
ഡൽഹിയിൽ വർധിച്ചുവരുന്ന തെരുവ് നായ പ്രശ്നങ്ങൾ മനുഷ്യനിർമിതമാണെന്ന് മനേക ഗാന്ധി. എല്ലാ പ്രതിസന്ധികളെ പോലെ ഇതും ദരിദ്രരെയാണ് കൂടുതൽ ബാധിക്കുന്നതെന്നും സമ്പന്നർക്ക് തെരുവ് നായകളുടെ കടിയേൽക്കുന്നില്ലെന്നും അവർ പറഞ്ഞു. തെരുവ് നായ്ക്കളെ മാറ്റി പാർപ്പിക്കുന്നത് നായ്ക്കളുടെ കടി കൂടാൻ കാരണമാകുമെന്നും മനേക ഗാന്ധി കൂട്ടിച്ചേർത്തു. സുപ്രീം കോടതി നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ ഡൽഹി കോർപറേഷൻ പരാജയപ്പെട്ടുവെന്നും അവർ ആരോപിച്ചു.
‘‘സമ്പന്നരായ റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ തെരുവുകളിൽനിന്ന് നായ്ക്കളെ കൊണ്ടുപോകാൻ പണം നൽകുന്നു. എന്നാൽ കോർപറേഷൻ നിശബ്ദമായി അവയെ ദരിദ്രരുടെ താമസസ്ഥലത്തേക്ക് വലിച്ചെറിയുന്നു. ആരെയാണ് തെരുവുനായ കടിക്കുന്നത്? സമ്പന്നർക്ക് കടിയേൽക്കുന്നില്ല. പാവപ്പെട്ടവരും താഴ്ന്ന മധ്യവർഗക്കാരുമാണ് നായ്ക്കളുടെ കടിയേൽക്കുന്നത്. കോർപറേഷൻ ഇത് ഒരു ബിസിനസ്സാക്കി മാറ്റി. സമ്പന്നർ താമസിക്കുന്ന മേഖലകളിലെ റോഡുകളിൽ അധികം നായ്ക്കളില്ല. എന്നാൽ പാവപ്പെട്ടവർ താമസിക്കുന്നിടത്ത് നായ്ക്കൾ നിറഞ്ഞിരിക്കുന്നു.’’ – മനേക ഗാന്ധി പറഞ്ഞു.











