04:16pm 17 August 2026
NEWS
ജുഡീഷ്യറിയും മാധ്യമങ്ങളും പരാജയപ്പെട്ടാൽ ജനാധിപത്യം പൊള്ളയാകും: കപിൽ സിബൽ


17/08/2026  08:14 AM IST
നിയമകാര്യ ലേഖകൻ
ജുഡീഷ്യറിയും മാധ്യമങ്ങളും പരാജയപ്പെട്ടാൽ ജനാധിപത്യം പൊള്ളയാകും: കപിൽ സിബൽ

ന്യൂഡൽഹി: ജനാധിപത്യത്തിന്റെ ശക്തമായ രണ്ട് തൂണുകളായ നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും അധികാരത്തിന് മുന്നിൽ കീഴടങ്ങിയാൽ ഭരണഘടനയും റിപ്പബ്ലിക്കും ഉള്ളിൽ നിന്ന് തകരുമെന്ന് മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബൽ മുന്നറിയിപ്പ് നൽകി. പ്രേം ഭാഷ്യാ മെമ്മോറിയൽ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
​പൗരന്മാരെ ഏകാധിപത്യ പ്രവണതകളിൽ നിന്നും ഭൂരിപക്ഷ സമ്മർദ്ദങ്ങളിൽ നിന്നും സംരക്ഷിക്കേണ്ട ചരിത്രപരമായ ഉത്തരവാദിത്തം ഈ രണ്ട് സ്ഥാപനങ്ങൾക്കുമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
​നീതിന്യായ വ്യവസ്ഥയാണ് ഭരണഘടനാ ധാർമ്മികതയുടെ അവസാന കോട്ടയെങ്കിലും, ദീർഘകാലമായുള്ള വിചാരണത്തടവുകൾ, പ്രത്യേക നിയമങ്ങൾക്ക് കീഴിലുള്ള ജാമ്യ നിഷേധങ്ങൾ, ജുഡീഷ്യൽ നിയമനങ്ങളിലെയും സ്ഥലം മാറ്റങ്ങളിലെയും സുതാര്യതയില്ലായ്മ എന്നിവ ജനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുവെന്ന് സിബൽ വ്യക്തമാക്കി.
 ഡൽഹി കലാപവുമായി ബന്ധപ്പെട്ട് 2020 സെപ്റ്റംബർ മുതൽ തടവിൽ കഴിയുന്ന ഉമർ ഖാലിദിന്റെ വിഷയം അദ്ദേഹം എടുത്തുപറഞ്ഞു. വിചാരണ ആരംഭിക്കാതെ തടവിലിടുന്നത് കുറ്റാന്വേഷണ പ്രക്രിയ തന്നെ ശിക്ഷയായി മാറുന്ന അവസ്ഥ സൃഷ്ടിക്കുന്നുവെന്നും, യു.എ.പി.എ (UAPA), പി.എം.എൽ.എ (PMLA) തുടങ്ങിയ നിയമങ്ങളിലെ കർശന വ്യവസ്ഥകൾ നിരപരാധിയാണെന്ന നിയമതത്വത്തെ തന്നെ ചോദ്യം ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജുഡീഷ്യൽ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള കൊളീജിയം സംവിധാനം ഇന്ന് സുതാര്യതയില്ലായ്മയ്ക്കും സ്ഥാപനപരമായ ദൗർബല്യങ്ങൾക്കും ഇരയായിരിക്കുന്നുവെന്ന് സിബൽ ചൂണ്ടിക്കാട്ടി. ജഡ്ജിമാരുടെ നിയമനത്തിലെ കാലതാമസവും എക്സിക്യൂട്ടീവിന്റെ ഇടപെടലുകളും ആശങ്കാജനകമാണ്.
​ സർക്കാരിന് അനുകൂലമായ വാർത്തകൾ മാത്രം നിർമ്മിക്കുന്ന മാധ്യമങ്ങൾക്ക് ജനാധിപത്യത്തിൽ യഥാർത്ഥ പങ്കുവഹിക്കാൻ കഴിയില്ലെന്നും, സർക്കാരിന്റെ നടപടികളെ സ്വതന്ത്രമായി ചോദ്യം ചെയ്യാൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img