10:06pm 08 November 2026
NEWS
നോട്ടുനിരോധനത്തിന് പത്തുവർഷം; ലക്ഷ്യങ്ങൾ എത്രത്തോളം നേടി? ഇന്നും അവസാനിക്കാതെ ശരിതെറ്റുകളെക്കുറിച്ചുള്ള ചർച്ച


08/11/2026  09:08 AM IST
nila
നോട്ടുനിരോധനത്തിന് പത്തുവർഷം; ലക്ഷ്യങ്ങൾ എത്രത്തോളം നേടി? ഇന്നും അവസാനിക്കാതെ ശരിതെറ്റുകളെക്കുറിച്ചുള്ള ചർച്ച

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഗതി മാറ്റുമെന്ന് പ്രഖ്യാപിക്കപ്പെട്ട നോട്ടുനിരോധനത്തിന് ഇന്ന് പത്തുവർഷം. 2016 നവംബർ എട്ടിന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതോടെ രാജ്യം അപ്രതീക്ഷിത പ്രതിസന്ധിയിലേക്കാണ് നീങ്ങിയത്. കള്ളപ്പണം, അഴിമതി, ഭീകരവാദ ഫണ്ടിങ് എന്നിവ തടയുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച നടപടി സാധാരണക്കാരുടെ ജീവിതത്തെ വലിയ തോതിൽ ബാധിച്ചു. ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും നോട്ടുനിരോധനത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് അവസാനമായിട്ടില്ല.

2016 നവംബർ എട്ട് രാത്രി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കേൾക്കാൻ ടെലിവിഷനുകൾക്ക് മുന്നിലിരുന്നവർക്ക് അതൊരു അപ്രതീക്ഷിത ആഘാതമായിരുന്നു. കൈവശമുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകൾക്ക് അർധരാത്രി മുതൽ നിയമസാധുതയില്ലാതായി. പ്രഖ്യാപനത്തിനു പിന്നാലെ ചെറിയ നോട്ടുകൾ ലഭിക്കാനായി എടിഎമ്മുകളിലേക്ക് ആളുകളുടെ തിരക്കേറി. എന്നാൽ അധികം വൈകാതെ എടിഎമ്മുകളും പ്രവർത്തനം നിർത്തി.

പിറ്റേന്ന് മുതൽ പഴയ നോട്ടുകൾ മാറ്റിയെടുക്കാനും പണം പിൻവലിക്കാനുമായി ബാങ്കുകൾക്ക് മുന്നിൽ നീണ്ട ക്യൂ രൂപപ്പെട്ടു. മണിക്കൂറുകളോളം കാത്തുനിന്നിട്ടും ആവശ്യത്തിന് പണം ലഭിക്കാത്തവർ, പൊരിവെയിലിൽ കുഴഞ്ഞുവീണവർ, കൈയിൽ പണമില്ലാതെ അവശ്യസാധനങ്ങൾ വാങ്ങാൻ കഴിയാത്തവർ... നോട്ടുനിരോധനം രാജ്യത്തെ സാധാരണ ജീവിതത്തെ താളംതെറ്റിച്ചു. വിവാഹങ്ങൾക്കും ചികിത്സയ്ക്കും വ്യാപാരത്തിനും പണം കണ്ടെത്താനാകാതെ നിരവധി പേർ പ്രതിസന്ധിയിലായി. പണമിടപാടുകളെ ആശ്രയിച്ചിരുന്ന ചെറുകിട വ്യാപാരമേഖലയ്ക്കും തിരിച്ചടിയേറ്റു.

കള്ളപ്പണം തടയുക, അഴിമതി ഇല്ലാതാക്കുക, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സ്രോതസ്സുകൾ തകർക്കുക എന്നിവയായിരുന്നു പ്രഖ്യാപനത്തിന് പിന്നിലെ പ്രധാന ലക്ഷ്യങ്ങളായി കേന്ദ്രസർക്കാർ ഉയർത്തിക്കാട്ടിയത്. എന്നാൽ പത്തുവർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഈ ലക്ഷ്യങ്ങൾ എത്രത്തോളം കൈവരിക്കാനായെന്ന ചോദ്യം വീണ്ടും ഉയരുകയാണ്.

നിരോധിച്ച 500, 1000 രൂപ നോട്ടുകളുടെ 99.3 ശതമാനവും ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയെന്ന റിസർവ് ബാങ്കിന്റെ കണക്ക് നോട്ടുനിരോധനത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ചർച്ചകൾക്ക് ശക്തിപകർന്നു. അഴിമതി നിയന്ത്രണത്തിലും ആയുധക്കടത്ത് തടയുന്നതിലും ഹവാല ഇടപാടുകൾ ഇല്ലാതാക്കുന്നതിലും പ്രതീക്ഷിച്ച മാറ്റമുണ്ടായില്ലെന്ന വിമർശനവും തുടരുന്നു.

അതേസമയം, ഡിജിറ്റൽ പണമിടപാടുകളുടെ വ്യാപനത്തിന് നോട്ടുനിരോധനം വേഗം കൂട്ടിയെന്നത് അനുകൂല വാദമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങളുടെ ഉപയോഗം വലിയ തോതിൽ വർധിച്ചു. എന്നാൽ ഇതോടൊപ്പം കറൻസി ഉപയോഗം കുറഞ്ഞില്ലെന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

2015–16 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ മൂല്യം 16.42 ലക്ഷം കോടി രൂപയായിരുന്നു. 2025–26 ആയപ്പോഴേക്കും ഇത് 41.46 ലക്ഷം കോടി രൂപയായി ഉയർന്നു. അതായത് നോട്ടുനിരോധനത്തിനു ശേഷം പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള നീക്കം ശക്തമായെങ്കിലും വിപണിയിലെ കറൻസിയുടെ അളവ് കുറഞ്ഞില്ല.

പത്തുവർഷം പിന്നിടുമ്പോൾ നോട്ടുനിരോധനം രാജ്യത്തിന് എന്തുനേട്ടമാണ് സമ്മാനിച്ചതെന്ന ചോദ്യമാണ് വീണ്ടും ഉയരുന്നത്. ഡിജിറ്റൽ ഇടപാടുകളുടെ വളർച്ച ഒരു വശത്ത് ചൂണ്ടിക്കാണിക്കപ്പെടുമ്പോൾ, പ്രഖ്യാപനത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾ കൈവരിച്ചോ എന്ന കാര്യത്തിൽ വിമർശനങ്ങൾ തുടരുന്നു. ഇന്ത്യൻ സാമ്പത്തിക ചരിത്രത്തിലെ നിർണായക അധ്യായമായി മാറിയ നോട്ടുനിരോധനത്തിന്റെ ശരിതെറ്റുകൾ സംബന്ധിച്ച ചർച്ചകൾ ഇന്നും സജീവമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img