്ഥാന സർക്കാരും 50% കേന്ദ്രസർക്കാരും നൽകിക്കൊണ്ടിരുന്നു. കേന്ദ്രവിഹിതവും സംസ്ഥാന വിഹിതവും സംസ്ഥാന സർക്കാർ ഒരുമിച്ച് കുട്ടികളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ട് കേന്ദ്രവിഹിതം പിന്നീട് കണക്കുപറഞ്ഞ് വാങ്ങിയെടുക്കുകയായിരുന്നു പതിവ്. ഈ സമ്പ്രദായം കൊണ്ട് കുട്ടികൾക്ക് യാതൊരുബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നിട്ടില്ല.
പ്രശ്‌നങ്ങൾ തുടങ്ങിയത്-
2021 ലെ കേന്ദ്ര വിജ്ഞാപനത്തോടെയാണ് പ്രശ്‌നങ്ങൾ തലപൊക്കിയത്. എസ്.റ്റി വിഭാഗമൊഴികെ രണ്ടു കൂട്ടത്തിലെയും (എസ്.സി/ഒ.ഇ.സി) വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസാനുകുല്യത്തിന്റെ കേന്ദ്രവിഹിതം നൽക്കുന്നതിന് പുറപ്പെടുവിച്ച ഈ വിജ്ഞാപനത്തിൽ പറയുന്നു.
1. ഇനിമുതൽ കേന്ദ്രവിഹിതം 60% മുണ്ട്.
2. രണ്ടര ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള അതിദരിദ്രകുടുംബ പശ്ചാത്തലത്തിൽ നിന്നു വരുന്ന കുട്ടികൾക്കു മാത്രമേ അതു നൽകൂ.
ഈ വിജ്ഞാപനത്തിലൊളിഞ്ഞിരിക്കുന്ന അപകടം
1. 90% ത്തിലധികം വിദ്യാർത്ഥികളും കേന്ദ്രവിഹിതത്തിന് അയോഗ്യരാക്കപ്പെടുന്നു. എങ്ങിനെയെന്നു വ്യക്തമാക്കാം. -
എസ്.സി/ഒ.ഇ.സി കുടുംബങ്ങളിലെ 90% ത്തിലധികം മാതാപിതാക്കളും കൂലിപ്പണിക്കാരാണ്. സ്ഥിരമായി കൂലിപ്പണി കിട്ടുന്ന ഒരാൾ ആഴ്ചയിൽ 6 ദിവസം പണിചെയ്യുമ്പോൾ വരുമാനം 6 ഃ 1000 = 6000/- രൂപ.
4 ആഴ്ച (ഒരുമാസം) = 4 ഃ 6000 = 24000/- രൂപ
1 വർഷം = 12 ഃ 24000 = 288000/- രൂപ
ഒരു വർഷത്തിൽ കുറഞ്ഞത് 6 മാസമെങ്കിലും ഒരാളിന് കൂലിപ്പണി കിട്ടിയാൽ 144000/- രൂപ വരുമാനം ഉണ്ടാകും. അപ്പോൾ രണ്ടുപേർക്കും കൂടി കുറഞ്ഞത് 288000 രൂപ വരുമാനം കിട്ടുന്നു. ആ കുടുംബത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസാനുകൂല്യം കിട്ടത്തില്ല. കൂലിപ്പണിക്കാരുടെ മക്കൾക്ക് പോലും കിട്ടാത്ത വിദ്യാഭ്യാസാനുകൂല്യം സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾക്ക് ഒരിക്കലുമത് കിട്ടില്ലായെന്ന് ഉറപ്പാണല്ലോ.
അങ്ങിനെ നോക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ ഈ വിജ്ഞാപനം എസ്.സി/ഒ.ഇ.സി കുടുംബങ്ങളെ ദ്രോഹിക്കാൻ ഇറക്കിയതാണെന്ന് വ്യക്തം!
2. ഇത് ക്രീമിലെയർ വ്യവസ്ഥ അടിച്ചേൽപ്പിക്കാനുളള സവർണ്ണ തന്ത്രമാണ്.
