03:39am 14 September 2026
NEWS
ഡൽഹിയിൽ കുശലകുമാരി
25/03/2026  11:38 AM IST
സുരേഷ് കുമാർ പാർളിക്കാട്
ഡൽഹിയിൽ  കുശലകുമാരി


           

'അറിഞ്ഞോ കോമളം, നമ്മുടെ കുശലകുമാരി ഡൽഹിക്ക് പോയിരിക്യാണെന്ന് ...'  
ഫോണിലൂടെ അത് പറയുമ്പോൾ മീനാക്ഷിയുടെ ഉള്ളിലെ വികാരം അസൂയയാണോ കുശുമ്പാണോ അതോ മറ്റു വല്ലതുമാണോയെന്ന് നിർണ്ണയിക്കാനാവുമായിരുന്നില്ല .
'കാവ്യകൂഷ്മാണ്ഡം' ഗ്രൂപ്പിലെ സജീവ അംഗങ്ങളാണ് ഇരുവരും. വാർത്തകേട്ട കോമളവല്ലിയുടെ ആകാംക്ഷ റോക്കറ്റ് പോലെ മേലോട്ടുയർന്നു.
'കുശലത്തിന് ഡൽഹീലെന്താ കാര്യം ?'
'ഞാൻ രഹസ്യായിട്ടറിഞ്ഞതാ, വേറെ ആരോടും പറയരുത്.'
മീനാക്ഷി ഇതേ വാചകം പറയുന്നത് ഇപ്പോൾ നാലാമത്തെ ആളിനോടാണ് .
'ഇല്ല ഞാൻ പറയില്ല, മീനാക്ഷി പറയൂ'
'കുശലത്തിന് പഴയ വസ്തുക്കളുടെ ഒരു ബിസിനസ് ഉണ്ടല്ലോ, അതിനുള്ള ചില സാധനങ്ങൾ വാങ്ങാൻ പോയതാണെന്നാണ് നാട്ടുകാരോടൊക്കെ പറഞ്ഞിരിക്കണത്, പക്ഷേ സത്യം അതല്ല.'
ആ അർദ്ധവിരാമത്തിൽ കോമളത്തിന്റെ ആകാംക്ഷ പാരമ്യത്തിലെത്തിയിരുന്നു.
'മീനാക്ഷി പറയൂ.'
'കുശലം ഇന്ത്യൻ പ്രസിഡൻറ് ക്ഷണിച്ചിട്ട് ഡൽഹീല് പോയിരിക്ക്യാണത്രേ, കുശലത്തിന്റെ ആന്റിക് കളക്ഷനെക്കുറിച്ചറിഞ്ഞ് രാഷ്ട്രപതിക്ക് നേരിൽ കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ക്ഷണിച്ചൂന്നാണ് രഹസ്യവിവരം.'
കോമളത്തിന്റെ റോക്കറ്റ്  മെല്ലെ അവരോഹണത്തിലേക്ക് കടന്നു.
'എന്താ കുശലത്തിന്റെ ഭാഗ്യം .. എന്നിട്ട് ഇതൊന്നും എവിടേം വാർത്തയായില്ലല്ലോ..'
'അത് ഔദ്യോഗിക പരിപാടി അല്ലാത്തതിനാൽ രഹസ്യാക്കി വെച്ചിരിക്കാണെന്ന്.'
ഡൽഹി കാണാൻ ഭാഗ്യം ലഭിക്കാത്ത രണ്ടുപേർ ഒരുമിച്ച് നെടുവീർപ്പിട്ടു .
കുശലകുമാരിയും കണാരേട്ടനും കൂടി, ഡൽഹിയിൽ നിന്ന് കൊണ്ടുവന്ന സാധനങ്ങൾ പെട്ടി പൊട്ടിച്ച് നോക്കുന്നതിനിടയിലാണ് കോളിങ് ബെൽ ശബ്ദിച്ചത്. വാതിൽ തുറന്നപ്പോൾ അപ്രതീക്ഷിതമായി കോമളവല്ലിയെയും മീനാക്ഷിയേയും കണ്ട കുശലകുമാരി ഒന്ന് അന്ധാളിച്ചു.
