
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആർ.ടി.സി. ബസ് കർണാടകയിൽ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യം. മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ ബിഡദിയിൽ രണ്ടു ജീവനക്കാരുടെ മരണത്തിനിടയാക്കിയ ബസ്സിന് നേർക്കും മുട്ടയേറുണ്ടായോ എന്ന് അന്വേഷിക്കണമെന്നാണ് പരാതി. അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി. ബസിൽ മുട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി രക്ഷാപ്രവർത്തകർ വെളിപ്പെടുത്തി. രക്ഷാപ്രവർത്തകർ പകർത്തിയ ദൃശ്യങ്ങളിലും മുട്ടയുടെ അവശിഷ്ടങ്ങളുണ്ടെന്നാണ് അവർ പറയുന്നത്.
ഓഗസ്റ്റ് എട്ടിന് ബിഡദിക്ക് സമീപമാണ് അപകടം നടന്നത്. നിയന്ത്രണംവിട്ട ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിലെ ഡ്രൈവർ കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ്, കണ്ടക്‌ടർ ചേവായൂർ സ്വദേശി അരുൺ എന്നിവരാണ് മരിച്ചത്. 20 പേർക്ക് സാരമായി പരിക്കേറ്റു. ഇതേ പാതയിലെ മറ്റൊരു കെ.എസ്.ആർ.ടി.സി. ബസിന്റെ മുൻഗ്ലാസിലേക്ക് ഇതേഭാഗത്തുവെച്ച് മുട്ടയേറുണ്ടായ പശ്ചാത്തലത്തിലാണ് സംശയം ബലപ്പെടുന്നത്.
കോഴിക്കോട്-ബെംഗളൂരു ബസ് അപകടത്തിൽപ്പെട്ട ആവരഗെരെ റെയിൽവേ മേൽപ്പാലത്തിനു സമീപംവെച്ചാണ് ബുധനാഴ്‌ച രാത്രി 9.10-ന് കാസർകോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി.യുടെ സൂപ്പർ ഡീലക്സ‌് ബസിനുനേരേ മുട്ടയേറുണ്ടായത്.
Photo Courtesy - Google