ഇപ്പോൾ അതിദരിദ്രർക്ക് മാത്രമെന്ന നാട്യത്തിൽ വിദ്യാഭ്യാസാനുകൂല്യത്തിന്റെ കേന്ദ്ര വിഹിതം ഒരു മൈക്രോ മൈനോറിറ്റിക്കു മാത്രമായി ചുരുക്കുകയും മഹാ ഭൂരിപക്ഷത്തേയും പുറന്തളളുകയും ചെയ്യുന്നു. ഇതിങ്ങനെ തുടരാനനുവദിച്ചാൽ ഈ സാമ്പത്തിക പരിധി നാളെ വിദ്യാലയ പ്രവേശനത്തിനും ഉദ്യോഗ പ്രവേശനത്തിനുമുളള യോഗ്യതാ മാനദണ്ഡങ്ങളായി മാറ്റപ്പെടും. സവർണ്ണ മേധാവിത്വത്തിന്റെ ചവിട്ടടിയിൽ നൂറ്റാണ്ടുകളോളം ഞെരിഞ്ഞമർന്നു ജീവിക്കാൻ വിധിക്കപ്പെട്ടിരുന്ന നിരാശ്രയ ജനത മഹാത്മ അയ്യൻകാളിയുടെ നേതൃത്വത്തിൽ ഒരു ദശവൽസരത്തിലധികം നീണ്ടുനിന്ന സമര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത വിദ്യാഭ്യാസ സ്വാതന്ത്ര്യവും ഭരണഘടനാസംരക്ഷണാടിത്തറയുളള ഉദ്യോഗ പ്രവേശനത്തിലേക്കും വളരെ കൗശല പൂർവ്വം ക്രീമിലെയർ വ്യവസ്ഥ കൊണ്ടു വരാനുളള പരിശ്രമത്തിന്റെ ആദ്യ ചുവടുവെയ്പ്പാണീ കേന്ദ്ര വിജ്ഞാപനം.!
3. ദേ, ഇപ്പോൾ ക്രീമിലേയർ വ്യവസ്ഥ കൊണ്ടുവന്നു കഴിഞ്ഞു.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 341, 342 എന്നി വകുപ്പുകൾ പ്രകാരം ഉറപ്പു നൽകിയട്ടുള്ള പട്ടികജാതി പട്ടികവർഗ്ഗ സംവരണം അട്ടിമറിക്കുന്നതിനുവേണ്ടി ഇതാ 2024 ആഗസ്റ്റ്1 ന് സുപ്രീംകോടതി ഒരു പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു.- ഇനിമുതൽ ക്രിമിലേയർ, ഉപസംവരണം എന്നിവ ഉൾപ്പെടുത്തികൊണ്ട് മാത്രമേ പട്ടികവിഭാഗ സംവരണം നൽകാവൂ എന്നും അതിനാവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളെ ചുമതലപ്പെടുത്തുന്ന ഈ ഉത്തരവ് ഭരണഘടന വിരുദ്ധവും ദലിത് വിരുദ്ധവുമാണ്. 2021 ലെ ഭരണഘടനാ വിരുദ്ധമായ കേന്ദ്രസർക്കാർ വിജ്ഞാപനവും ഇപ്പോഴത്തെ സുപ്രീംകോടതി ഉത്തരവും തമ്മിലുള്ള സാദൃശ്യം യാദൃചികമല്ല എന്ന് ഉറപ്പാണ്. കേന്ദ്രസർക്കാർ തുടങ്ങി വെച്ചത് സുപ്രീംകോടതി പൂർത്തിയാക്കി. ഇന്ത്യ ഒട്ടാകെ കേന്ദ്രസർക്കാർ വിജ്ഞാപനത്തിനും കോടതി ഉത്തരവിനുമെതിരെയുള്ള വമ്പിച്ച പ്രതിഷേധം ഉയർന്നു കഴിഞ്ഞു.
സംസ്ഥാന സർക്കാർ ഇപ്പോൾ ചെയ്യുന്നത്
1. കേന്ദ്ര വിജ്ഞാപനത്തിൽ പറയുമ്പോലെ രണ്ടര ലക്ഷം വരെ കുടുംബ വാർഷിക വരുമാനമുളള കുട്ടികൾക്ക് വിദ്യാഭ്യാസച്ചെലവിന്റെ 40% നൽകുന്നു- 2021 മുതൽ. സർക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന കാരണത്താൽ മാസങ്ങൾ മുതൽ 2 വർഷം വരെ ആ തുക നൽകാൻ വൈകി. അത് കുട്ടികളുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് 15 ദിവസങ്ങൾ കഴിഞ്ഞേ അവർക്കു കേന്ദ്ര വിഹിതം കിട്ടു എന്നതിനാൽ അതും വളരെ വൈകിയാണു കിട്ടിയത്. ഇപ്പോഴും ആയിരക്കണക്കിന് കുട്ടികൾക്ക് അത് കിട്ടാനുണ്ട്.
2. രണ്ടര ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുളള കുടുംബത്തിലെ കുട്ടികൾക്ക് കേന്ദ്ര വിഹിതം ഇല്ലാത്തതിനാൽ മുഴുവൻ തുകയും സംസ്ഥാന സർക്കാർ നേരിട്ട് നൽകുന്നു. എന്നാൽ അതും മാസങ്ങളും വർഷങ്ങളും വരെ വൈകുന്നു.
ഇ- ഗ്രാന്റ് വൈകുന്നതിന്റെ ഇംപാക്ട്
1. കുട്ടികളുടെ ലംപ്‌സ്ട്രാന്റ്, സ്റ്റൈപ്പന്റ് എന്നിവ കിട്ടാൻ കാല താമസമെടുക്കുന്നതിനാൽ പഠന ചെലവിന് നന്നേ ബുദ്ധിമുട്ടുന്നു.
