
ഹോങ്കോങ്ങിലെ ഡെമോക്രാറ്റിക് പാർട്ടി (ഡിപി) പിരിച്ചുവിടുന്നു. ചൈനയുടെ കടുത്ത സമ്മർദത്തെ തുടർന്നാണ് പാർട്ടി നേതൃത്വം പാർട്ടി പിരിച്ചുവിടാൻ തീരുമാനം എടുത്തത് എന്നാണ് റിപ്പോർട്ട്. ഞയറാഴ്ച്ച ചേർന്ന യോഗത്തിൽ 110 അംഗങ്ങളിൽ 90 ശതമാനം പേരും പാർട്ടി പിരിച്ചുവിടാൻ അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ഇതനുസരിച്ച് പിരിച്ചുവിടലിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും പാർട്ടി അധ്യക്ഷൻ ലോ കിൻ ഹേ വ്യക്തമാക്കി.
ഹോങ്കോങ്ങിലെ അവസാന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടിയാണ് ഡെമോക്രാറ്റിക് പാർട്ടി. 1994 ൽ നിലവിൽ വന്ന ഡെമോക്രാറ്റിക് പാർട്ടി പിരിച്ചുവിടാനായി ചൈന നേരത്തേ തന്നെ സമ്മർദ്ദം ചെലുത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്. പാർട്ടി പിരിച്ചുവിട്ടില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് ചൈനീസ് അധികൃതർ ഭീഷണിപ്പെടുത്തിയതായി പാർട്ടിയുടെ അഞ്ച് മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ഹോങ്കോങ്ങിൽ ചൈന പിടിമുറുക്കുന്നതിൽ പ്രതിഷേധിച്ച് 2019 മുതൽ രാജ്യത്ത് ജനാധിപത്യ അനുകൂല പ്രക്ഷോഭങ്ങൾ വ്യാപകമായിരുന്നു. അതേസമയം, പിരിച്ചുവിടൽ നടപ്പാകുന്ന തീയതി ലോ കിൻ ഹേ വെളിപ്പെടുത്തിയിട്ടില്ല.