
മണ്ഡലങ്ങളുടെ അതിർത്തിനിർണ്ണയത്തെ പറ്റി കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയ പ്രസ്താവന വിശ്വാസയോഗ്യമല്ലെന്നും അതേക്കുറിച്ച് സത്യസന്ധമായ വിശദീകരണം അദ്ദേഹം നൽകണമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. "മണ്ഡലങ്ങളുടെ അതിർത്തി പുനർ നിർണ്ണയിച്ചാൽ തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് യാതൊരു പ്രശ്നവുമുണ്ടാവില്ലെന്നാണ് അമിത് ഷാ പറയുന്നത്. അതുതന്നെ തെറ്റിദ്ധാരണ ഉളവാക്കുന്നതാണ്. ഒന്നുകിൽ അദ്ദേഹത്തിന് അതേപറ്റി ശരിയായ അറിവില്ല. അല്ലെങ്കിൽ അദ്ദേഹം ബോധപൂർവ്വമാണ് ആ നടപടിയുമായി മുന്നോട്ടുപോകുന്നത്. ജനസംഖ്യയുടെ ഏറ്റവും പുതിയ കണക്കുപ്രകാരം മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയിച്ചാൽ കർണാടകം ഉൾപ്പെടെ തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റുകളുടെ എണ്ണം കുറയുമെന്ന് തീർച്ചയാണ്" അദ്ദേഹം ആശങ്ക വ്യക്തമാക്കി. " കഴിഞ്ഞ അമ്പതുവർഷത്തിൽ ജനസംഖ്യാ നിയന്ത്രണം കർശനമാക്കിയതിനാൽ തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനന നിരക്കിൽ സാരമായ കുറവുണ്ടായിട്ടുണ്ട്. ജനസംഖ്യാ നിയന്ത്രണത്തിലൂടെയാണ് തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വികസന നേട്ടമുണ്ടാക്കാനായത്. എന്നാൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ചും ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി അതല്ല. ജനസംഖ്യാനിയന്ത്രണം കർശനമല്ലാത്തതിനാൽ അവിടങ്ങളിൽ ജനനനിരക്ക് ഉയരുകയാണ് ചെയ്തിട്ടുള്ളത്". "ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലങ്ങളുടെ അതിർത്തി പുതുക്കി നിശ്ചയിച്ചാൽ തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ എണ്ണം കുറയുമെന്നും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുമെന്നും ഉറപ്പാണ്. അതിർത്തി നിർണ്ണയവുമായി മുന്നോട്ടുപോവുകയാണെങ്കിൽ അത് 1971 ലെ സെൻസസിന്റെ അടിസ്ഥാനത്തിലായിരിക്കണം" സിദ്ധരാമയ്യ ആവശ്യപ്പെട്ടു. " പല പഠനങ്ങളും തെളിയിക്കുന്നത് പുതിയ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയിച്ചാൽ കർണ്ണാടകത്തിലെ ലോകസഭാ സീറ്റുകൾ ഇരുപത്തെട്ടിൽ നിന്ന് ഇരുപത്തിയാറായി കുറയും. ആന്ധ്രാ- തെലങ്കാന സംസ്ഥാനങ്ങളിലെ സീറ്റുകൾ 42ൽ നിന്ന് 34 ആയും തമിഴ്നാട്ടിലെ 39 സീറ്റുകൾ 31 ആയും കേരളത്തിലെ 20 സീറ്റുകൾ 12 ആയും കുറയുമ്പോൾ ഉത്തർ പ്രദേശിലെ 80 സീറ്റുകൾ 90 ആയും ബീഹാറിലെ 40 സീറ്റുകൾ 50 ആയും മധ്യ പ്രദേശിലെ 29 മണ്ഡലങ്ങൾ 33 ആയും വർധിക്കും". കർണാടക മുഖ്യമന്ത്രി വിശദീകരിച്ചു. "നരേന്ദ്രമോദി ഗവണ്മെന്റ് ഇക്കാര്യത്തിൽ കാട്ടുന്ന തിടുക്കം കാണുമ്പോൾ ബിജെപിയോട് മുഖംതിരിച്ച തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കാനുള്ള നീക്കമാണതെന്ന് കരുതിയാൽ കുറ്റപ്പെടുത്താനാവില്ല. കേന്ദ്രത്തിന്റെ ഈ ജനാധിപത്യവിരുദ്ധ നടപടി തെക്കെ ഇന്ത്യൻ ജനത ഒത്തുചേർന്ന് ചെറുക്കണം" കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ ആഹ്വാനം ചെയ്തു.
Photo Courtesy - Google