2. ട്യൂഷൻ ഫീ, ഹോസ്റ്റൽ ഫീ എന്നിവ മിക്ക സ്ഥാപനങ്ങളും കുട്ടികളോട് നേരിട്ടടക്കാൻ നിർബന്ധിക്കുന്നു. അതിനു കഴിയാത്തതിനാൽ ധാരാളം കുട്ടികൾക്ക് പഠനം ഉപേക്ഷിച്ച് പോകേണ്ടി വരുന്നു. മുൻപ് ഈ ഗ്രാന്റ് സമയത്ത് കിട്ടിയിരുന്നപ്പോഴും ദാരിദ്യവും വിദ്യാലയത്തിലേക്കുളള ദൂരക്കൂടുതലും കാരണം ആയിരകണക്കിന് കുട്ടികൾ പാതിവഴിയിൽ പഠനമുപേക്ഷിക്കാൻ നിർബന്ധിതരായിരുന്ന പശ്ചാത്തലം ഇവിടെയുളളതാണ് എന്നറിയുക.
സംസ്ഥാന സർക്കാർ ചെയ്യേണ്ടിയിരുന്നത്
കേന്ദ്രത്തിന്റെ കർശന നിർദ്ദേശങ്ങൾ ലഭിച്ച ഉടൻ തന്നെ
1. എസ്.സി/ ഒ.ഇ.സി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ചെലവു നൽകുന്നതിൽ സാമ്പത്തിക പരിധിയേർപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്രത്തെ അറിയിക്കണമായിരുന്നു. എന്നാൽ നാളിതുവരെ അത് ചെയ്തിട്ടില്ല.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 46 ൽ പറയുന്നത്, “പട്ടിക ജാതി/ പട്ടിക വർഗ്ഗം, മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവരുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താൽപര്യങ്ങൾ പ്രത്യേക ശ്രദ്ധയോടെ പ്രോൽസാഹിപ്പിക്കുകയും അവരെ എല്ലാത്തരം സാമൂഹിക അനീതിയിൽ നിന്നും ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യേണ്ട കടമ ഭരണകൂടത്തിനുളളതാണ്” എന്നതാണ്.
ഈ ആർട്ടിക്കിളിൽ പറയുമ്പോലെ വിദ്യാഭ്യാസത്തിന്റെ അഭിവൃദ്ധിക്ക് പ്രോൽസാഹജനകമാണോ കേന്ദ്രത്തിന്റെ ഈ വിജ്ഞാപനം? സംസ്ഥാന സർക്കാർ ഇന്ത്യൻ ഭരണഘടനയോടുളള കൂറും ആദരവും വ്യക്തമാകേണ്ടിയിരുന്നത് കേന്ദ്ര വിജ്ഞാപനത്തോടുളള എതിർപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു. എന്നാൽ അവരത് ചെയ്തില്ല. കുറഞ്ഞപക്ഷം സംസ്ഥാന നിയമസഭയിൽ ഇതിനെ എതിർത്ത് ഒരു പ്രമേയം പാസ്സാക്കുകയോ നിയമസഭയ്ക്ക് പുറത്ത് ഇതിനെതിരെ ഒരു പത്രപ്രസ്താവന നടത്തുകയോ ചെയ്യുമായിരുന്നു. അതുമുണ്ടായില്ല. ഇന്ത്യയിലെ ക്രീമിലെയർ വ്യവസ്ഥയുടെ ഉപജ്ഞാതാക്കൾ കമ്മ്യൂണിറ്റ് പാർട്ടിയാണല്ലോ എന്നതാണ് അവരെ സംശയത്തോടെ വീക്ഷിക്കാൻ നിർബന്ധിതരാക്കുന്നത്.
സംസ്ഥാന സർക്കാർ ഇനിയെങ്കിലും ചെയ്യേണ്ടത്
1. കേന്ദ്രവിജ്ഞാപനം പിൻവലിക്കാൻ ആവശ്യപ്പെടുക
2. കേന്ദ്രം അതിന് തയ്യാറായില്ലെങ്കിൽ മുഴുവൻ വിദ്യാഭ്യാസാനുകൂല്യങ്ങളും ഇനി മുതൽ സംസ്ഥാനം നൽകുന്നതാണ് എന്നു പ്രഖ്യാപിക്കുകയും കൃത്യ സമയത്ത് തന്നെ അതു നൽകുകയും ചെയ്യുക
ഇ ഗ്രാന്റ് വിതരണത്തിലെ താളപ്പിഴകൾ കൊണ്ട് പഠനമുപേക്ഷിച്ചവരുടെയും ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെയും കുടുംബങ്ങളിലെ വോട്ടർമാർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും ഇടതുപക്ഷത്തിനും വോട്ടു ചെയ്ത് കാണില്ല. എന്നുറപ്പാണ്.