09:49am 30 April 2026
NEWS
യൂത്ത് കോൺ​ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസ് സേനകൾ തമ്മിൽ നടുറോഡിൽ തർക്കം
26/02/2026  06:56 AM IST
nila
യൂത്ത് കോൺ​ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസ് സേനകൾ തമ്മിൽ നടുറോഡിൽ തർക്കം

ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തെ തുടർന്നു ഡൽഹി പൊലീസും ഷിംല പൊലീസും തമ്മിൽ  നടുറോഡിൽ രൂക്ഷമായ വാക്കുതർക്കം. വിഷയം പിന്നീട് ഒരു സംസ്ഥാനത്തെ പൊലീസ് മറ്റൊരു സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിലേക്കും എത്തി. ഡൽഹിയിൽ നടന്ന എഐ ഉച്ചകോടിക്കിടെ ഉണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് മൂന്നു യൂത്ത് കോൺഗ്രസ് നേതാക്കളെ ഷിംലയിൽ നിന്ന് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. സിവിൽ വേഷത്തിലെത്തിയ സംഘമാണ് പ്രവർത്തകരെ പിടികൂടിയത്. ഇവരെ ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവങ്ങൾ നാടകീയമായ വഴിത്തിരിവിലെത്തിയത്.

ഷിംലയ്ക്കും സോളനും ഇടയിലുള്ള ഷോഗി ബാരിയറിന് സമീപത്ത് ഹിമാചൽ പൊലീസ് ഡൽഹി സംഘത്തെ തടയുകയായിരുന്നു. ട്രാൻസ്മിറ്റ് റിമാൻഡ് വാങ്ങാതെ പ്രതികളെ മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകാൻ നിയമപരമായി സാധിക്കില്ലെന്ന് ഷിംല പൊലീസ് നിലപാടെടുത്തു. എന്നാൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തരുതെന്ന് ഡൽഹി പൊലീസ് ആവശ്യപ്പെട്ടു. ഇതോടെ നടുറോഡിൽ വച്ച് തന്നെ ഇരുസംഘങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിസോർട്ടിൽ നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയെന്നാണ് ഷിംല പൊലീസിന്റെ ആരോപണം. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഷിംല ജില്ലയിലെ റോഹ്രു മേഖലയിലെ ഒരു റിസോർട്ടിൽ 15–20 പേർ എത്തിയാണു മൂന്നു പേരെയും കസ്റ്റഡിയിലെടുത്തതെന്നും, സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ സംഘം കൈക്കലാക്കിയതായും ഷിംല പൊലീസ് സൂപ്രണ്ട് ഗൗരവ് സിങ് അറിയിച്ചു.

അതേസമയം, ഹിമാചൽ പൊലീസ് 20ലധികം ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെ താൽക്കാലികമായി കസ്റ്റഡിയിലെടുത്തുവെന്ന വിവരവും പുറത്തുവന്നു. ഇവരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരോടൊപ്പം കോടതിയിൽ ഹാജരാക്കിയതായാണ് ഡൽഹി പൊലീസ് വൃത്തങ്ങൾ പറയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന എഐ ഉച്ചകോടിക്കിടെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് ഇന്ത്യ–യുഎസ് വ്യാപാര കരാറിനെതിരെയായിരുന്നു പ്രതിഷേധം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img