എന്താണാവോ രണ്ടും കൂടി ഒരുമിച്ച് , ആർക്ക് പണി കൊടുക്കാനാണെന്നറിയില്ല .. 
ഞാൻ എഴുതിയ കവിത മോഷ്ടിച്ച് വേറൊരു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതാണ് ഒരാൾ , മറ്റേയാളാവട്ടെ ഒരു തമിഴ് കവിത മലയാളത്തിലാക്കി സ്വന്തമാണെന്ന് പറഞ്ഞ് സമ്മാനം വാങ്ങിച്ചയാൾ ..
ആത്മഗതം പുറത്തു കാണിക്കാതെ കുശലം അതിഥികളെ സ്വീകരിച്ചിരുത്തി.
ഡൽഹിയാത്രയെക്കുറിച്ച് കുശലകുമാരി പറഞ്ഞു തുടങ്ങിയപ്പോൾ മീനാക്ഷി ഇടപെട്ടു .
' കാര്യങ്ങളൊക്കെ ഞങ്ങളറിഞ്ഞൂട്ടോ'
ഡൽഹിയാത്ര അവരിൽ നിന്ന് മറച്ചുവെച്ചതാണ് വിഷയമെന്ന് കുശലം കരുതി.
'എന്നാലും , ഇന്ത്യൻ പ്രസിഡൻറിനെക്കാണാൻ കുശലം പോണൂന്ന് പറഞ്ഞാ ഞങ്ങള് തടസ്സപ്പെടുത്തോ ?'
കോമളം അത് പറഞ്ഞപ്പോൾ ഞെട്ടിയത് കുശലമായിരുന്നു ,
 ഇവരെന്താണ് പറയുന്നത് ?
' ഞങ്ങളോട് ഒളിക്കണ്ടാ, കുശലത്തിന്റെ ബിസിനസ്സിനെക്കുറിച്ചറിഞ്ഞ് പ്രസിഡന്റ് ക്ഷണിച്ചിട്ടാണ് കുശലം ഡൽഹിക്ക് പോയതെന്ന് ഞങ്ങളറിഞ്ഞൂട്ടോ.'
ഇപ്പോൾ കുശലത്തിന് കാര്യത്തിന്റെ കിടപ്പുവശത്തെക്കുറിച്ച് ഏകദേശ ധാരണ കിട്ടി. ആരോ കൊളുത്തിവിട്ട ബ്ലണ്ടർ കേട്ട് വിശ്വസിച്ചിരിക്കുകയാണ് രണ്ടും. എന്തായാലും അവസരത്തിനൊത്തുയരാൻ കുശലം തീരുമാനിച്ചു.
'സത്യം പറയാലോ കോമളേച്ചി രാഷ്ട്രപതി ഭവനീന്ന് കർശനനിർദ്ദേശണ്ടായിരുന്നു ഈ സന്ദർശനവിവരം പുറത്തു പോവരുതെന്ന് ..ഇത് ഓഫീഷ്യൽ പരിപാടി അല്ലായിരുന്നു. മാഡം എന്റെ വെബ്‌സൈറ്റ് കണ്ട് എന്നെക്കുറിച്ചറിഞ്ഞ് വിളിപ്പിച്ചതാ ..'
എതിർ ടീമിന്റെ ഗോൾ പോസ്റ്റിലേക്ക് കുശലത്തിന്റെ ഉഗ്രൻ ഷോട്ട് .
'കുശലം , എന്നിട്ട് പ്രസിഡന്റിന്റെ കൂടെ സെൽഫിയെടുത്തോ? ''
സഹപ്രവർത്തകയുടെ വിവരമില്ലായ്മയിൽ കുശലം കുണ്ഠിതപ്പെട്ടില്ല.
