03:24pm 10 October 2026
NEWS
രാജ്യതലസ്ഥാനം പൊലീസ് വലയത്തിൽ; കസ്റ്റഡിയിലെടുത്തവരെ പലഭാ​ഗങ്ങളിലേക്ക് മാറ്റി
10/10/2026  01:42 PM IST
nila
രാജ്യതലസ്ഥാനം പൊലീസ് വലയത്തിൽ; കസ്റ്റഡിയിലെടുത്തവരെ പലഭാ​ഗങ്ങളിലേക്ക് മാറ്റി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം രാജ്യതലസ്ഥാനത്ത് ആഞ്ഞടിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി ഡൽഹിയിലേക്കെത്തിയ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധം കൂടുതൽ ശക്തമാകുകയാണ്. ജന്തർ മന്തറിൽ സമരം നടത്താനെത്തിയ കോക്രോച്ച് ജനതാ പാർട്ടി നേതാക്കളെ വിമാനത്താവളത്തിൽവെച്ചുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം നേതാക്കളടക്കം വിവിധ പ്രതിപക്ഷ പാർട്ടികളുടെയും യുവജന സംഘടനകളുടെയും പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തതോടെ രാജ്യതലസ്ഥാനം പ്രതിഷേധച്ചൂടിലായി.

ശനിയാഴ്ച രാവിലെ പത്തുമണിക്ക് ജന്തർ മന്തറിൽ പ്രതിഷേധം ആരംഭിക്കുമെന്നായിരുന്നു സിജെപിയുടെ പ്രഖ്യാപനം. എന്നാൽ മുംബൈയിൽനിന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക് എന്നിവരെ വിമാനത്തിനുള്ളിൽവെച്ചുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. 

അഭിജീത് ദിപ്കെയെ ഗുരുഗ്രാമിലെ പോലീസ് സ്റ്റേഷനിലേക്കും സൗരവ് ദാസിനെ ഡൽഹിയിലെ പോലീസ് സ്റ്റേഷനിലേക്കും അശുതോഷ് റാങ്കിനെ ദ്വാരകയിലെ പോലീസ് സ്റ്റേഷനിലേക്കുമാണ് കൊണ്ടുപോയതെന്നാണ് വിവരം.

അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മറ്റ് പ്രതിപക്ഷ പാർട്ടികളും യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരും മാർച്ച് നടത്തി. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഇവരിൽ ആരുടെയെങ്കിലും അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയതായി വിവരമില്ല.

കേരളത്തിൽനിന്നടക്കമുള്ള സിപിഎം നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. എം.എ. ബേബി, എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, ജോൺ ബ്രിട്ടാസ് തുടങ്ങിയ നേതാക്കളാണ് കസ്റ്റഡിയിലായത്. പ്രതിഷേധത്തിന്റെ ഭാഗമായി എത്തിയ നേതാക്കളെയും പ്രവർത്തകരെയും പോലീസ് ബലംപ്രയോഗിച്ച് നീക്കിയതായും റിപ്പോർട്ടുകളുണ്ട്.

പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പുതന്നെ നേതാക്കളെ കസ്റ്റഡിയിലെടുത്തും മാർച്ചുകളിൽ പങ്കെടുത്തവരെ തടഞ്ഞും സമരത്തെ നിയന്ത്രിക്കാനായിരുന്നു ഡൽഹി പോലീസിന്റെ നീക്കം. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിപക്ഷ പ്രതിഷേധങ്ങളും പോലീസ് നടപടികളും സംഘർഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img