'സെൽഫി .., എന്താ മീനാക്ഷിയേച്ചി ഈ പറയണത് .. മൊബൈലൊക്കെ സെക്യൂരിറ്റിക്കാര് ആദ്യം തന്നെ വാങ്ങിവെച്ചിട്ടാ നമ്മളെ അകത്തേക്ക് വിടണത് '
ഒന്നു നിർത്തി കുശലം തുടർന്നു .
'പിന്നെ പ്രസിഡൻറ് എനിക്കൊരു സമ്മാനം തന്നു'
'എന്താത് ?'
രണ്ടു ശബ്ദങ്ങൾ ഒരുമിച്ചായിരുന്നു.
കുശലം ഡൽഹിയിലെ ചോർ മാർക്കറ്റിൽ നിന്ന് 200 രൂപ കൊടുത്ത് വാങ്ങിയ ലോഹപാത്രം പെട്ടിയിൽ നിന്ന് പുറത്തെടുത്തിട്ട് പറഞ്ഞു. 
'ഇതു കണ്ടോ, പ്രസിഡൻറ് തന്നതാ ..,   ബ്രിട്ടീഷുകാരുടെ കാലത്ത്, എന്ന് പറഞ്ഞാൽ മൗണ്ട് ബാറ്റൻ ഡൽഹിയിലുണ്ടായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ എഡ്വീന മൗണ്ട് ബാറ്റൻ ചായ തിളപ്പിച്ചിരുന്ന പാത്രാണത്രേ ഇത് . ഇത് അവിടെ മ്യൂസിയത്തിൽ നിന്ന് എടുത്ത് എനിക്ക് സമ്മാനായിട്ട് തന്നതാ '
ലേഡി മൗണ്ട് ബാറ്റന്റെ ചായപ്പാത്രം ഇരുവരും ആദരവോടെ തൊട്ടു നോക്കി.
' ഒരു ഫോട്ടോ എടുക്കോ കുശലം?'
'പിന്നെന്താ..'
മീനാക്ഷിയും കോമളവല്ലിയും ചോർ മാർക്കറ്റ് ചായപ്പാത്രം കയ്യിലെടുത്ത് അതിന്റെ ഇരുവശവും നിന്ന് ഫോട്ടോയ്ക്ക് പോസു ചെയ്തു.
'എന്തായാലും കുശലത്തിന്റെ ഭാഗ്യം, ഞങ്ങളിറങ്ങട്ടെ'
'ഒരു മിനിട്ട് ചേച്ചി '
കുശലം മറ്റൊരു പെട്ടിയിൽ നിന്ന് 100 രൂപയ്ക്ക് മൂന്നെണ്ണം എന്ന വിലയിൽ വാങ്ങിയ ഷാളുകളിൽ നിന്ന് രണ്ടെണ്ണം പുറത്തെടുത്തു.
'ഇതാ ..ഇതും രാഷ്ട്രപതി ഭവനീന്ന് ഗിഫ്റ്റായിട്ട് കിട്ടിയതാ നിങ്ങള് വെച്ചോളൂ'
ഒരോന്ന് വീതം കുശലം ഇരുവർക്കുമായി നൽകി.
 രണ്ടു പേരും നിറഞ്ഞ സംതൃപ്തിയോടെ യാത്ര പറഞ്ഞിറങ്ങി. ആ പോക്ക് കുറച്ചു നേരം ആസ്വദിച്ചു നിന്ന കുശലം പിന്നെ 'രാഷ്ട്രപതി ഭവനിലെ അശോകാ ഹാളിലൂടെ ' അകത്തേക്ക് നടന്നു.

സുരേഷ് കുമാർ പാർളിക്കാട് 
    9497068967

Photo Courtesy - subhash.kalloor

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img